തിരുവല്ല: സിപിഎം ഭരിക്കുന്ന ഇരവിപേരൂർ സർവീസ് സഹകരണ ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിൽ 17.50 ലക്ഷം രൂപയുടെ ക്രമക്കേട്. രണ്ടു വർഷത്തിന് ശേഷം നടന്ന പരിശോധനയിൽ ക്രമക്കേട് കണ്ടെത്തിയതിന് പിന്നാലെ തുച്ഛമായ ശമ്പളം കൈപ്പറ്റുന്ന മൂന്നു ജീവനക്കാരിൽ നിന്ന് അഞ്ചു ലക്ഷം വീതം ഈടാക്കി ഭരണ സമിതി തലയൂരി.

നീതി മെഡിക്കൽ സ്റ്റോറിന്റെ മരുന്ന് ശേഖരത്തിലാണ് 17.5 ലക്ഷം രൂപയുടെ കുറവ് കണ്ടെത്തിയത്. രണ്ട് വർഷമായി ഓഡിറ്റ് നടക്കാതെയിരുന്ന ഇവിടെ കഴിഞ്ഞ ദിവസമാണ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ സ്റ്റോക്ക് പരിശോധിച്ചത്. കോവിഡ് കാലത്തുൾപ്പെടെ ലക്ഷങ്ങളുടെ വിൽപ്പനയാണ് നടന്നിരുന്നത്. പരിശോധന നടക്കാതിരുന്നതാകാം ക്രമക്കേടിന് വഴി വച്ചതെന്ന് കരുതുന്നു.

മരുന്നുകൾ വാങ്ങുന്നതിന് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളുടെ പർച്ചേസ് കമ്മിറ്റി പ്രവർത്തിച്ചിരുന്നു. ക്രമക്കേട് കണ്ടെത്തിയതോടെ പർച്ചേസ് കമ്മിറ്റി ഇപ്പോൾ കൈയൊഴിഞ്ഞിരിക്കുകയാണ്. മൂന്ന് താൽക്കാലിക ജീവനക്കാരാണ് മെഡിക്കൽ സ്റ്റോറിൽ പ്രവർത്തിക്കുന്നത്. ഇവർ 12000 രൂപ പ്രതിമാസ ശമ്പളത്തിലാണ് പ്രവർത്തിക്കുന്നത്. വർഷങ്ങളായിട്ടും ഇവരെ സ്ഥിരപ്പെടുന്നതുന്നതിന് സഹകരണ സംഘം നടപടി സ്വീകരിച്ചിരുന്നില്ല. മരുന്ന് വിൽപ്പന മാത്രമാണുള്ളത്. മറ്റ് ഭാരിച്ച ജോലികൾ ഇല്ലാത്തതിനാൽ സ്ഥിരപ്പെടുത്തേണ്ടതില്ല എന്നായിരുന്നു ഭരണ മിതി നിലപാട്.

എന്നാൽ ഇപ്പോഴത്തെ സാമ്പത്തിക നഷ്ടം മൂടി വയ്ക്കുന്നതിന് നഷ്ടം ജീവനക്കാർക്ക് മേൽ കെട്ടിവച്ചു. നഷ്ടമായ പണം മൂന്ന് ദിവസത്തിനകം അടയ്ക്കണം എന്നാണ് ബാങ്ക് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി മൂന്നു ജീവനക്കാരും ഇന്ന് അഞ്ച് ലക്ഷം വീതം തിരിച്ചടച്ചുവെന്ന് അറിയുന്നു. മരുന്നു കമ്പനികൾ തരുന്ന ബില്ല് സ്റ്റോക്ക് രജിസ്റ്ററിൽ എന്റർ ചെയ്യുമ്പോൾ ഗോഡൗണിൽ ഇറക്കിയ സാധനവുമായി ഒത്തു നോക്കിയിരുന്നില്ല. ഇങ്ങനെ നോക്കാനാവശ്യമായ നിർദ്ദേശം ജീവനക്കാർക്ക് നൽകിയിരുന്നില്ല.

തിരക്കേറിയ നീതി മെഡിക്കൽ സ്റ്റോറുകളിൽ കൂടുതൽ ജീവനക്കാരെ നിയോഗിക്കാറുണ്ടെങ്കിലും ഇവിടെ എല്ലാം പരിമിതമായ താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ച് പൂർത്തിയാക്കാനാണ് ശ്രമിച്ചത്. ജീവനക്കാരോട് പണം അടച്ച ശേഷം ജോലിയിൽ കയറിയാൽ മതിയെന്ന് പറഞ്ഞതോടെ നിലവിൽ മെഡിക്കൽ സ്റ്റോർ ഇപ്പോൾ അടച്ചിട്ടിരിക്കുകയാണ്.