മുംബൈ: താരങ്ങൾക്ക് അടക്കം കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാതിവഴിയിൽ നിർത്തിവച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 14ാം സീസണിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടത്താൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് തീരുമാനിച്ചതായി റിപ്പോർട്ട്. ലീഗ് ഘട്ടത്തിലെ ശേഷിക്കുന്ന മത്സരങ്ങൾക്കു പുറമെ നോക്കൗട്ട് മത്സരങ്ങളും യുഎഇയിൽ തന്നെ നടത്തും.

സെപ്റ്റംബർ 15 മുതൽ ഒക്ടോബർ 15 വരെയുള്ള കാലയളവിലാകും യുഎഇയിൽ വച്ച് ഐപിഎൽ 14ാം സീസൺ പൂർത്തിയാക്കുക. ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം മെയ്‌ 29ന് ബിസിസിഐ നടത്തുമെന്നാണ് വിവരം.

നോക്കൗട്ടിലെത്താതെ പുറത്താകുന്ന ടീമുകളിലെ താരങ്ങൾക്ക് അതാത് ദേശീയ ടീമുകൾക്കൊപ്പം ചേരാമെന്നും ബിസിസിഐ കണക്കുകൂട്ടുന്നു. ട്വന്റി20 ലോകകപ്പ് പടിവാതിൽക്കൽ നിൽക്കുന്ന സാഹചര്യത്തിൽ താരങ്ങൾക്ക് വാം അപ്പിനുള്ള അവസരമായും ഐപിഎൽ ഉപയോഗിക്കാമെന്നാണ് ബിസിസിഐ കണക്കാക്കുന്നത്.

ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പര ഓഗസ്റ്റ് നാലിനാണ് ആരംഭിക്കുന്നത്. ഈ പരമ്പരയിലെ രണ്ടും മൂന്നും ടെസ്റ്റുകൾ തമ്മിൽ ഏതാണ്ട് ഒൻപതു ദിവസത്തെ ഇടവേളയുണ്ട്. ഇത് നാലു ദിവസമാക്കി കുറച്ചാൽ ഐപിഎൽ നടത്തിപ്പിനായി അഞ്ച് ദിവസം ബിസിസിഐയ്ക്ക് അധികം ലഭിക്കും' വിവിധ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അതേസമയം, അഞ്ച് ടെസ്റ്റുകൾക്കായി നിലവിൽ നീക്കിവച്ചിരിക്കുന്ന 41 ദിവസത്തിന്റെ കാര്യത്തിൽ എന്തെങ്കിലും പുതിയ ക്രമീകരണം വരുത്തുന്ന കാര്യം ബിസിസിഐ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡുമായി ഇതുവരെ സംസാരിച്ചിട്ടില്ല. ഇക്കാര്യത്തിൽ ബിസിസിഐയുടെ പ്രത്യേക യോഗത്തിലാകും തീരുമാനമെടുക്കുക. അതേസമയം, ഇടവേളകൾ ചരുക്കി പര്യടനം നേരത്തെ തീർക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച ചെയ്താൽപ്പോലും ഇംഗ്ലണ്ട് പര്യടനത്തിനുശേഷം ഐപിഎൽ പൂർത്തിയാക്കാൻ ഏതാണ്ട് 30 ദിവസം ബിസിസിഐയ്ക്കു ലഭിക്കും.

'ആ ഇടവേളകൾ ചുരുക്കുമ്പോൾ ലഭിക്കുന്ന അധിക ദിനങ്ങൾ നമുക്ക് ഐപിഎൽ പൂർത്തിയാക്കുന്നതിന് വിനിയോഗിക്കാനാകും. ആ ദിവസങ്ങൾ പരിഗണിച്ചില്ലെങ്കിൽ പോലും പര്യടനത്തിനു ശേഷം ബിസിസിഐയ്ക്ക് 30 ദിവസം ലഭിക്കും. അതിൽ ഒരു ദിവസം ഇന്ത്യ, ഇംഗ്ലണ്ട് താരങ്ങൾക്ക് യുഎഇയിലേക്ക് യാത്ര ചെയ്യാൻ നീക്കിവയ്ക്കണം.

അഞ്ച് ദിവസം നോക്കൗട്ട് മത്സരങ്ങൾക്കായും വേണം. ശേഷിക്കുന്ന 27 ലീഗ് മത്സരങ്ങൾ പൂർത്തിയാക്കാൻ ബിസിസിഐയ്ക്ക് പിന്നെ ലഭിക്കുക 24 ദിവസങ്ങളാണ്. ഇതിനിടെ ശനിയും ഞായറും ചേർന്ന് എട്ടു ദിവസങ്ങളുണ്ട്. ഈ ദിവസങ്ങളിൽ രണ്ടു മത്സരം വീതം നടത്തിയാൽത്തന്നെ 16 മത്സരങ്ങൾ പൂർത്തിയാക്കാം. അങ്ങനെ വരുമ്പോൾ ശേഷിക്കുന്ന 11 മത്സരങ്ങൾക്കായി 19 ദിവസം ലഭിക്കും. അതായത് ഒരാഴ്ചയോളം അധികം സമയം ലഭിക്കുമെന്ന് ചുരുക്കം' റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.