ഡൽഹി: ഇന്ത്യ ഇംഗ്ലണ്ട് പരമ്പര സമാപിച്ചതോടെ ഇനി ക്രിക്കറ്റ് ലോകം ഉറ്റുനോക്കുന്നത് ഇന്ത്യൻ പ്രീമീയർ ലീഗിന്റെ പുത്തൻ അദ്ധ്യായത്തിലേക്ക്.പതിവിൽ നിന്ന് വിപരീതമായി ഒട്ടേറെ പുതുമകളുമായാണ് ഐപിഎല്ലിന്റെ ഈ എഡിഷൻ ആരംഭിക്കുന്നത്.ഒരു മണിക്കൂർ സൂപ്പർ ഓവർ, ഒരു ഇന്നിങ്ങസിന് 90മിനുട്ട്, സോഫ്റ്റ് സിഗ്നലിന്റെ നീക്കം, തുടങ്ങിയവാണ് ഐപിഎല്ലിന്റെ പുതുമകൾ.എട്ടുമാസത്തിനിടെ രണ്ടാമത്തെ ഐ.പി.എൽ. ടൂർണമെന്റാണിത്.

ഏപ്രിൽ ഒൻപതിന് ചെന്നൈയിലാണ് ഇത്തവണത്തെ ഐപിഎൽ ആരംഭിക്കുന്നത്.ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും ഏറ്റുമുട്ടും.കഴിഞ്ഞ വർഷത്തെ ടൂർണമെന്റ് കോവിഡ് കാരണം ആറുമാസത്തോളം വൈകി യു.എ.ഇ. യിലാണ് നടന്നത്. 2020 നവംബർ പത്തിനായിരുന്നു ഫൈനൽ. ഇക്കുറി പഴയ ഷെഡ്യൂൾ അനുസരിച്ച് മത്സരങ്ങൾ നടത്താൻ തീരുമാനിച്ചതോടെ എട്ടുമാസത്തിനിടെ രണ്ടാംവട്ടവും മത്സരങ്ങൾക്ക് അരങ്ങൊരുങ്ങി.

ഒരു ഇന്നിങ്സ് 90 മിനിറ്റ്

90 മിനിറ്റിനകം 20 ഓവർ എറിഞ്ഞുതീർക്കണമെന്ന് ടീമുകൾക്ക് കർശനനിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിൽ അഞ്ചുമിനിറ്റ് രണ്ട് സ്ട്രാറ്റജിക് ടൈം ഔട്ടുകൾക്കാണ്. 85 മിനിറ്റിൽ 20 ഓവർ എറിയണം. ഇല്ലെങ്കിൽ, നിശ്ചിത സമയത്ത് എത്ര ഓവർ എറിഞ്ഞോ അത്രയും ഓവറുകളുമായി മത്സരം പൂർത്തിയാക്കേണ്ടിവരുമെന്നും മുന്നറിയിപ്പുണ്ട്.

സോഫ്റ്റ് സിഗ്നൽ വേണ്ടാ

ഓൺഫീൽഡ് അമ്പയർക്ക് തീരുമാനമെടുക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങളിൽ തേർഡ് അമ്പയർക്ക് വിടുകയാണെങ്കിൽ ഐ.പി.എലിൽ ഓൺഫീൽഡ് അമ്പയർ അവരുടെ തീരുമാനം (സോഫ്റ്റ് സിഗ്നൽ) നൽകേണ്ടതില്ല. ഇതിൽ തേർഡ് അമ്പയർക്കും കൃത്യമായ തീരുമാനമെടുക്കാൻ കഴിയുന്നില്ലെങ്കിൽ ഓൺഫീൽഡ് അമ്പയറുടെ തീരുമാനം ശരിവെക്കാറുണ്ട്. അത് ഒഴിവാക്കാനാണ് സോഫ്റ്റ് സിഗ്നൽ വേണ്ടെന്നുവെച്ചത്.

സൂപ്പർ ഓവർ ഒരു മണിക്കൂർ

കഴിഞ്ഞ ഐ.പി.എലിൽ നിശ്ചിത സമയത്ത് തുല്യനിലയിലായ മത്സരം സൂപ്പർ ഓവറിലും സമനിലയായി. തുടർന്ന് രണ്ടാം സൂപ്പർ ഓവർ കളിച്ചു. അത് പിന്നെയും നീളാൻ സാധ്യതയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ, ഇനിമുതൽ നിശ്ചിതസമയം കഴിഞ്ഞ് ഒരു മണിക്കൂർകൂടി മാത്രമേ മത്സരം നീട്ടാവൂ എന്ന് തീരുമാനിച്ചു. അതിനകം, വിജയിയെ കണ്ടെത്താനായില്ലെങ്കിൽ പോയന്റ് വീതിച്ചുനൽകും.

ഷോർട്ട് റൺ മൂന്നാം അമ്പയർക്ക്

ബാറ്റ്സ്മാൻ മറുഭാഗത്തെ ക്രീസിൽ ബാറ്റുമുട്ടുംമുമ്പ് തിരിച്ചോടുന്നുണ്ടോ (ഷോർട്ട്റൺ) എന്ന് പരിശോധിക്കേണ്ടത് തേർഡ് അമ്പയറുടെ ചുമതലയായി.

അതേസമയം ഇന്ത്യൻ താരങ്ങൾക്ക് ഇത് വിശ്രമമില്ലാത്ത കാലമാണിത്.കഴിഞ്ഞ നവംബർ പത്തിന് ഐ.പി.എൽ. ഫൈനൽ കഴിഞ്ഞ് ദുബായിൽനിന്ന് ടീം നേരേ ഓസ്ട്രേലിയയിലേക്ക് പോയി. അവിടെ ടെസ്റ്റ്, ഏകദിന, ട്വന്റി 20 പരമ്പരകൾ കഴിഞ്ഞ് തിരിച്ചെത്തി വൈകാതെ ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങി. മാർച്ച് 28-നായിരുന്നു ഇംഗ്ലണ്ടിനെതിരായ അവസാനമത്സരം. അതു കഴിഞ്ഞ് കളിക്കാർ നേരേ ഐ.പി.എൽ. ടീം ക്യാമ്പുകളിലേക്ക് പോയി ബയോ സെക്യുൽ ബബിളുകളിൽ പ്രവേശിച്ചുകഴിഞ്ഞു. പരിശീലനം കഴിഞ്ഞ് വീണ്ടും കളിക്കളത്തിലേക്ക്.