ടെഹ്‌റാൻ: ആണവ കരാറിനെച്ചൊല്ലി ഇറാനും യുഎസും തമ്മിലുള്ള സംഘർഷത്തിനിടെ, ഹോർമൂസ് കടലിടുക്കിൽ ഇറാന്റെ റവല്യൂഷനറി ഗാർഡ് സ്പീഡ് ബോട്ട് യുഎസ് പടക്കപ്പലിനു നേരെ പാഞ്ഞടുക്കുകയും പടക്കപ്പലിൽനിന്ന് മുന്നറിയിപ്പ് വെടി മുഴങ്ങുകയും ചെയ്തത് ആശങ്ക വർധിപ്പിച്ചു. ലോകത്തെ എണ്ണവ്യാപാരത്തിന്റെ അഞ്ചിലൊന്ന് ഹോർമൂസ് കടലിടുക്കിലൂടെയാണ്.

യുഎസ് നാവികസേനയുടെ ബഹ്‌റൈൻ ആസ്ഥാനമായ അഞ്ചാം കപ്പൽപ്പടയുടെ യുഎസ് എസ് സിറോക്കോ, നാവികസേനാ ചരക്കുകപ്പൽ യുഎസ്എൻഎസ് ചോക്ടോ എന്നിവയുടെ 45 മീറ്റർ അടുത്തുവരെ തിങ്കളാഴ്ച റവല്യൂഷനറി ഗാർഡ് ബൊഗാമർ ബോട്ട് പാഞ്ഞെത്തി. യുഎസ് പടക്കപ്പൽ അപായ സൈറൻ മുഴക്കി. മുന്നറിയിപ്പ് വെടി മുഴങ്ങി. ഇറാന്റെ പതാക വഹിച്ചിരുന്ന ബോട്ട് ഉടൻ പിന്തിരിഞ്ഞതിനാൽ ഏറ്റുമുട്ടൽ ഒഴിവായി. സംഭവം ഇറാൻ സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ മാർച്ച് 4ന് പേർഷ്യൻ ഗൾഫിലും സമാന സംഭവം നടന്നിരുന്നു.

ഇതേസമയം, ഇറാൻ രഹസ്യസങ്കേതത്തിൽ യുറേനിയം സമ്പുഷ്ടീകരിക്കാൻ പദ്ധതിയിടുന്നതായി യുഎൻ ആണവ നിരീക്ഷണ ഏജൻസി (ഐഎഇഎ) റിപ്പോർട്ട് ചെയ്തു.

രാജ്യാന്തര നിരീക്ഷണം കുറഞ്ഞതോടെ ഇറാൻ യുറേനിയം സമ്പുഷ്ടീകരണ ശ്രമങ്ങൾ തുടരുന്നതായും ആയുധം നിർമ്മിക്കാവുന്ന നിലവാരത്തോട് അടുക്കുകയാണെന്നും യുഎസ് ആരോപിച്ചു.