കണ്ണൂർ: കെ സി വേണുഗോപാലിന്റെ സ്വാർത്ഥ താൽപ്പര്യത്തിൽ കണ്ണൂരിലെ കോൺഗ്രസിൽ അടിപൊട്ടുന്നു. നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ ഇരിക്കൂർ കോൺഗ്രസിന് കീറാമുട്ടിയാകുന്നുന്ന അവസ്ഥയിലേക്കാണ് കാര്യങ്ങളുടെ പോക്ക്. പ്രാദേശിക നേതാക്കളുടെ താൽപ്പര്യം പരിഗണിക്കാതെ, സജീവ് ജോസഫിനെ ഏകപക്ഷീയമായി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതാണ് പ്രവർത്തകരെ ചൊടിപ്പിച്ചത്. സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ എ ഗ്രൂപ്പും രംഗത്തെത്തി. പ്രശ്നം തണുപ്പിക്കാൻ യുഡിഎഫ് കൺവീനർ എംഎം ഹസ്സനും സിറ്റിങ് എംഎൽഎയായ കെ സി ജോസഫും ഇരിക്കൂറിലെത്തി ചർച്ച നടത്തിയെങ്കിലും, ചർച്ച ഫലം കണ്ടില്ല. മണിക്കൂറുകളോളമാണ് ഇവർ ചർച്ച നടത്തിയത്. സ്ഥാനാർത്ഥിയായ സജീവ് ജോസഫിനെ അംഗീകരിക്കണമെന്ന നേതാക്കളുടെ ആവശ്യം അവർ തള്ളി.

സജീവ് ജോസഫിന് വിജയസാധ്യത ഇല്ലെന്നും, വിജയസാധ്യതയുള്ള ആളെ ഇരിക്കൂറിൽ സ്ഥാനാർത്ഥി ആക്കണമെന്നുമാണ് എ ഗ്രൂപ്പ് ആവശ്യപ്പെടുന്നത്. എ ഗ്രൂപ്പ് സോണി സെബാസ്റ്റ്യന്റെ പേരാണ് നിർദ്ദേശിച്ചിരുന്നത്. പ്രശ്നപരിഹാരം എന്ന നിലയിൽ സോണി സെബാസ്റ്റ്യന് ഡിസിസി പ്രസിഡന്റ് സ്ഥാനം നൽകാമെന്ന വാഗ്ദാനം മുന്നോട്ടുവെച്ചെങ്കിലും അത് അദ്ദേഹവും തള്ളിക്കളഞ്ഞു.

സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വത്തിന് പിന്നിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ആണെന്നാണ് എ ഗ്രൂപ്പ് ആരോപിക്കുന്നത്. ഇരിക്കൂർ പ്രശ്നം രമ്യമായി പരിഹരിക്കണമെന്ന് കെ സുധാകരൻ എംപിയും ആവശ്യപ്പെട്ടു. സജീവ് ജോസഫിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ എ ഗ്രൂപ്പ് രാപ്പകൽ സമരം ആരംഭിച്ചിരുന്നു. ചർച്ച പരാജയപ്പെട്ടട്ടില്ലെന്നും പ്രവർത്തകരുടെ വികാരം ഹൈക്കമാൻഡിനെ അറിയിക്കുമെന്നും ചർച്ചകൾക്ക് ശേഷം എം എം ഹസൻ പറഞ്ഞു. ഇനി ഇരിക്കൂറിലേക്കില്ലെന്നും, സമവായ സ്ഥാനാർത്ഥിയായി താൻ വരുമെന്ന അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കെ സി ജോസഫ് പറഞ്ഞു.

ഇതോടെ ഇരിക്കൂറിൽ കോൺഗ്രസിന് വിമത സ്ഥാനാർത്ഥി മത്സര രംഗത്തുണ്ടാകുമെന്ന് ഉറപ്പായി ഇന്ന് വൈകുന്നേരം ചേരുന്ന നിയോജക മണ്ഡലം ഭാരവാഹികളുടെയും 124 ബൂത്ത് കമ്മിറ്റി സെക്രട്ടറിമാരുടെയും സംയുക്ത യോഗത്തിൽ സ്ഥാനാർത്ഥി പ്രഖ്യാപനമുണ്ടായേക്കും. ഇരിക്കൂറിലെ ഒരു യുവജന നേതാവ് കളത്തിലിറങ്ങുമെന്നാണ് സൂചന. ഹൈക്കമാൻഡ് പ്രഖ്യാപിച്ച മൂന്നാം ഗ്രൂപ്പ് സ്ഥാനാർത്ഥി സജീവ് ജോസഫിനെ യാതൊരു കാരണവശാലും അംഗീകരിക്കില്ലെന്ന് എവിഭാഗം പ്രതിനിധികൾ കടുത്ത നിലപാട് സ്വീകരിച്ചതോടെയാണ് സമവായ ചർച്ച പൊളിഞ്ഞത ഇരിക്കൂറിൽ സജീവ് ജോസഫിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് പിന്നാലെ കോൺഗ്രസിലുണ്ടായ പൊട്ടിത്തെറി മറ്റു മണ്ഡലങ്ങളിലും ഇതോടെ കോൺഗ്രസിന് പ്രതികൂലമായി ബാധിക്കുമെന്നുറപ്പായി.

സോണി സെബാസ്റ്റ്യനെ സ്ഥാനാർത്ഥിയാക്കണമെന്ന നിലപാടിൽ നിന്നും ഒരിഞ്ചു മാറാൻ വിമതസ്വരം ഉയർത്തുന്നവർ. തയ്യാറായില്ല. ഹൈക്കമാൻഡ് നിർദ്ദേശം പാലിക്കണമെന്ന നേതാക്കളുടെ അഭ്യർത്ഥനയും കണക്കിലെടുക്കാൻ പ്രാദേശിക നേതാക്കളും പ്രവർത്തകരും തയാറായില്ല. മണ്ഡലത്തിലെ വികാരം നേതൃത്വം അറിയിക്കണമെന്ന് ഹസനോടും ജോസഫിനോടും പ്രവർത്തകർ ആവശ്യപ്പെട്ടു.

കെ സി വേണുഗോപാലിന്റെ നിലപാടിനെതിരെ കടുത്ത അതൃപ്തിയുമായി കെ സുധാകരനും രംഗത്തുവന്നിരുന്നു. സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തി പ്രകടിപ്പിച്ചത് കാര്യങ്ങൾ അറിയാതെയാണെന്ന രമേശ് ചെന്നിത്തലയുടെ പരാമർശനത്തിന് മറുപടി നൽകി കെ സുധാകരൻ. ചെന്നിത്തലയുടേത് തോന്നൽ മാത്രമാണെന്നും തെറ്റായ പ്രസ്താവനയാണെന്നും സുധാകരൻ കണ്ണൂരിൽ പറഞ്ഞു. സ്വന്തം അഭിപ്രായം ആരുടെ മുന്നിലും തുറന്നുപറയാൻ മടിയോ ഭയമോ ഇല്ല. അഭിപ്രായങ്ങൾ പറയേണ്ട സമയത്ത് പറയേണ്ട വേദിയിൽ പറയുമെന്നും അദ്ദേഹം വ്യക്തമാക്കി.

പാർട്ടിയുടെ സ്ഥാനാർത്ഥി നിർണയത്തിൽ തൃപ്തനല്ല. സ്ഥാനാർത്ഥി പട്ടികയിലെ പോരായ്മകളിൽ വ്യക്തിപരമായി ആരെയും കുറ്റപ്പെടുത്താനില്ല. പാർട്ടി തീരുമാനിച്ച സ്ഥാനാർത്ഥി പട്ടികയുമായി മുന്നോട്ടുപോകാനെ ഇനി സാധിക്കു. പരാതികളുണ്ടെങ്കിൽ നേതാക്കളുമായി സംസാരിച്ച് പരിഹാരം കാണുകയാണ് പാർട്ടിയിലെ പ്രവർത്തനശൈലി. ഇതിനുള്ള ചർച്ചകളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.