ചെന്നൈ: ഡൽഹി ക്യാപിറ്റൽസിന്റെ സ്പിന്നർ ആർ.അശ്വിൻ ഐ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കും. അശ്വിൻ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

കുടുംബാഗങ്ങൾക്ക് കോവിഡ് ബാധിച്ച സാഹചര്യത്തിലാണ് താരത്തിന്റെ തീരുമാനം. കുടുംബം കോവിഡിനെതിരായ പോരാട്ടത്തിലാണെന്നും ഈ പ്രതിസന്ധി ഘട്ടത്തിൽ അവരെ പിന്തുണയ്ക്കാനാണ് തീരുമാനമെന്നും ട്വീറ്റിൽ അശ്വിൻ പറയുന്നു. കാര്യങ്ങളെല്ലാം നല്ല രീതിയിലാകുകയാണെങ്കിൽ താൻ തിരികെ വരുമെന്നും അശ്വിൻ വ്യക്തമാക്കുന്നു.

ഐപിഎൽ ഈ സീസണിൽ ഡൽഹി ക്യാപിറ്റൽസിന്റെ പ്രധാന ബൗളർമാരിൽ ഒരാളാണ് അശ്വിൻ. കഴിഞ്ഞ ദിവസം നടന്ന സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലും അശ്വിൻ കളിച്ചിരുന്നു. സൂപ്പർ ഓവറിലേക്ക് നീണ്ട മത്സരത്തിൽ ഡൽഹി വിജയിച്ചു. ഇതിനുശേഷമാണ് ഐ.പി.എല്ലിൽ നിന്ന് വിട്ടുനിൽക്കുന്ന കാര്യം അശ്വിൻ വ്യക്തമാക്കിയത്.