കൊച്ചി: സ്ഥാനാർത്ഥികളെല്ലാമായി മത്സരം മുറുകുമ്പോഴാണ് ചാനലുകളുടെ അഭിപ്രായ സർവേകൾ പുറത്തുവരുന്നത്. ഇതുവരെ പുറത്തുവന്ന അഭിപ്രായ സർവേകൾ എല്ലാംതന്നെ പ്രവചിക്കുന്നത് കേരളത്തിൽ ഇടതു തുടർഭരണം ഉണ്ടാകുമെന്നാണ്. എന്നാൽ, ഇതുവരെ പുറത്തുവന്ന സർവേകൾ എല്ലാം തന്നെ ഇഞ്ചോടിഞ്ച് മത്സരം പ്രവചിക്കുന്നുണ്ട്. ഇതിൽ നിന്നും തീർത്തും വ്യത്യത്സമായ സർവേഫലമാണ് കഴിഞ്ഞ ദിവസം മനോരമ ന്യൂസ് - വി എം.ആറുമായി ചേർന്ന് നടത്തിയ അഭിപ്രായ സർവേയിലെ ആദ്യ ഭാഗത്തിൽ സൂചിപ്പിക്കുന്നത്. കേരളത്തിൽ ഇടതു തരംഗം ഉണ്ടാകുമെന്നാണ് മനോരമയുടെ സർവേ സൂചന നൽകുന്നത്.

നാല് ജില്ലകളിലെ 32 സീറ്റുകളിൽ 27 ലും എൽ.ഡി.എഫിന് വിജയസാധ്യതയെന്ന് അഭിപ്രായ സർവെ ചൂണ്ടിക്കാട്ടുന്നത്. യുഡിഎഫ് നാല് സീറ്റുകൾ മാത്രമേ നേടൂ എന്നാണ് പ്രവചനം. ഇതിൽ തന്നെ കോൺഗ്രസിന് വൻ തകർച്ച പ്രവചിക്കുന്ന സർവേയിൽ മഞ്ചേശ്വരത്ത് താമര വിരയുമെന്നും സൂചിപ്പിക്കുന്നു. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തെ നേരിട്ട് സ്വാധീനിക്കുന്ന വിവാദ വിഷയങ്ങളിലടക്കം വോട്ടർമാരുടെ നിലപാടുകളും അഭിപ്രായസർവെ ഫല പ്രഖ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ പുറത്തുവന്നിട്ടുണ്ട്.

ഉത്തരകേരളത്തിലെ നാല് ജില്ലകളിലെ 32 സീറ്റുകളിൽ പ്രമുഖ മുന്നണികളുടെ പ്രകടനം വ്യക്തമാക്കുന്ന ആദ്യഘട്ട സർവെഫലം സർക്കാരിനും ഇടതുമുന്നണിക്കും ആശ്വാസത്തിന് വക നൽകുന്നതാണ്. കാസർകോട് ജില്ലയിലെ അഞ്ച് മണ്ഡലങ്ങളിൽ ഉദുമ, കാഞ്ഞങ്ങാട് മണ്ഡലങ്ങളിൽ എൽ.ഡി.എഫും തൃക്കരിപ്പൂർ, കാസർകോട് മണ്ഡലങ്ങളിൽ യു.ഡി.എഫും മഞ്ചേശ്വരത്ത് എൻ.ഡി.എയും മുന്നിലെത്തുമെന്ന് സർവെ ചൂണ്ടിക്കാട്ടുന്നു. അതേസമയ മലപ്പുറം ജില്ലയിലേക്ക് സർവേ എത്തുമ്പോൾ ലീഗിന്റെ ബലത്തിൽ മുന്നേറ്റമുണ്ടാക്കാൻ കോൺഗ്രസിന് സാധിക്കുമെന്ന സൂചനയുമുണ്ട്.

ഇടതുകോട്ടയായ തൃക്കരിപ്പൂരിൽ എൽ.ഡി.എഫിനുമേൽ .8 ശതമാനത്തിന്റെ മാത്രം മേധാവിത്തത്തോടെയാണ് യു.ഡി.എഫ് അട്ടിമറിസൂചന നൽകുന്നു എന്നതാണ് സർവേയിൽ കൗതുകകരമായ ഒരു കാര്യം. ഇവിടെ യുഡിഎഫിലെ ജോസഫ് വിഭാഗത്തിന് നൽകിയ സീറ്റിൽ കെ എം മാണിയുടെ മരുമകനാണ് സ്ഥാനാർത്ഥി. ഈ മണ്ഡലത്തിൽ അഠ്ടിമറി എന്നതാണ് കൗതുകം ഉണർത്തുന്ന കാര്യം. യു.ഡി.എഫിന് 44.3 ശതമാനവും എൽഡി.എഫിന് 43.5 ശതമാനമാണ് വോട്ടുവിഹിതം. ജില്ലയിലെ മൊത്തം വോട്ടുവിഹിതത്തിലും യു.ഡിഎഫിന് 3.10 ശതമാനത്തിന്റെ ലീഡുണ്ട്. UDF 38.94 %, LDF 35.84 %, NDA 24.84 %, മറ്റുള്ളവർ 0.38 % എന്നിങ്ങനെയാണ് ജില്ലയിലെ വോട്ടുവിഹിതത്തിലേക്ക് സർവെ ചൂണ്ടുന്ന വിരൽ.

മഞ്ചേശ്വരത്ത് ബിജെപിയെന്ന് സർവേ; കണ്ണൂരിലും ഇടതു മുന്നേറ്റം

കാസർകോട് ജില്ലയിൽ രണ്ട് സീറ്റുകളിൽ യുഡിഎഫിനും രണ്ട് സീറ്റുകളിൽ എൽഡിഎഫിനും സാധ്യത പ്രവചിച്ച് മനോരമ ന്യൂസ്‌വി എം.ആർ അഭിപ്രായ സർവേ ഫലം. മഞ്ചേശ്വരത്ത് ബിജെപി മുന്നേറ്റത്തിന് സാധ്യതയെന്ന് സർവേ പറയുന്നു. തൃക്കരിപ്പൂരിൽ കനത്ത പോരാട്ടം നടക്കുമെന്ന് പറയുന്ന സർവേ യുഡിഎഫിന് നേരിയ മേൽക്കൈയും പ്രവചിക്കുന്നു. ഉദുമയിലും കാഞ്ഞങ്ങാട്ടും സർവേ എൽഡിഎഫിന് സാധ്യത കൽപിക്കുന്നു.

കാസർകോട് ജില്ലയിൽ സാധ്യത ഇങ്ങനെ: കാസർകോട് സർവേ : എൽഡിഎഫ് 2, യുഡിഎഫ് 2, എൻഡിഎ1. സർവേ പ്രകാരം ജില്ലയിൽ വോട്ട് വിഹിതത്തിൽ യുഡിഎഫ് എൽഡിഎഫിനെ മറികടക്കും. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം തൃക്കരിപ്പൂരിൽ ആണെന്ന് സർവേ പറയുന്നു. ഇവിടെ യുഡിഎഫ് എൽഡിഎഫ് വ്യത്യാസം 0.77 ശതമാനം മാത്രം.

കണ്ണൂർ ജില്ലയിലെ ഇരിക്കൂർ മണ്ഡലത്തിൽ യുഡിഎഫിന് നേരിയ മുന്നേറ്റമെന്ന് പ്രവചിക്കുമ്പോൾ അഴീക്കോട് യുഡിഎഫ് നിലനിർത്തുമെന്നും പറയുന്നു. സർക്കാരിന്റെ കോവിഡ് പ്രതിരോധം മികച്ചതെന്ന് സർവേ ഫലം സൂചിപ്പിക്കുന്നു. വളരെ നല്ലതെന്ന് 25 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ 39 ശതമാനം പേർ മികച്ചതെന്ന് അഭിപ്രായപ്പെട്ടു. 27,000 വോട്ടർമാർ പങ്കെടുത്തതാണ് സർവേ.

തിരഞ്ഞെടുപ്പ് ഗവേഷണ രംഗത്ത് പ്രശസ്തരായ വി എംആർ ആണ് മനോരമ ന്യൂസിനായി സർവേ സംഘടിപ്പിച്ചത്. കേരളം ആരു ഭരിക്കും, മുഖ്യമന്ത്രിയാകാൻ യോഗ്യത ആർക്ക്, പ്രതിപക്ഷ പ്രവർത്തനം എങ്ങനെ, തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം സർവേ നൽകും. ഓരോ ജില്ലയിലെയും വോട്ടു വിഹിതം, മുന്നണികൾക്ക് ലഭിക്കാൻ സാധ്യതയുള്ള സീറ്റുകൾ, നിലവിലെ എംഎൽഎമാരുടെ ജനപ്രീതി തുടങ്ങിയ വിവരങ്ങൾ സർവേയിൽ അറിയാം. കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് വിഷയങ്ങളോട് വോട്ടർമാരുടെ പ്രതികരണം എത്തരത്തിലാണെന്നും സർവേ വെളിപ്പെടുത്തും.

കോഴിക്കോട്ട് എല്ലാ സീറ്റിലും എൽഡിഎഫ്

കോഴിക്കോട് ജില്ലയിൽ എൽഡിഎഫ് എല്ലാ സീറ്റിലും മുന്നിലെന്ന് മനോരമ ന്യൂസ്‌വി എംആർ അഭിപ്രായ സർവേ. ജില്ലയിലെ വോട്ടുവിഹിതം ഇങ്ങനെ: എൽഡിഎഫ് 47.94 ശതമാനം വോട്ട്. യുഡിഎഫ് 33.60 ശതമാനം വോട്ട്. എൻഡിഎ 14.93 ശതമാനം വോട്ട്. മറ്റുള്ളവർ 3.54 ശതമാനം വോട്ട്. സർവേ പ്രകാരം ജില്ലയിൽ വോട്ട് വിഹിതത്തിൽ എൽഡിഎഫിന് മികച്ച ലീഡാണുള്ളത്. എൽഡിഎഫിന് യുഡിഎഫിനുമേൽ 14.34 ശതമാനം ലീഡുണ്ട്. ഏറ്റവും ശ്രദ്ധേയമായ പോരാട്ടം കോഴിക്കോട് നോർത്ത്, സൗത്ത്, എലത്തൂർ മണ്ഡലങ്ങളിലാണ്. കോഴിക്കോട് നോർത്തിലും എലത്തൂരിലും എൽഡിഎഫിന് പിന്നിലെങ്കിലും എൻഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പം. കൊടുവള്ളിയിൽ കാരാട്ട് റസാഖ് കനത്ത മത്സരം നേരിടുമെന്നും സർവേ പ്രവചിക്കുന്നു.

ബേപ്പൂരിൽ എൽഡിഎഫ് തന്നെ മുന്നിൽ. ഡിവൈഎഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസാണ് ഇവിടെ സ്ഥാനാർത്ഥി. സിപിഎം പതിറ്റാണ്ടുകളായി തോൽവി അറിഞ്ഞിട്ടില്ലാത്ത മണ്ഡലമാണ് ഇത്. കുന്നമംഗലവും എൽഡിഎഫ് നിലനിർത്തുമെന്നാണ് സർവേ പ്രവചിക്കുന്നത്. എന്നാൽ കൊടുവള്ളിയിൽ ശക്തമായ പോരാട്ടമാണ് നടക്കുന്നതെന്ന് സർവേ പറയുന്നു. വോട്ടുനില ഇങ്ങനെ: എൽഡിഎഫ് 48.10 ശതമാനം വോട്ട്, യുഡിഎഫ് 42.90 ശതമാനം വോട്ട്,എൻഡിഎ 7.40 ശതമാനം വോട്ട്,മറ്റുള്ളവർ 1.60 ശതമാനം വോട്ട്. തിരുവമ്പാടി മണ്ഡലത്തിലും എൽഡിഎഫ് സാധ്യതയാണ് തെളിയുന്നത്.

നാദാപുരത്തും കൊയിലാണ്ടിയിലും പേരാമ്പ്രയിലും എൽഡിഎഫ് തന്നെയാണ് മുന്നിൽ. ബാലുശ്ശേരിയിലും എൽഡിഎഫ് തന്നെ മുന്നിലെന്ന് സർവേ പ്രവചിക്കുന്നു. എലത്തൂരിലും സർവേ അദ്ഭുതങ്ങൾ കാത്തുവച്ചിട്ടില്ല. കൊയിലാണ്ടിയിൽ സിറ്റിങ് എംഎൽഎ കെ.ദാസന്റെ റെക്കോർഡ് ഏറ്റവും മികച്ചതാണെന്ന് 30 ശതമാനം പേരും മികച്ചതാണെന്ന് 35 ശതമാനം പേരും വിലയിരുത്തി. ശരാശരി എന്നാണ് 29 ശതമാനം പേരുടെ വിലയിരുത്തൽ. മോശം എന്ന് പറഞ്ഞത് 7 ശതമാനമാണ്. തീർത്തും മോശം എന്ന് ആർക്കും അഭിപ്രായമില്ല. കോഴിക്കോട് നോർത്തിൽ കടുത്ത പോരാട്ടമാണ് സർവേ പ്രവചിക്കുന്നത്. എൽഡിഎഫ് 36.10 ശതമാനം വോട്ട്, 2. യുഡിഎഫ് 32.20 ശതമാനം വോട്ട്, 3. എൻഡിഎ 30.10 ശതമാനം വോട്ട്, 4. മറ്റുള്ളവർ 1.70 ശതമാനം വോട്ട് എന്നിങ്ങനെയാണ് വോട്ടുശതമാന സാധ്യത. കോഴിക്കോട് സൗത്തിൽ എൽഡിഎഫ് മുന്നിലെന്നാണ് സർവേ പറയുന്നു.

കോഴിക്കോട് ജില്ലയിലെ വടകരയിൽ എൽഡിഎഫ് ആണ് മുന്നിൽ. കെ.കെ.രമയുടെ സ്ഥാനാർത്ഥിത്വത്തിന് മുൻപാണ് സർവേ നടന്നത് എന്നത് ശ്രദ്ധേയമാണ്. 2016 ൽ സി.കെ.നാണു 9611 വോട്ടിന് ജെഡിയുവിലെ മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയിരുന്നു. സ്വതന്ത്രയായി മൽസരിച്ച ആർഎംപി നേതാവ് കെ.കെ.രമ അന്ന് 20346 (15.89 %) വോട്ട് നേടി. ബിജെപി സ്ഥാനാർത്ഥി എം.രാജേഷ് കുമാർ 13937 (10.80 %) വോട്ടും നേടി. യുഡിഎഫ് പിന്തുണയോടെയുള്ള കെ.കെ.രമയുടെ സ്ഥാനാർത്ഥിത്വം നിർണായകമാകും എന്ന് ചുരുക്കം. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫും രമയും ചേർന്ന് 60,204 വോട്ട് നേടിയിരുന്നു.

കുറ്റ്യാടി എൽഡിഎഫ് തിരിച്ചുപിടിക്കാൻ സാധ്യതയെന്ന് സർവേ പറയുന്നു. കുറ്റ്യാടി സീറ്റ് സിപിഎം കേരള കോൺഗ്രസ് എമ്മിന് വിട്ടുകൊടുത്തതും അതിനെച്ചൊല്ലി പാർട്ടി ഘടകത്തിൽ ഉണ്ടായ അഭൂതപൂർവമായ പരസ്യപ്രതിഷേധവുമാണ് ഏറ്റവും പ്രധാനം. പ്രതിഷേധം കണക്കിലെടുത്ത് സിപിഎം തന്നെ മൽസരിക്കാൻ തീരുമാനിച്ചത് ഫലത്തെ സ്വാധീനിച്ചേക്കാം. പ്രതിഷേധിച്ചവർ ആവശ്യപ്പെട്ട സ്ഥാനാർത്ഥിയെ അനുവദിക്കുന്ന സാഹചര്യവും ഉണ്ടായി.

വയനാട്ടിൽ എൽഡിഎഫിന് ആധിപത്യം

വയനാട് ജില്ലയിൽ എൽഡിഎഫിന് സമ്പൂർണ ആധിപത്യമെന്ന് മനോരമ ന്യൂസ് പ്രീ പോൾ സർവേ. സുൽത്താൻ ബത്തേരിയിൽ എൽഡിഎഫിന് സാധ്യത സുനിശ്ചിതമെന്ന് സർവേ പറയുന്നു. മാനന്തവാടിയിൽ സർവേ പ്രകാരം എൽഡിഎഫ് ആണ് മുന്നിൽ. കൽപറ്റയിലും എൽഡിഎഫിന് ആണ് സാധ്യത. സുൽത്താൻ ബത്തേരിയതാണ് ജില്ലയിൽ കോൺഗ്രസിന്റെ ഏക സിറ്റിങ് സീറ്റ്. സർവേ പ്രകാരം ജില്ലയിൽ വോട്ട് വിഹിതത്തിൽ എൽഡിഎഫിന് മികച്ച ലീഡാണുള്ളത്. എൽഡിഎഫിന് യുഡിഎഫിനുമേൽ 22.40 ശതമാനം ലീഡുണ്ട്. യുഡിഎഫിന് എൻഡിഎയ്ക്കുമേൽ 19.61 ശതമാനം ലീഡ്. എൽഡിഎഫും എൻഡിഎയും തമ്മിലുള്ള വ്യത്യാസം 42.01 ശതമാനമാണ്.

എല്ലാ മണ്ഡലങ്ങളിലും സർക്കാരിന് നല്ല മാർക്ക് കിട്ടുന്നത് കോവിഡ് പ്രതിരോധത്തിലാണ്. 24 ശതമാനം പേർ വളരെ മികച്ചതെന്നും 31 ശതമാനം പേർ മികച്ചതെന്നും രേഖപ്പെടുത്തി. 36 ശതമാനം പേർ സർക്കാരിന്റേത് ശരാശരി പ്രകടനമാണെന്ന് വിലയിരുത്തി. മോശമെന്ന് അഭിപ്രായമുള്ള 7 ശതമാനം പേരുണ്ട്. വളരെ മോശമെന്ന് പറഞ്ഞത് 2 ശതമാനം മാത്രം.

ഏറെ രാഷ്ട്രീയ ഒച്ചപ്പാടുണ്ടാക്കിയ സ്വർണക്കടത്ത് കേസിൽ സർക്കാരിന് പങ്കുണ്ടെന്ന് 39 ശതമാനം പേർ അഭിപ്രായപ്പെട്ടപ്പോൾ ഇല്ലെന്ന് വാദിച്ചത് 34 ശതമാനം പേരാണ്. 27 ശതമാനംപേർ ഒരു നിലപാടും സ്വീകരിച്ചില്ല. 140 മണ്ഡലങ്ങളിലെ 27,000 വോട്ടർമാരെ നേരിട്ടുകണ്ട് നടത്തിയ സർവെ ഫലത്തിന്റെ അടുത്ത ഘട്ടം ഇന്ന് പുറത്തുവിടും.

കടപ്പാട്: മനോരമ ന്യൂസ്