കൊച്ചി: സംസ്ഥാനത്ത് 2011 മുതൽ 2022 ഫെബ്രുവരി 5 വരെ 100 കോടി രൂപയിലധികം നിക്ഷേപം നടത്തിയത് നാലു സ്ഥാപനങ്ങൾ മാത്രമെന്ന് വിവരാവകാശ രേഖ. കെ.എസ്‌ഐ.ഡി.സിയുടെ സഹായത്തോടെ ആരംഭിച്ച പദ്ധതികളുടെ കണക്കാണ് ഇത്. കേരളത്തിൽ വലിയ തോതിൽ വ്യവസായ നിക്ഷേപം എത്തുന്നുവെന്നാണ് മുഖ്യമന്ത്രി പിണറായി വിജയൻ അവകാശപ്പെടുന്നത്. ഇതിനിടെയാണ് പുതിയ കണക്കുകൾ പുറത്തു വരുന്നത്.

കൊച്ചി സ്വദേശിയായ വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരിക്ക് കെ.എസ്‌ഐ.ഡി.സി നൽകിയ മറുപടിയിലാണ് ഈ വിവരങ്ങൾ ഉള്ളത്. അതേസമയം, എട്ടു മെഗാ സംരംഭങ്ങൾ (12,375 കോടിയുടെ മുതൽമുടക്കുള്ള) കേരള സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിന്റെ അനുമതിക്കായി കാത്തുനിൽക്കുന്നു. പദ്ധതികൾ കാലതാമസം നേരിടുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് നെൽപ്പാടം, തണ്ണീർത്തടം ഭൂമി തരംമാറ്റമാണ്.

കേരളം വ്യവസായ സൗഹാർദ്ദമാണെന്ന് പറയുമ്പോളും കാര്യമായ നിക്ഷേപം വരുന്നില്ല. മാത്രമല്ല, കോടികൾ മുതൽമുടക്കുള്ള പദ്ധതികൾക്ക് അനുമതി നീളുന്ന സ്ഥിതിവിശേഷമാണ്. നിക്ഷേപക സംഗമങ്ങൾക്ക് പകരം വ്യവസായികൾക്ക് സംരംഭങ്ങൾ നടത്താനുള്ള സാഹചര്യമാണ് സംസ്ഥാന സർക്കാർ അടിയന്തരമായി ഒരുക്കേണ്ടത് ഗോവിന്ദൻ നമ്പൂതിരി ചൂണ്ടിക്കാട്ടി.

100 കോടി: നിക്ഷേപം നടത്തിയവർ

* കെഎം ചെറിയാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്
* ജോയ്സ് ബീച്ച് റിസോർട്ട്
* എസ്‌പി ഹൈടെക്
* യാന്‌സ് ഹെൽത്ത്‌കെയർ

അതേസമയം എട്ടു മെഗസ്സംരംഭങ്ങൾ (ആകെ 12,375 കോടിയുടെ മുതൽമുടക്കുള്ള) കേരള സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡിന്റെ അനുമതിക്കായി കാത്തുനിൽക്കുന്നുണ്ട്. വിഴിഞ്ഞം തുറമുഖം (7525 കോടി), തിരുവനന്തപുരത്ത് ഒരു മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രി (600 കോടി), ഒരു സ്റ്റാർ ഹോട്ടൽ (600 കോടി), തൃശ്ശൂരിൽ ഐ.ടി. പാർക്ക് (1200 കോടി), കോഴിക്കോട്ട് ഷോപ്പിങ് മാൾ (250 കോടി), കോട്ടയം ജില്ലയിൽ കൺവെൻഷൻ സെന്റർ (100 കോടി), ഹോട്ടലും കൺവെൻഷൻ സെന്ററും (1500 കോടി), പത്തനംതിട്ട ജില്ലയിൽ മൾട്ടിസ്പെഷ്യാലിറ്റി ആശുപത്രി (600 കോടി) എന്നിവയാണ് അനുമതിക്കായി കാക്കുന്നത്.

നെൽപ്പാടം, തണ്ണീർത്തടം ഭൂമി തരംമാറ്റം അടക്കമുള്ള കാരണങ്ങളാണ് അനുമതി വൈകാൻ കാരണമായി പറയുന്നത്. വിഴിഞ്ഞം തുറമുഖത്തിന്റെ വെയർഹൗസ് പദ്ധതിക്കാണ് അനുമതി നൽകാനുള്ളത്. ഇതിന് ഭൂമി തരംതിരിവാണ് പ്രശ്‌നമാകുന്നത്.