കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം തുടരാമെന്നു ഹൈക്കോടതി. സ്റ്റേ ചെയ്യണമെന്ന ഇഡിയുടെ ആവശ്യം അംഗീകരിച്ചില്ല. ഇഡി ഉദ്യോഗസ്ഥരുടെ അറസ്റ്റ് പാടില്ലെന്നും കോടതി നിർദ്ദേശിച്ചു. 

മുഖ്യമന്ത്രിക്കെതിരെ വ്യാജ മൊഴി നൽകാൻ ഇ.ഡി സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന് മേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് കേസിലാണ് കോടതി നിർദ്ദേശം.

കസ്റ്റംസ് ഉദ്യോഗസ്ഥനെ വിളിപ്പിച്ചുവെന്ന ഇ.ഡി വാദം ഹൈക്കോടതിയിൽ സർക്കാർ തള്ളി. ഒരു ഉദ്യോഗസ്ഥനേയും വിളിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഏപ്രിൽ എട്ടിന് കേസ് വീണ്ടും പരിഗണിക്കും. ഇ.ഡിക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയിൽ ഹാജരായി.

ഉദ്യോഗസ്ഥർക്കെതിരായ ക്രൈംബ്രാഞ്ച് എഫ്ഐആർ അസംബന്ധമണെന്ന് ഇഡി ഹൈക്കോടതിയിൽ വാദിച്ചു. ഇഡിക്കെതിരായ കേസ് നിയമപരമായി നിലനിൽക്കില്ലെന്നും അത് അനുവദിച്ചാൽ നിയമവ്യവസ്ഥ തകരുമെന്നുമായിരുന്നു വാദം.

തെളിവുകൾ നശിപ്പിക്കാനാണ് ക്രൈംബ്രാഞ്ച് ശ്രമമെന്നും ഇഡി ആരോപിച്ചു. സ്വപ്നയുടെ മൊഴിയും ക്രൈംബ്രാഞ്ച് എഫ്ഐആറും പരസ്പര വിരുദ്ധമാണ്. മൊഴിക്കായി സമ്മർദം ചെലുത്തിയോ എന്ന് പരിശോധിക്കേണ്ടത് കോടതിയാണെന്നും ഇഡി ഹൈക്കോടതിയിൽ പറഞ്ഞിരുന്നു. 

ഗൂഢാലോചന ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ്   ക്രൈംബ്രാഞ്ച്  കേസെടുത്തിരിക്കുന്നത്. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. 

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ പുതിയ കേസ് കൂടി രജിസ്റ്റർ ചെയ്യാനുള്ള പൊലീസ് ആസ്ഥാനത്തെ നിർദ്ദേശം ക്രൈംബ്രാഞ്ച് ഒന്നിലൊതുക്കിയിരുന്നു. കേസ് എടുത്ത കേരള പൊലീസ് ഉന്നതർക്കെതിരെ ഇഡി തിരിച്ചും കേസെടുക്കാൻ ഒരുങ്ങുന്നതായി പൊലീസ് തലപ്പത്തു വിവരം ലഭിച്ചതോടെയാണ് പുതിയ കേസെടുക്കാനുള്ള ഉത്തരവിൽ ഒപ്പിടുന്നത് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഒഴിവാക്കിയത്. കേന്ദ്രത്തിന്റെ നീക്കം മണത്തറിഞ്ഞ ഡിജിപി തലയൂരാൻ നോക്കിയെന്നാണു ക്രൈംബ്രാഞ്ച് കരുതുന്നത്.

ഡിജിപിക്കു പകരം പൊലീസ് ആസ്ഥാനത്തെ 2 മിനിസ്റ്റീരിയൽ ജീവനക്കാരാണു കേസ് എടുക്കാനുള്ള കത്തിൽ ഒപ്പിട്ടത്.

മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സ്വപ്നയെ ഭീഷണിപ്പെടുത്തിയെന്ന വനിതാ പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇഡിക്കെതിരെ ആദ്യ കേസ് എടുത്തത്. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി ഉദ്യോഗസ്ഥർ പീഡിപ്പിക്കുന്നതായി സ്വർണക്കടത്തു കേസ് പ്രതി സന്ദീപ് നായർ ജയിലിൽ നിന്നു കത്തെഴുതിയിരുന്നു. അതിനു പിന്നാലെ ഇഡിക്കെതിരെ കണ്ണൂർ സ്വദേശി മറ്റൊരു പരാതി നൽകി. 

ഈ 2 പരാതികളിലും പ്രാഥമിക അന്വേഷണം നടത്തിയില്ല. പകരം പുതിയ കേസ് എടുക്കാനായിരുന്നു സർക്കാർ നിർദ്ദേശം. ഡിജിപി നിയമോപദേശം തേടിയപ്പോൾ കേസെടുക്കാം എന്നായിരുന്നു പ്രോസിക്യൂഷൻ ഡയറക്ടർ ജനറലിന്റെ മറുപടി. തുടർന്ന് അഭിഭാഷകനെ വരുത്തി വിശദ മൊഴിയെടുത്തു. ഓരോ പരാതിയിലും ഓരോ കേസ് എടുക്കാൻ തീരുമാനിച്ചു.

പൊലീസ് ആസ്ഥാനത്തു ഡിജിപിയുടെ ഫയലുകൾ മാത്രം കൈകാര്യം ചെയ്യുന്ന രഹസ്യ വിഭാഗമായ ടി സെക്ഷനിലെ 2 ജൂനിയർ സൂപ്രണ്ടുമാർ പരാതികളിൽ ഒപ്പിട്ടു ക്രൈംബ്രാഞ്ചിനു കൈമാറി. ഓരോ പുതിയ കേസ് കൂടി എടുക്കാനായിരുന്നു നിർദ്ദേശം. എന്നാൽ ഡിജിപി ഒപ്പിടാത്തതു ക്രൈംബ്രാഞ്ച് ഉന്നതരുടെ ശ്രദ്ധയിൽപെട്ടു. മാത്രമല്ല, തന്റെ അനുമതിയില്ലാതെ ക്രൈംബ്രാഞ്ച് ഒരു കേസും എടുക്കാൻ പാടില്ലെന്നു ബെഹ്‌റ ഈയിടെ ഉത്തരവു നൽകിയിരുന്നു.

അപകടം മണത്ത ക്രൈംബ്രാഞ്ച് മേധാവി കണ്ണൂർ സ്വദേശിയുടെ പരാതിയിൽ പുതിയ കേസ് വേണ്ടെന്നു വച്ചു. പകരം ആദ്യ കേസ് അന്വേഷിക്കുന്ന സംഘം ഇതും അന്വേഷിക്കാൻ നിർദ്ദേശിച്ചു. സന്ദീപ് നായരുടെ പരാതിയിൽ പുതിയ കേസ് രജിസ്റ്റർ ചെയ്തു. ഇതോടെ ഫയൽ കണ്ടതായി ഡിജിപി രേഖപ്പെടുത്തി.

അതേസമയം, വ്യാജ കേസ് എടുത്ത പൊലീസുകാർ അടക്കമുള്ളവർക്കെതിരെ ബദൽ കേസ് എടുക്കാനുള്ള നീക്കത്തിലാണ് ഇഡി. ഇടപാടിൽ ദൂതനായി നിന്ന പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷൻ നേതാവ്, വനിതാ പൊലീസിന്റെ മൊഴിയെടുത്ത സൈബർ സെൽ എസ്‌പി, സ്വപ്നയ്ക്കു ജാമ്യം ഉറപ്പു നൽകിയ ജയിൽ ഉദ്യോഗസ്ഥൻ, ഗൂഢാലോചനയിൽ പങ്കാളികളായ ക്രൈംബ്രാഞ്ച് ഉന്നതർ എന്നിവർ ഇഡി എടുക്കുന്ന കേസിൽ ഉൾപ്പെടുമോയെന്ന ആശങ്ക പൊലീസ് ഉന്നതർക്കുണ്ട്. വോട്ടെടുപ്പിനു ശേഷമാകും ഇഡിയുടെ പുതിയ നീക്കങ്ങൾ.

സർക്കാർ പറഞ്ഞതു ചെയ്‌തെന്നല്ലാതെ ഇഡിക്കെതിരെ കേസ് എടുക്കാൻ പാടില്ലെന്നായിരുന്നു തന്റെ നിലപാടെന്നു കേന്ദ്രത്തിലെ ഉന്നതരെ ഡിജിപി അറിയിച്ചതായാണു വിവരം. മാത്രമല്ല, ആദ്യ കേസ് എടുക്കുമ്പോൾ അദ്ദേഹം ഡൽഹിയിലായിരുന്നു. ഇതു രജിസ്റ്റർ ചെയ്യുന്നതു വൈകിപ്പിക്കാനും നിർദ്ദേശിച്ചു. സിബിഐ ഡയറക്ടർ നിയമനത്തിനായി എംപാനൽ ചെയ്യപ്പെട്ട ഡിജിപിമാരുടെ പട്ടികയിൽ ബെഹ്‌റയുമുണ്ട്.