ഫോണിൽ സ്‌പേസ് ഇല്ലാതാകുന്ന പ്രശ്‌നം നേരിടാത്ത ഉപഭോക്താക്കൾ ഉണ്ടാകില്ല. എത്ര കപ്പാസിറ്റിയുള്ള ഫോണിലായാലും ഈ പ്രശ്‌നം ഒരുതവണയെങ്കിലും ഉണ്ടായിട്ടുണ്ടാകും. മെസ്സേജുകളും വീഡിയോകളും ഫോട്ടോകളും എത്ര പ്രിയപ്പെട്ടതാണെങ്കിലും ഗത്യന്തരമില്ലാതെ ഡിലീറ്റ് ചെയ്യേണ്ട സാഹചര്യമാകും അപ്പോഴുണ്ടാകുക.

എന്നാൽ, ഇങ്ങനെ ഫയലുകളും ആപ്പുകളും ഡിലീറ്റ് ചെയ്യാതെ നിങ്ങളുടെ ഐഫോണിന്റെ സ്‌പേസ് നിലനിർത്താൻ ചില പൊടിക്കൈകളുണ്ട്. എന്നാൽ, ഒരു ജിബിയിൽത്താഴെമാത്രം സ്‌പേസ് ശേഷിക്കുന്നുണ്ടെങ്കിലേ ഈ പൊടിക്കൈ പ്രവർത്തിക്കൂ എന്നൊരു പരിമിതിയുണ്ട്.

ഐ ട്യൂൺ സ്റ്റോറിൽനിന്ന് ഒരു സിനിമ വാടകയ്ക്ക് എടുക്കുന്നതുൾപ്പെടെയുള്ള പ്രവർത്തനമാണിത്. ഈ സിനിമ റെന്റ് ചെയ്യുന്നതിന് പ്രത്യേകിച്ച് തുക കൊടുക്കേണ്ടിവരില്ല. ഒമ്പത് ജിബിയോളം വരുന്ന ഏതെങ്കിലും എച്ച്ഡി സിനിമയാണ് ഐ ട്യൂൺസിൽനിന്ന് റെന്റ് ചെയ്യേണ്ടത്.

റെന്റ് ബട്ടണിൽ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങളുടെ ഫോണിൽ മതിയായ സ്‌പേസ് ഇല്ലെന്ന സന്ദേശം നിങ്ങൾക്ക് ലഭിക്കും. ഒകെ അല്ലെങ്കിൽ സെറ്റിങ്‌സ് ക്ലിക്ക് ചെയ്യാനാകും പറയുക. സെറ്റിങ്‌സ് സെലക്ട് ചെയ്യുക. സെറ്റിങ്‌സിൽ പോയി ജനറൽ>സ്‌റ്റോറേജ് ആൻഡ് ഐക്ലൗഡ് യൂസേജിൽ എത്തുക.

ഇങ്ങനെ ചെയ്യുന്നതിനിട ഫോൺ തനിയെ നിരവധി കുക്കീസ്, കാഷെ, ഹിസ്റ്ററി ഫയലുകൾ ഡിലീറ്റ് ചെയ്ത് സ്വയം സ്‌പേസ് കൂട്ടിയിട്ടുണ്ടാകും. നമുക്കാവശ്യമില്ലാത്ത ഫയലുകളാകും ഇത്തരത്തിൽ ഒഴിവാക്കപ്പെടുക. സ്‌പേസ് ഇല്ലെന്ന് വ്യക്തമാകുന്നതോടെയാണ് ഫോൺ ഈ സംവിധാനം സ്വയം പ്രവർത്തിപ്പിക്കുക. 

ഇതേ സിനിമ ഒന്നിലേറെ തവണ റെന്റ് ചെയ്യാൻ ശ്രമിക്കുന്നത് കൂടുതൽ സ്‌പേസ് ഉണ്ടാക്കാൻ സഹായിക്കും. 800 എംബി സ്‌പേസ് മാത്രമുണ്ടായിരുന്ന ഒരാൾക്ക് ഈ തരത്തിൽ ശ്രമിച്ചിട്ട് ഫോണിൽ 4.9 ജിബി നേടാനായതായി ഉപയോക്താക്കൾ തന്നെ പറയുന്നു. റെഡിറ്റിലാണ് ഐ പൊടിക്കൈ പോസ്റ്റ് ചെയ്തിട്ടുള്ളത്.