ചെന്നൈ: മുംബൈ ഇന്ത്യൻസിന്റെ കരുത്തുറ്റ ബാറ്റിങ് നിരയെ 131 റൺസിൽ എറിഞ്ഞൊതുക്കിയ ബൗളർമാരുടെയും കരുതലോടെ ബാറ്റുവീശിയ നായകൻ കെ എൽ രാഹുലിന്റെയും ക്രിസ് ഗെയ്‌ലിന്റെയും ബാറ്റിങ് മികവിൽ പഞ്ചാബ് കിങ്‌സിന് തകർപ്പൻ ജയം.

സ്പിൻ ബൗളർമാരെ അകമഴിഞ്ഞ് പിന്തുണച്ച ചെപ്പോക്കിലെ പിച്ചിൽ ഒൻപതു വിക്കറ്റിനാണ് പഞ്ചാബ് മുംബൈയെ വീഴ്‌ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ നേടിയത് ആറു വിക്കറ്റ് നഷ്ടത്തിൽ 131 റൺസ്. 14 പന്തും ഒൻപതു വിക്കറ്റും ബാക്കിനിർത്തി പഞ്ചാബ് അനായാസം വിജയത്തിലെത്തി. സീസണിൽ മുംബൈയുടെ മൂന്നാം തോൽവിയാണിത്.



രണ്ടാം വിക്കറ്റിൽ ഒന്നിച്ച കെ.എൽ രാഹുൽ - ക്രിസ് ഗെയ്ൽ സഖ്യമാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. ഇരുവരും ചേർന്ന് 79 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി.

അർധ സെഞ്ചുറി നേടിയ രാഹുൽ 52 പന്തുകൾ നേരിട്ട് മൂന്ന് വീതം സിക്സും ഫോറുമടക്കം 60 റൺസോടെ പുറത്താകാതെ നിന്നു.

ക്രിസ് ഗെയ്ൽ 35 പന്തിൽ നിന്ന് രണ്ടു സിക്സും അഞ്ചു ഫോറുമടക്കം 43 റൺസെടുത്തു. 25 റൺസെടുത്ത മായങ്ക് അഗർവാളിന്റെ വിക്കറ്റാണ് പഞ്ചാബിന് നഷ്ടമായത്.

132 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബിനായി രണ്ട് അർധസെഞ്ചുറി കൂട്ടുകെട്ടുകൾ തീർത്താണ് ക്യാപ്റ്റൻ രാഹുൽ വിജയവഴി തെളിച്ചത്. ഓപ്പണിങ് വിക്കറ്റിൽ അഗർവാളിനൊപ്പം 44 പന്തിൽ 53 റൺസ് കൂട്ടിച്ചേർത്ത് മികച്ച തുടക്കമിട്ട രാഹുൽ, പിരിയാത്ത രണ്ടാം വിക്കറ്റിൽ ക്രിസ് ഗെയ്‌ലിനൊപ്പം 62 പന്തിൽ 69 റൺസും കൂട്ടിച്ചേർത്തു. ലൊകേഷ് രാഹുലാണ് കളിയിലെ താരം.

പഞ്ചാബിന് നഷ്ടമായ ഒരേയൊരു വിക്കറ്റ് രാഹുൽ ചാഹർ സ്വന്തമാക്കി. ചാഹർ നാല് ഓവറിൽ 19 റൺസ് വഴങ്ങിയാണ് ഒരു വിക്കറ്റെടുത്തത്.

സീസണിലെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചശേഷം തുടർച്ചയായി മൂന്നു കളികൾ തോറ്റ പഞ്ചാബിന്, വിജയവഴിയിലേക്കുള്ള തിരിച്ചുവരവാണ് ഈ വിജയം. മറുവശത്ത് കഴിഞ്ഞ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോടു തോറ്റ മുംബൈയ്ക്ക്, പഞ്ചാബിനെതിരായ ഈ തോൽവി തുടർച്ചയായ രണ്ടാമത്തേതാണ്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയുടേത് പതിഞ്ഞ തുടക്കമായിരുന്നു. പവർപ്ലേ ഓവറുകൾ അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസെന്ന നിലയിലായിരുന്നു അവർ. ഐപിഎൽ ചരിത്രത്തിൽ പവർപ്ലേയിൽ മുംബൈ നേടുന്ന ഏറ്റവും ചെറിയ രണ്ടാമത്തെ സ്‌കോറാണ്.

ഇതിൽ പകുതിയോളം റൺസും സംഭാവന ചെയ്ത ക്യാപ്റ്റൻ രോഹിത് ശർമയാണ് മുംബൈയുടെ ടോപ് സ്‌കോറർ. രണ്ടാം ഓവറിൽ ക്വിന്റൺ ഡിക്കോക്കിനെയും (3) ഏഴാം ഓവറിൽ ഇഷാൻ കിഷനെയും (6) കാര്യമായ സംഭാവനകളില്ലാതെ അവർക്ക് നഷ്ടമായി.



ഓപ്പണറായിറങ്ങിയ രോഹിത് 18ാം ഓവറിൽ പുറത്താകുമ്പോഴേയ്ക്കും നേടിയത് 52 പന്തിൽ അഞ്ച് ഫോറും രണ്ടു സിക്‌സും സഹിതം 63 റൺസ്. രോഹിത്തിനു പുറമെ മുംബൈ നിരയിൽ രണ്ടക്കം കണ്ടത് 27 പന്തിൽ മൂന്നു ഫോറും ഒരു സിക്‌സും സഹിതം 33 റൺസെടുത്ത സൂര്യകുമാർ യാദവും 12 പന്തിൽ ഒരു സിക്‌സർ സഹിതം 16 റൺസുമായി പുറത്താകാതെ നിന്ന കയ്‌റൻ പൊള്ളാർഡും മാത്രം.

മുംബൈ നിരയിൽ ഹാർദിക് പാണ്ഡ്യ (നാലു പന്തിൽ ഒന്ന്), ക്രുണാൽ പാണ്ഡ്യ (മൂന്നു പന്തിൽ മൂന്ന്) എന്നിവർ തീർത്തും നിരാശപ്പെടുത്തി.

26 റൺസിനിടെ രണ്ടു വിക്കറ്റ് നഷ്ടമാക്കിയ മുംബൈയ്ക്ക്, മൂന്നാം വിക്കറ്റിൽ രോഹിത് സൂര്യകുമാർ യാദവ് സഖ്യം പടുത്തുയർത്തിയ അർധസെഞ്ചുറി കൂട്ടുകെട്ടാണ് ഭേദപ്പെട്ട സ്‌കോർ ഉറപ്പാക്കിയത്. 55 പന്തിൽ ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത് 79 റൺസ്. അവസാന ഓവറുകളിൽ റൺനിരക്ക് ഉയർത്താനുള്ള ശ്രമത്തിൽ സൂര്യകുമാറും രോഹിത്തും പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി.

പഞ്ചാബിനായി സീസണിലെ ആദ്യ മത്സരം കളിക്കാനിറങ്ങിയ ലെഗ് സ്പിന്നർ രവി ബിഷ്‌ണോയി നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് ഷമിയും നാല് ഓവറിൽ 21 റൺസ് വഴങ്ങി രണ്ടു വിക്കറ്റെടുത്തു. ദീപക് ഹൂഡ മൂന്ന് ഓവറിൽ 15 റൺസ് വഴങ്ങിയും അർഷ്ദീപ് സിങ് മൂന്ന് ഓവറിൽ 28 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി.