മുംബൈ: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യു.എ.ഇയിൽ നടക്കും. ബി.സി.സിഐ. പ്രത്യേക യോഗത്തിന് ശേഷം ചെയർമാൻ രാജീവ് ശുക്ലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിലായാണ് ശേഷിക്കുന്ന 31 മത്സരങ്ങൾ നടക്കുക.

ആ സമയത്ത് ഇന്ത്യയിൽ മോശം കാലാവസ്ഥ ആയിരിക്കുമെന്നുംകോവിഡ് കേസുകൾ കൂടുതലായിരിക്കുമെന്നും അതിനാൽ യു.എ.ഇയിലേക്ക് ടൂർണമെന്റ് മാറ്റുകയാണെന്നും ബി.സി.സിഐ. വ്യക്തമാക്കി. കഴിഞ്ഞ ഐ.പി.എൽ. സീസണിനും വേദിയായത് യു.എ.ഇ. ആയിരുന്നു.

സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയാകും മത്സരങ്ങൾ നടക്കുക. ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ഐ.പി.എൽ. തുടങ്ങാനാണ് ബി.സി.സിഐയുടെ പദ്ധതി. ഓഗസ്റ്റ് നാലിനാണ് ആദ്യ ടെസ്റ്റ് മത്സരം തുടങ്ങുന്നത്. മൂന്നാമത്തെ ടെസ്റ്റിനും നാലാമത്തെ ടെസ്റ്റിനും ഇടയിൽ ഒമ്പത് ദിവസത്തെ ഇടവേളയുണ്ട്.

ഇതു നാല് ദിവസമായി കുറച്ചാൽ ബി.സി.സിഐയ്ക്ക് അഞ്ച് ദിവസം അധികം ലഭിക്കും. അഞ്ചു ടെസ്റ്റുകൾക്കായി നീക്കിവെച്ചിരിക്കുന്ന 41 ദിവസത്തെ വിൻഡോയിൽ മാറ്റം വരുത്തണം എന്ന ആവശ്യം ഔദ്യോഗികമായി ബി.സി.സിഐ. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിനോട് ആവശ്യപ്പെട്ടിട്ടില്ല.

നിലവിൽ ബി.സി.സിഐയുടെ മുമ്പിൽ 30 ദിവസങ്ങളുണ്ട്. ഇന്ത്യ, ഇംഗ്ലണ്ട് ടീമുകൾക്ക് യു.എ.ഇയിലേക്ക് എത്തേണ്ടതുണ്ട്. അഞ്ച് ദിവസം നോക്കൗട്ട് മത്സരങ്ങൾക്കായും മാറ്റിവെയ്ക്കണം. ഇതോടെ 24 ദിവസത്തിൽ ബി.സി.സിഐയ്ക്ക് 27 മത്സരങ്ങൾ നടത്താൻ കഴിയും. ശനിയും ഞായറും രണ്ട് മത്സരങ്ങൾ വീതം സംഘടിപ്പിക്കേണ്ടതായും വരും.