മുംബൈ: റൺമല തീർത്ത് വെല്ലുവിളിച്ച റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന് ബാറ്റുകൊണ്ട് മറുപടി നൽകി മായങ്ക് അഗർവാളും സംഘവും. കൂറ്റൻ സ്‌കോർ പടുത്തുയർത്തിയിട്ടും അതു പ്രതിരോധിക്കാൻ കഴിയാതെയാണ് ബാംഗ്ലൂർ തോൽവി വഴങ്ങിയത്. നവി മുംബൈ ഡി വൈ പാട്ടീൽ സ്റ്റേഡിയത്തിൽ അഞ്ച് വിക്കറ്റിന്റെ ജയമാണ് പഞ്ചാബ് സ്വന്തമാക്കിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 205 റൺസ്. മറുപടി ബാറ്റിങ്ങിൽ അതേ നാണയത്തിൽ തിരിച്ചടിച്ച പഞ്ചാബ് കിങ്‌സ്, ആറു പന്തും അഞ്ച് വിക്കറ്റും ശേഷിക്കെ റൺമല മറികടന്നു.

43 റൺസ് വീതം നേടിയ ശിഖർ ധവാൻ, ഭാനുക രജപക്സ, എട്ട് പന്തിൽ 25 റൺസുമായി പുറത്താവാതെ നിന്ന ഒഡീൻ സ്മിത്ത് എന്നിവരാണ് പഞ്ചാബിന്റെ വിജയം എളുപ്പമാക്കിയത്. മായങ്ക് അഗർവാൾ (24 പന്തിൽ 32), ഷാരുഖ് ഖാൻ (20 പന്തിൽ 24) നിർണായക സംഭാവന നൽകി.

എട്ട് പന്തിൽ മൂന്ന് സിക്‌സും ഒരു ബൗണ്ടറിയുമടക്കം 25 റൺസ് അടിച്ചുകൂട്ടിയ ഒഡീൻ സ്മിത്തും 20 പന്തിൽ 24 റൺസ് എടുത്ത യുവതാരം ഷാറൂഖ് ഖാനും ചേർന്നാണ് പഞ്ചാബിന് അവിസ്മരീയ ജയം സമ്മാനിച്ചത്.

43 റൺസ് വീതമെടുത്ത ഓപ്പണർ ശിഖർ ധവാനും ശ്രീലങ്കൻ താരം ഭാനുക രജപക്ഷയുമാണ് പഞ്ചാബിന്റെ ടോപ് സ്‌കോറർമാർ. രജപക്ഷെ 22 പന്തിൽ രണ്ടു ഫോറും നാലു സിക്‌സും സഹിതമാണ് 43 റൺസെടുത്തത്. ധവാനാകട്ടെ 29 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 43 റൺസെടുത്തു.

ക്യാപ്റ്റൻ കൂടിയായ ഓപ്പണർ മയാങ്ക് അഗർവാൾ (24 പന്തിൽ 32), ലിയാം ലിവിങ്സ്റ്റൺ (10 പന്തിൽ 19), ഷാരൂഖ് ഖാൻ (20 പന്തിൽ പുറത്താകാതെ 24), ഒഡീൻ സ്മിത്ത് (എട്ടു പന്തിൽ പുറത്താകാതെ 25) എന്നിവരും പഞ്ചാബിനായി തിളങ്ങി. ബാറ്റിങ്ങിൽ നിരാശപ്പെടുത്തിയത് അരങ്ങേറ്റ മത്സരം കളിക്കാനിറങ്ങിയ അണ്ടർ 19 ലോകകപ്പ് താരം രാജ് ബാവ മാത്രം. താരം ഗോൾഡൻ ഡക്കായി.

ആർസിബി നിരയിൽ മുഹമ്മദ് സിറാജ് രണ്ടു വിക്കറ്റ് വീഴ്‌ത്തിയെങ്കിലും നാല് ഓവറിൽ 59 റൺസ് വഴങ്ങി. ആകാശ് ദീപ് മൂന്ന് ഓവറിൽ 38 റൺസ് വഴങ്ങിയും വാനിന്ദു ഹസരംഗ നാല് ഓവറിൽ 40 റൺസ് വഴങ്ങിയും ഹർഷൽ പട്ടേൽ നാല് ഓവറിൽ 36 റൺസ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്‌ത്തി. ഡേവിഡ് വില്ലി മൂന്ന് ഓവറിൽ 28 റൺസ് വഴങ്ങിയെങ്കിലും വിക്കറ്റൊന്നും കിട്ടിയില്ല.

ഓപ്പണർമാരായെത്തിയ ധവാൻ- മായങ്ക് സഖ്യം ഒന്നാം വിക്കറ്റിൽ 71 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ മായങ്കിനെ പുറത്താക്കി വാനിന്ദു ഹസരങ്ക ആർസിബിക്ക് ബ്രേക്ക് ത്രൂ നൽകി. മൂന്നാമനായി ക്രീസിലെത്തിയ രജപക്സ മികച്ച ഫോമിലായിരുന്നുന്നു. അദ്ദേഹം ധവാന് പിന്തുണ നൽകി. ഇരുവരും 47 റൺസ് കൂട്ടിച്ചേർത്തു. ധവാനെ ഹർഷൽ പട്ടേൽ പുറത്താക്കി.

ടീം ടോട്ടലിനോട് 21 റൺസ് കൂട്ടിചേർക്കുന്നതിനിടെ പഞ്ചാബിന് രണ്ട് വിക്കറ്റ് നഷ്ടമായി. രജപക്സയേയും രാജ് ബാവയേയും (0) അടുത്തടുത്ത പന്തുകളിൽ മുഹമ്മദ് സിറാജ് പവലിയനിലെത്തിച്ചു. ലിയാം ലിവിങ്സ്റ്റൺ നന്നായി തുടങ്ങിയെങ്കിലും അകാശ് ദീപിന്റെ പന്തിൽ അനുജ് റാവത്തിന് ക്യാച്ച് ൽകി. ടീം 14.5 ഓവറിൽ അഞ്ചിന് 165 എന്ന അവസ്ഥയിലേക്ക് വീണു. എന്നാൽ ക്രീസിൽ ഒത്തുചേർന്ന സ്മിത്ത്- ഷാരുഖ് സഖ്യം വിജയം പൂർത്തിയാക്കി. ഇരുവരും 52 റൺസ് കൂട്ടിചേർത്തു.

നേരത്തെ വ്യക്തിഗത സ്‌കോർ ഏഴിൽ നിൽക്കെ ആർസിബി ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയെ ഷാരുഖ് വിട്ടുകളഞ്ഞിരുന്നു. പിന്നീട് ഫാഫ് തന്നെയാണ് ആർസിബിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. സ്മിത്താവട്ടെ പഞ്ചാബ് നിരയിൽ ഏറ്റവും കൂടുതൽ അടിവാങ്ങിയ ബൗളറാണ്. നാല് ഓവറിൽ 52 റൺസാണ് താരം വിട്ടുകൊടുത്തിരുന്നത്. ഇരുവരും മികച്ച ബാറ്റിങ് പുറത്തെടുത്ത് വീഴ്ചകൾക്ക് പരിഹാരം കണ്ടെത്തി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂർ, നിശ്ചിത 20 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിലാണ് 205 റൺസെടുത്തത്. 57 പന്തുകൾ നേരിട്ട ഡുപ്ലേസി 88 റൺസെടുത്ത് ടോപ് സ്‌കോററായി. കോലി 29 പന്തിൽ 41 റൺസോടെയും അവസാന ഓവറുകളിൽ തകർത്തടിച്ച ദിനേഷ് കാർത്തിക് 14 പന്തിൽ 32 റൺസോടെയും പുറത്താകാതെ നിന്നു. 20 പന്തിൽ 21 റൺസെടുത്ത ഓപ്പണർ അനൂജ് റാവത്താണ് പുറത്തായ മറ്റൊരു താരം. പഞ്ചാബിനായി രാഹുൽ ചാഹർ, അർഷ്ദീപ് സിങ് എന്നിവർ ഓരോ വിക്കറ്റ് വീഴ്‌ത്തി.

കഴിഞ്ഞ സീസണിലെ ഐപിഎൽ ഫൈനലിൽ സെഞ്ചുറിയുടെ വക്കോളമെത്തിയ അർധസെഞ്ചുറിയുമായി ചെന്നൈ സൂപ്പർ കിങ്‌സിന് കിരീടം സമ്മാനിച്ച ഡുപ്ലേസി, ഇത്തവണ തട്ടകം മാറിയെങ്കിലും കഴിഞ്ഞ സീസണിൽ നിർത്തിയിടത്തുനിന്നാണ് ഇക്കുറി ആരംഭിച്ചത്. ഓപ്പണറായി ഇറങ്ങിയ ഡുപ്ലേസി 57 പന്തിൽ മൂന്നു ഫോറും ഏഴു പടുകൂറ്റൻ സിക്‌സറുകളും സഹിതം 88 റൺസെടുത്ത് 18ാം ഓവറിൽ പുറത്തായി. തുടക്കത്തിൽ താളം കണ്ടെത്താൻ വിഷമിച്ച ഡുപ്ലേസി ആദ്യ 30 പന്തിൽനിന്ന് നേടിയത് 17 റൺസ് മാത്രമാണ്. പിന്നീട് ട്രാക്കിലായ നായകൻ അടുത്ത 27 പന്തിൽനിന്ന് അടിച്ചുകൂട്ടിയത് 71 റൺസാണ്!

രണ്ടാം വിക്കറ്റിൽ ആർസിബി നായകസ്ഥാനത്ത് തന്റെ മുൻഗാമിയായ വിരാട് കോലിക്കൊപ്പം സെഞ്ചുറി കൂട്ടുകെട്ട് തീർത്താണ് ഡുപ്ലേസി തിരികെ കയറിയത്. 61 പന്തുകൾ നേരിട്ട ഡുപ്ലേസി കോലി സഖ്യം അടിച്ചുകൂട്ടിയത് 118 റൺസാണ്! ഫോമിലേക്കു തിരിച്ചെത്തിയ കോലി 29 പന്തിൽ ഒരു ഫോറും രണ്ടു സിക്‌സും സഹിതം 41 റൺസുമായി പുറത്താകാതെ നിന്നു. ഡുപ്ലേസി പുറത്തായപ്പോൾ ക്രീസിലെത്തിയ ദിനേഷ് കാർത്തിക് 14 പന്തിൽ മൂന്നു വീതം സിക്‌സും ഫോറും സഹിതം 32 റൺസുമായി പുറത്താകാതെ നിന്നു. പിരിയാത്ത മൂന്നാം വിക്കറ്റിൽ കോലി കാർത്തിക് സഖ്യം ചേർത്തത് 17 പന്തിൽ 37 റൺസ്!

നേരത്തെ, തുടക്കത്തിൽ അൽപം പതറിയെങ്കിലും ഓപ്പണിങ് വിക്കറ്റിൽ യുവതാരം അനൂജ് റാവത്തിനൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ട് തീർക്കാനും ഡുപ്ലേസിക്കായി. റാവത്ത് 20 പന്തിൽ രണ്ടു ഫോറും ഒരു സിക്‌സും സഹിതം 21 റൺസെടുത്ത് പുറത്തായി. ഓപ്പണിങ് വിക്കറ്റിൽ 42 പന്തിൽ ഇരുവരും കൂട്ടിച്ചേർത്തത് 50 റൺസ്.

പഞ്ചാബ് നിരയിൽ നാല് ഓവറിൽ 22 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റെടുത്ത രാഹുൽ ചാഹറിന്റെ പ്രകടനം ശ്രദ്ധേയമായി. അർഷ്ദീപ് സിങ് നാല് ഓവറിൽ 31 റൺസ് വഴങ്ങിയും ഒരു വിക്കറ്റ് വീഴ്‌ത്തി. അതേസമയം, നാല് ഓവറിൽ 52 റൺസ് വഴങ്ങി ഒഡീൻ സ്മിത്ത്, മൂന്ന് ഓവറിൽ 38 റൺസ് വഴങ്ങിയ ഹർപ്രീത് ബ്രാർ, ഒരു ഓവറിൽ 14 റൺസ് വഴങ്ങിയ ലിയാം ലിവിങ്സ്റ്റൺ എന്നിവർ നിരാശപ്പെടുത്തി