മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരേ രാജസ്ഥാൻ റോയൽസ് അവിസ്മരണീയ ജയം സ്വന്തമാക്കിയതിന് പിന്നാലെ 'സിംഗിൾ വിവാദം' വീണ്ടും കത്തുകയാണ്. തകർപ്പൻ പ്രകടനത്തിലൂടെ ക്രിസ് മോറിസ് രാജസ്ഥാനെ വിജയത്തിലെത്തിച്ചതോടെയാണ് ആദ്യ മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു മോറിസിന് സിംഗിൾ നിഷേധിച്ച സംഭവം വീണ്ടും ചർച്ചയാകുന്നത്.

ഒരു ഘട്ടത്തിൽ അഞ്ച് വിക്കറ്റിന് 42 റൺസ് എന്ന നിലയിൽ തകർന്ന രാജസ്ഥാൻ തോൽവി ഉറപ്പിച്ച ഘട്ടത്തിലാണ് ഡേവിഡ് മില്ലറും ക്രിസ് മോറിസും ടീമിന്റെ രക്ഷകരായി മാറിയത്. അർദ്ധ സെഞ്ചുറിയുമായി മില്ലർ ടീമിനെ തകർച്ചയിൽ നിന്നും കരകയറ്റിയപ്പോൾ 18 പന്തിൽ നിന്ന് നാലു സിക്‌സറടക്കം പുറത്താവാതെ 36 റൺസെടുത്ത മോറിസ് രാജസ്ഥാന് നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു.

അവസാന രണ്ട് ഓവറിൽ മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ രാജസ്ഥാന് വിജയത്തിലേക്ക് വേണ്ടിയിരുന്നത് 27 റൺസാണ്. കഗീസോ റബാദയുടെ 19ാം ഓവറിലും ടോം കറന്റെ 20ാം ഓവറിലുമായി രണ്ടു വീതം സിക്‌സറുകൾ പറത്തിയാണ് മോറിസ് രാജസ്ഥാനെ വിജയത്തിലെത്തിച്ചത്. രണ്ടു പന്തും മൂന്നു വിക്കറ്റും ബാക്കിനിൽക്കെയായിരുന്നു ഇത്.

ഇതോടെ ഡൽഹിക്കെതിരായ മത്സര ശേഷം പഞ്ചാബിനെതിരേ മോറിസിന് സ്ട്രൈക്ക് നിഷേധിച്ചതിനെ കുറിച്ച് സഞ്ജുവിനോട് ചോദ്യമുയർന്നു. മോറിസ് തന്റെ ഫിനിഷിങ് മികവ് ഡൽഹിക്കെതിരായ മത്സരത്തിലൂടെ തെളിയിച്ചെങ്കിലും അന്ന് സിംഗിളെടുക്കാൻ വിസമ്മതിച്ച അതേ തീരുമാനത്തിൽ താൻ ഉറച്ചു നിൽക്കുന്നതായി സഞ്ജു വ്യക്തമാക്കി.

ഇതിന് ഇനിയും ഒരു 100 തവണ കളിച്ചാലും ആ സിംഗിൾ എടുക്കാൻ ശ്രമിക്കില്ലെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. പഞ്ചാബിനെതിരായ മത്സര ശേഷം സഞ്ജു മോറിസിന് സ്ട്രൈക്ക് നൽകിയിരുന്നെങ്കിൽ രാജസ്ഥാന് ജയിക്കാൻ സാധിക്കുമായിരുന്നുവെന്നും സഞ്ജുവിന്റെ തീരുമാനമായിരുന്നു ശരി എന്നുമുള്ള രണ്ട് വാദങ്ങൾ ഉയർന്നിരുന്നു. ഇത്തരം ചർച്ചകൾക്കാണ് തന്റെ ഉറച്ച നിലപാടിലൂടെ സഞ്ജു മറുപടി നൽകിയത്.

നായകന്റെ തീരുമാനം ശരിവയ്ക്കുന്ന രീതിയിലാണ് ക്രിസ് മോറിസും വിഷയത്തിൽ പ്രതികരിച്ചത്. പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ സഞ്ജുവിന്റെ അന്നത്തെ ഫോമിൽ എന്തു വിലകൊടുത്തും തിരിച്ചോടാൻ താൻ തയാറായിരുന്നുവെന്ന് മോറിസ് വെളിപ്പെടുത്തി.

രണ്ടാം മത്സരത്തിൽ തന്റെ ഫിനിഷിങ് മികവ് പുറത്തെടുത്തതിന് പിന്നാലെയാണ് പഞ്ചാബ് കിങ്‌സിനെതിരായ മത്സരത്തിൽ ക്യാപ്റ്റൻ സഞ്ജു സാംസൺ സ്‌ട്രൈക്ക് നിഷേധിച്ചതിനെക്കുറിച്ച് മോറിസിനോട് അവതാരകൻ ചോദിച്ചത്. അന്ന് മോറിസ് സിംഗിളിനായി ഓടി ക്രീസിന് തൊട്ടടുത്തെത്തിയെങ്കിലും സഞ്ജു താരത്തെ മടക്കി അയയ്ക്കുകയായിരുന്നു. നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ തിരിച്ചെത്തിയ മോറിസിന്റെ മുഖഭാവം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. മാത്രമല്ല, അവസാന പന്തിൽ സിക്‌സറിനുള്ള ശ്രമം പാളി സഞ്ജു പുറത്തായതോടെ രാജസ്ഥാൻ മത്സരം തോൽക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് നിഷേധിച്ച സിംഗിളിനെക്കുറിച്ച് മോറിസിനു മുന്നിൽ ചോദ്യമുയർന്നത്.

'അന്നത്തെ സഞ്ജുവിന്റെ ഫോം വച്ച് എന്തൊക്കെ സംഭവിച്ചാലും ഞാൻ തിരികെ ക്രീസിലേക്ക് ഓടാൻ തയാറായിരുന്നു. സ്വപ്നതുല്യമായ രീതിയിലാണ് അന്ന് സഞ്ജു തകർത്തടിച്ചത്. അന്ന് അവസാന പന്തിൽ സഞ്ജുവിന് സിക്‌സർ നേടാൻ കഴിഞ്ഞിരുന്നെങ്കിൽ കുറച്ചുകൂടി സന്തോഷമാകുമായിരുന്നുവെന്ന് മാത്രം' ക്യാപ്റ്റനെ പിന്തുണച്ച് മോറിസ് പ്രതികരിച്ചു.

പഞ്ചാബ് കിങ്‌സിനെതിരെ അവസാന ഓവറിലേക്ക് കളി നീണ്ടപ്പോൾ ക്രീസിൽ ഉണ്ടായിരുന്നത് സെഞ്ചുറി പൂർത്തിയാക്കിയ സഞ്ജുവും ക്രിസ് മോറിസും ആയിരുന്നു. രണ്ടു പന്തുകളിൽ അഞ്ച് റൺസ് നേടിയാൽ രാജസ്ഥാന് ജയിക്കാവുന്ന സാഹചര്യം.

ആ സമയത്താണ് സഞ്ജു ഒരു സിംഗിൾ നിഷേധിച്ചത്. റൺസിനുവേണ്ടി ഓടിയ മോറിസിനെ സഞ്ജു നോൺ സ്‌ട്രൈക്കർ എൻഡിലേക്ക് തിരിച്ചയച്ചു. ഇതോടെ അവസാന പന്തിൽ സിക്‌സർ നിർബന്ധമായി. അത് നേടുന്നതിൽ സഞ്ജു പരാജയപ്പെടുകയും പഞ്ചാബ് നാലു റൺസിന് വിജയിക്കുകയും ചെയ്തു. പിന്നാലെ മോറിസിന് സ്‌ട്രൈക്ക് നൽകാതിരുന്ന സഞ്ജുവിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്.