ബാഗ്ദാദ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഇറാഖ് കോടതി. ഇറാനിലെ റെവല്യൂഷണറി ഗാർഡ് തലവൻ ജനറൽ ഖാസിം സുലൈമാനിയുടെയും ഇറാഖി മിലിഷിയകളുടെ ഡെപ്യൂട്ടി കമാൻഡറായ അബു മഹ്ദി അൽ മുഹൻദിസിന്റെയും വധവുമായി ബന്ധപ്പെട്ട് രൂപവത്‌കരിച്ച ബാഗ്ദാദിലെ കുറ്റാന്വേഷണ കോടതിയാണ് ട്രംപിന് വാറന്റ് പുറപ്പെടുവിച്ചത്. ആസൂത്രിത കൊലപാതകം എന്ന കുറ്റം ചുമത്തിയാണ് ട്രംപിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. തെളിയിക്കപ്പെട്ടാൽ മരണശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ഇറാഖ് കോടതി ട്രംപിനെതിരെ ചുമത്തിയിരിക്കുന്നത്.

2020 ജനുവരി മൂന്നിന് യുഎസ് സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ ബാഗ്ദാദ് വിമാനത്താവളത്തിന് പുറത്തുവച്ചാണ് ഖാസിം സുലൈമാനിയും അബു മഹ്ദി അൽ മുഹൻദിസും അടക്കംഏഴ് പേർ കൊല്ലപ്പെട്ടത്. അബു മഹ്ദി അൽ മുഹൻദിസിന്റെ കുടുംബാംഗങ്ങളുടെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് കോടതി ട്രംപിന് അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാൻ തീരുമാനിച്ചത്.മേഖലയിൽ യുഎസ് സൈന്യത്തിനെതിരെ നടത്തിവരുന്ന ആക്രമണങ്ങളുടെ സൂത്രധാരൻ സുലൈമാനിയാണെന്നാന്നാരോപിച്ചായിരുന്നു യുഎസ് അദ്ദേഹത്തെ വധിച്ചത്. ഇവരെ കൊലപ്പെടുത്തിയത് ട്രംപിന്റെ ഉത്തരവനുസരിച്ചാണെന്ന് പെന്റഗൺ പിന്നീട് വ്യക്തമാക്കുകയും ചെയ്തിരുന്നു.

ഇറാനിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി കഴിഞ്ഞാൽ ഏറ്റവും ശക്തനാണു സുലൈമാനി. ഇറാന്റെ സേനാ വിഭാഗമായ റവല്യൂഷനറി ഗാർഡ്‌സിൽ, വിദേശ സൈനിക നടപടികളുടെയും രഹസ്യാന്വേഷണത്തിന്റെയും ചുമതലയുള്ള ഖുദ്‌സ് ഫോഴ്സിന്റെ തലവനാണ്. ഇറാഖിലെ സായുധ ഷിയാ സംഘടന ഹാഷിദ് അൽ ഷാബിയുടെ ഉപമേധാവി അബു മഹ്ദി അൽ മുഹന്ദിസ് ഉൾപ്പെടെ മറ്റ് 6 പേരും കൊല്ലപ്പെട്ടു.

യുഎസ് ഉദ്യോഗസ്ഥരുടെ സുരക്ഷയ്ക്കായി പ്രസിഡന്റ് ഡോണൾഡ് ട്രംപാണു ആക്രമണത്തിന് ഉത്തരവിട്ടതെന്നു പെന്റഗൺ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിന് പിന്നാലെ ഫ്ലോറിഡയിൽ അവധി ആഘോഷിക്കുന്ന ട്രംപ് യുഎസ് പതാക ട്വീറ്റ് ചെയ്തിരുന്നു. സുലൈമാനി അമേരിക്കക്കാരെ കൊല്ലാൻ പദ്ധതിയിടുകയായിരുന്നുവെന്നും ആരോപിച്ചു.

ഇറാനിൽ വീരനായക പരിവേഷമാണ് സുലൈമാനിക്കുള്ളത്. മധ്യപൂർവ ദേശത്ത് ഇറാന്റെ സൈനിക തന്ത്രങ്ങളുടെ ബുദ്ധികേന്ദ്രം. ലബനനിലെ ഹിസ്ബുല്ല, യെമനിലെ ഹൂതി വിഭാഗം, ഇറാഖിലെയും സിറിയയിലെയും ഇറാൻ അനുകൂല ഷിയാ വിഭാഗങ്ങൾ എന്നിവയുടെ കടിഞ്ഞാൺ സുലൈമാനിയുടെ കയ്യിലായിരുന്നു. സിറിയൻ ആഭ്യന്തരയുദ്ധത്തിൽ പ്രസിഡന്റ് ബഷാർ അൽ അസദിനായി ഷിയാ സായുധവിഭാഗങ്ങളെ രംഗത്തിറക്കി. ഇറാഖിൽ ഐഎസിനെ അമർച്ച ചെയ്തതിലും മുഖ്യപങ്കാണ് ഇദ്ദേഹം വഹിച്ചിരുന്നത്.

അബു മഹ്ദി അൽ മുഹന്ദിസ് പ്രമാദമായ നിരവധി കേസുകളിൽ കുവൈത്ത് പരമോന്നത കോടതി ശിക്ഷിച്ച പിടികിട്ടാപ്പുള്ളിയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. 1985 മെയ് 24നു അന്നത്തെ കുവൈത്ത് അമീർ ആയിരുന്ന ഷൈഖ് ജാബിർ അൽ അഹമദ് അൽ സബാഹിനെ ബോംബാക്രമണത്തിൽ കൊലപ്പെടുത്താനുള്ള ശ്രമത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു അബു മഹ്ദി അൽ മുഹന്ദിസ്. കാബിനറ്റ് യോഗത്തിനായി പുറപ്പെടവേ കുവൈത്ത് സിറ്റിയിലെ കടൽ തീരത്തിന് അടുത്തുള്ള സീഫ് പാലസിനു സമീപത്ത് വച്ചു അമീറിന്റെ വാഹനവ്യൂഹത്തിനു നേരെയായിരുന്നു ബോംബ് സ്‌ഫോടനം നടത്തിയത്. സ്‌ഫോടനത്തിൽ 2 അംഗ രക്ഷകരും ഒരു കാൽനട യാത്രക്കാരനും ഉൾപ്പെടെ 3 പേർ കൊല്ലപ്പെട്ടെങ്കിലും തല നാരിഴ വ്യത്യാസത്തിലാണു വധ ശ്രമത്തിൽ നിന്നും അമീർ രക്ഷപ്പെട്ടത്.

ഇതോടൊപ്പം 1985 ൽ രാജ്യത്തെ അമേരിക്കൻ, ഫ്രഞ്ച് എംബസികൾ ഉൾപ്പെടെ തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ബോംബ് സ്‌ഫോടനം നടത്തിയതിലും ഇയാളുടെ പങ്ക് തെളിഞ്ഞിരുന്നു. സംഭവത്തിൽ ആറു പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ കുറ്റകൃത്യങ്ങളിൽ മഹദിയുടെ പങ്ക് തെളിഞ്ഞ സാഹചര്യത്തിൽ ഇയാളുടെ അഭാവത്തിൽ കുവൈത്ത് കോടതി ഇയാൾക്കെതിരെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു. ശിക്ഷ വിധിച്ച് മൂന്നര പതിറ്റാണ്ട് പിന്നിട്ടിട്ടും ഇയാളെ പിടികൂടി ശിക്ഷ നടപ്പാക്കാൻ കുവൈത്തിനു സാധിച്ചിരുന്നില്ല.