മുംബൈ: ക്രിക്കറ്റ് താരങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് പാതിവഴിയിൽ നിർത്തിവച്ച ഐപിഎല്ലിലെ മത്സരങ്ങൾ യുഎഇയിൽ പൂർത്തിയാക്കും. സെപ്റ്റംബർ പാതിയോടെ ടൂർണമെന്റ് പുനഃരാരംഭിക്കും.

എല്ലാദിവസവും രണ്ട് മത്സരങ്ങൾ നടക്കും. മൂന്ന് ആഴ്‌ച്ചയ്ക്കിടെ ടൂർണമെന്റ് പൂർത്തിയാക്കുന്ന വിധത്തിലാണ് ബിസിസിഐയുടെ പ്ലാൻ. ഒക്ടോബർ ഒമ്പതിനോ പത്തിനോ ആയിരിക്കും ഫൈനൽ മത്സരം നടക്കുക.

31 മത്സരങ്ങളാണ് ഇനി ടൂർണമെന്റിൽ അവശേഷിക്കുന്നത്. കഴിഞ്ഞ നാലാം തിയ്യതിയാണ് കോവിഡ് വ്യാപനത്തെ തുടർന്ന് ഐപിഎൽ നിർത്തിവച്ചത്.

ഇക്കാര്യം അടുത്തയാഴ്ച കൂടുന്ന ബിസിസിഐയുടെ പ്രത്യേക യോഗത്തിൽ അവതരിപ്പിക്കുമെന്ന് ബിസിസിഐ വക്താവ് വ്യക്തമാക്കി. അതേസമയം തന്ന ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയും ഈ വർഷം തന്നെ നടക്കാനിരിക്കുന്ന ടി20 ലോകകപ്പും കൂടി പരിഗണിച്ചേ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകു.

സെപ്റ്റംബർ 14നാണ് ഇന്ത്യയുടെ ഇംഗ്ലീഷ് പര്യടനം അവസാനിക്കുന്നത്. ശേഷം ഇന്ത്യൻ ടീം യുഎഇയിലേക്ക് തിരിക്കും. ഇംഗ്ലണ്ട് താരങ്ങളും യുഎഇയിലെത്തും. അതുപോലെ കരീബിയൻ പ്രീമിയർ ലീഗിൽ കളിക്കുന്ന താരങ്ങളും യുഎഇയിലേക്ക് വിമാനം കയറും.

ഇതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരെ കളിക്കേണ്ട ടി20 പരമ്പരയിൽ നിന്ന് ഇന്ത്യൻ പിന്മാറും. അതിനേക്കാൾ നല്ലത് ലോകോത്തര താരങ്ങൾ ഉൾപ്പെടുന്ന ഐപിഎല്ലാണ് മികച്ചതെന്നാണ് ബിസിസിഐയുടെ പക്ഷം.