മുംബൈ: ഇനി നിഷ്‌ക്കളങ്കനായ കുട്ടി എന്ന് പറഞ്ഞ് ഏതുരാഷ്ട്രീയക്കാരൻ രക്ഷിക്കും ഷാരൂഖ് ഖാന്റെ മകനെ? മദ്യപിച്ച് മദോന്മത്തനായ ആര്യൻ ഖാൻ വിമാനത്താവളത്തിൽ പരസ്യമായി മൂത്രം ഒഴിക്കുന്നത് എന്ന പേരിലുള്ള വീഡിയോ ആണ് സോഷ്യൽ മീഡയയിൽ പ്രചരിക്കുന്നത്. കണ്ടാൽ, ആര്യൻ ഖാന്റെ ഛായയുണ്ട്. അതുകൊണ്ട് തന്നെ 'ദുർനടപ്പുകാരനായ പയ്യന്റെ അടുത്ത വികൃതി' എന്ന മട്ടിൽ പലരും ഇത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയാണ്.

അടിച്ച് ഫിറ്റായ ചെറുപ്പക്കാരൻ വിമാനത്താവളത്തിൽ ആളുകളുടെ മുന്നിൽ വച്ച് പരസ്യമായി മൂത്രം ഒഴിക്കുകയാണ്. പിന്നീട് നിലത്ത് വീണ് പോകുന്നതും കാണാം വീഡിയോയിൽ. സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിൽ എടുക്കുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്.

അത് ആര്യൻ ഖാനല്ല

ലഹരിമരുന്ന് കേസിൽ പെട്ട ആര്യൻ ഖാനാണ് ഈ യുവാവ് എന്നാണ് ഒരു വിഭാഗം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത്. എന്നാൽ, ഇത് ടൈ്വലൈറ്റ് സിനിമയിലെ നടൻ ബ്രോൻസൺ പെല്ലറ്റിയർ ആണ്. സംഭവ സ്ഥലം ലോസ് അഞ്ചൽസ് അന്താരാഷ്ട്ര വിമാനത്താവളം. 2012 ഡിസംബറിലാണ് സംഭവം. അമിതമായി മദ്യപിച്ച താരത്തെ വിമാനത്തിൽ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ഇറക്കി വിട്ടിരുന്നു. ഇതേ തുടർന്നാണ് വിമാനത്താവളം ടൊയ്‌ലറ്റാക്കിയത്.

ബ്രോൻസൺ കുറ്റക്കാരനെന്ന് കണ്ടെത്തുകയും പിന്നീട് രണ്ടുവർഷത്തെ നല്ല നടപ്പിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ആര്യൻ ഖാൻ അടുത്ത കാലത്തോ മുമ്പോ ഇത്തരം സംഭവത്തിൽ ഉൾപ്പെട്ടതായി റിപ്പോർട്ടില്ല. ലഹരി മരുന്ന് കേസിൽ ജാമ്യം കിട്ടിയ ശേഷം പൊതുസ്ഥലത്ത് പ്രത്യക്ഷപ്പെട്ടിട്ടുമില്ല.