ചെന്നൈ: ഐ.പി.എല്ലിൽ ബുധനാഴ്‌ച്ച നടക്കേണ്ടിയിരുന്ന ചെന്നൈ സൂപ്പർ കിങ്സും രാജസ്ഥാൻ റോയൽസും തമ്മിലുള്ള മത്സരവും മാറ്റിവെച്ചു. ചെന്നൈ സൂപ്പർ കിങ്സിന്റെ ബൗളിങ് പരിശീലകൻ ആർ ബാലാജി കോവിഡ് പോസിറ്റീവായതിനെ തുടർന്നാണ് കളി മാറ്റിയത്.

ചെന്നൈ താരങ്ങൾ ഇനി ക്വാറന്റെയ്നിൽ കഴിയേണ്ടിവരും. ആറു ദിവസത്തെ ക്വാറന്റെയ്ന് ശേഷം മൂന്നു ആർടി-പിസിആർ ടെസ്റ്റ് നെഗറ്റീവ് ആയ ശേഷം മാത്രമേ ചെന്നൈ താരങ്ങൾക്ക് ഇനി കളിക്കളത്തിൽ ഇറങ്ങാനാകൂ.

ഐ.പി.എല്ലിൽ കോവിഡ് മൂലം മാറ്റിവെയ്ക്കുന്ന രണ്ടാമത്തെ മത്സരമാണിത്. നേരത്തെ തിങ്കളാഴ്‌ച്ച നടക്കേണ്ടിയിരുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്-റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ മത്സരം മാറ്റിവെച്ചിരുന്നു. കൊൽക്കത്ത താരങ്ങളായ വരുൺ ചക്രവർത്തിയും സന്ദീപ് വാര്യരും കോവിഡ് പോസിറ്റീവ് ആയതിനെ തുടർന്നാണിത്.

ഡൽഹി ക്യാപിറ്റൽസ് താരങ്ങളും ക്വാറന്റെയ്നിലാണ്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അവസാന മത്സരം ഡൽഹി ക്യാപിറ്റൽസുമായിട്ടായിരുന്നു. ഏപ്രിൽ 29-നായിരുന്നു ഈ മത്സരം. ഇതോടെയാണ് ഡൽഹി ടീമിനോടും ക്വാറന്റെയ്നിൽ പോകാൻ ബിസിസിഐ ആവശ്യപ്പെട്ടത്. നിലവിൽ അഹമ്മദാബാദിലാണ് ഡൽഹി ടീമുള്ളത്.