ലാഹോർ: മുൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ടീം നായകൻ ഇൻസമാം ഉൾ ഹഖിനെ ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതമുണ്ടായത്. തുടർന്ന് ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. വിഖ്യാത ഹൃദ്രോഗവിദഗ്ദ്ധൻ പ്രൊഫ. അബ്ബാസ് കാസിമാണ് ആൻജിയോപ്ലാസ്റ്റി നടത്തിയത്.

ഇൻസമാം കഴിഞ്ഞ ഏതാനും ദിവസങ്ങളായി നെഞ്ചുവേദനയുണ്ടെന്ന് പറഞ്ഞിരുന്നതായി ക്രിക്കറ്റ് പാക്കിസ്ഥാൻ അറിയിച്ചു. നേരത്തെ പരിശോധന നടത്തിയെങ്കിലും കാര്യമായ പ്രശ്നമൊന്നും കണ്ടത്താൻ കഴിഞ്ഞിരുന്നില്ല. തിങ്കളാഴ്ച രാത്രി നെഞ്ചുവേദന കടുക്കുകയും ശ്വാസതടസ്സം രൂക്ഷമാവുകയും ചെയ്തതോടെയാണ് ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയത്.

ഇൻസമാം ആശുപത്രിയിൽ സുഖം പ്രാപിച്ചുവരികയാണെന്ന് അദ്ദേഹത്തിന്റെ ഏജന്റ് അറിയിച്ചു.

പാക്കിസ്ഥാനുവേണ്ടി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാണ് അമ്പത്തിയൊന്നുകാരനായ ഇൻസ്മാം. 375 ഏകദിനങ്ങളിൽ നിന്ന് 11701 ഉം 119 ടെസ്റ്റിൽ നിന്നും 8829 റൺസുമാണ് സമ്പാദ്യം. മൂന്ന് വർഷം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ മുഖ്യ സെലക്റായും സേവനമനുഷ്ഠിച്ചിരുന്നു. 2016 ടിട്വന്റി ലോകകപ്പിൽ അഫ്ഗാനിസ്താൻ ടീമിനെ പരിശീലിപ്പിച്ചിരുന്നു.