കോഴിക്കോട്: പിണറായി വിജയന്റെ തണലിൽ മന്ത്രി പിഎ മുഹമ്മദ് റിയാസ് സർവശക്തനായി വളരുമ്പോൾ കോഴിക്കോട് ജില്ലയിലെ സിപിഎമ്മിനുള്ളിൽ വിഭാഗീയത പുകയുന്നു. റിയാസ് നേതൃത്വം നൽകുന്ന വിഭാഗവും മുൻ മന്ത്രി എളമരം കരീമും ജില്ലാ സെക്രട്ടറി പി. മോഹനനും നേതൃത്വം നൽകുന്ന വിഭാഗവും തമ്മിലാണ് സമ്മേളനകാലത്ത് പോര് മൂർച്ഛിക്കുന്നത്.

ഈ സമ്മേളനത്തോടെ മോഹനനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിവാക്കി തന്റെ നോമിനിയെ അവിടെ എത്തിക്കാനുള്ള നീക്കമാണ് റിയാസ് നടത്തുന്നതെന്നാണ് ഉയരുന്ന ആരോപണം. ഒന്നാം പിണറായി സർക്കാരിൽ മന്ത്രിയായപ്പോൾ ടിപി രാമകൃഷ്ണൻ രാജി വച്ചതോടെയാണ് പി. മോഹനൻ ആ സ്ഥാനത്തേയ്ക്ക് എത്തുന്നത്. ആ ഇടക്കാല സ്ഥാനലബ്ദി ഒഴിച്ചുനിർത്തിയാൽ ഒരുതവണ മാത്രമാണ് മോഹനൻ ജില്ലാ സെക്രട്ടറി സ്ഥാനത്ത് ഇരുന്നത്. പാർട്ടി കീഴ്‌വഴക്കമനുസരിച്ച് ഒരു വട്ടം കൂടി മോഹനന് തുടരാമെങ്കിലും കമ്മിറ്റികൾ പിടിച്ചെടുത്ത് ജില്ലാ സെക്രട്ടറിയെ നീക്കാനാണ് ശ്രമം.

സിപിഎം കേന്ദ്രകമ്മിറ്റി അംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയുമായ എളമരം കരീമിന്റെ പിന്തുണ മോഹനനാണ്. കുറച്ചുകാലമായി കോഴിക്കോട് സിപിഎം പ്രവർത്തനങ്ങളെല്ലാം നിയന്ത്രിക്കുന്നത് എളമരമാണ്. അതിന് മറ്റം വരുത്തുന്നതിനും കോഴിക്കോടിന്റെ കടിഞ്ഞാൺ പിടിച്ചെടുക്കുന്നതിനുമാണ് റിയാസിന്റെ ശ്രമം. ഇരുവിഭാഗങ്ങളും തമ്മിലുള്ള ബലപരീക്ഷണത്തിനു കോഴിക്കോട് ടൗൺ, നോർത്ത്, വെസ്റ്റ് ഏരിയ സമ്മേളനങ്ങൾ വേദിയായെങ്കിലും മൽസരത്തിലേയ്ക്ക് എത്താതെ പോയത് മുതിർന്ന നേതാക്കളുടെ ഇടപെടൽ കൊണ്ട് മാത്രമാണ്.

എന്തുവന്നാലും മോഹനൻ തന്നെ തുടരുമെന്ന് എളമരം വിഭാഗം തറപ്പിച്ചുപറയുമ്പോൾ മോഹനനെ താഴെയിറക്കേണ്ടത് റിയാസിന്റെ അഭിമാനപ്രശ്നമായി മാറിയിരിക്കുകയാണ്. അങ്ങനെ വന്നാൽ ഔദ്യോഗിക പാനലിനെതിരെ റിയാസിന്റെ പാനലും മൽസരിക്കാനുള്ള സാധ്യത ഏറെയാണ്. അല്ലെങ്കിൽ സംസ്ഥാന കമ്മിറ്റി ഇടപെട്ട് മോഹനൻ മാറിനിൽക്കട്ടെ എന്ന് തീരുമാനിച്ചാലും അത്ഭുതപ്പെടാനില്ല. അങ്ങനെവന്നാൽ ഒത്തുതീർപ്പ് വ്യവസ്ഥയായി കെകെ ലതിക ജില്ലാ സെക്രട്ടറിയാകും എന്ന് കരുതുന്നവരും ഏറെയാണ്. അത്തരമൊരു പരിഹാരമാർഗത്തിലൂടെ മോഹനനെ നീക്കി റിയാസിനേയും സ്വന്തം വീട്ടിൽ നിന്ന് തന്നെയൊരാളെ കൊണ്ടുവന്ന് മോഹനനേയും അനുനയിപ്പിക്കാനാകും. ആ നീക്കത്തിൽ നഷ്ടം സംഭവിക്കുന്ന എളമരം കരീമിന് മാത്രമായിരിക്കും. അതിനാൽ അദ്ദേഹമൊരിക്കലും അത്തരമൊരു ഒത്തുതീർപ്പിന് തയ്യാറായേക്കില്ല.

ഈ സമ്മേളനത്തിൽ ഒരു ജില്ലയുടെ തലപ്പത്ത് വനിതയെ നിയമിക്കണമെന്ന തീരുമാനം മുമ്പ് തന്നെ സംസ്ഥാനസെക്രട്ടറിയേറ്റ് കൈകൊണ്ടിരുന്നു. അങ്ങനെയെങ്കിൽ അത് പാർട്ടിയുടെ ശക്തികേന്ദ്രമായ കോഴിക്കോട് തന്നെയാകട്ടെ എന്നാണ് നേതാക്കളുടെ മനസിലിരുപ്പ്. അങ്ങനെവന്നാൽ അതൊരു വിപ്ലവകരമായ തീരുമാനമായിരിക്കും. പൊതുസമൂഹത്തിൽ വലിയ ചലനം സൃഷ്ടിക്കാനും സ്ത്രീശാക്തീകരണമെന്ന വലിയ ക്യാമ്പയ്നും അതൊരു സാധ്യത തുറക്കുമെന്നും അവർ തിരിച്ചറിയുന്നു.

പ്രധാന എതിരാളിയായ കോൺഗ്രസിന് കെവി കുട്ടിമാളുഅമ്മ അടക്കമുള്ള കെപിസിസി പ്രസിഡന്റുമാരും കഴിഞ്ഞ തവണ ഒരു ഡിസിസി പ്രസിഡന്റും വനിതകളായിട്ടുണ്ട്. എന്നാൽ സിപിഎമ്മിന്റെ ഏര്യാ കമ്മിറ്റി മുതൽ മുകളിലേയ്ക്ക് ഒരു കമ്മിറ്റിയുടെയും തലപ്പത്ത് വനിതകൾ വന്നിട്ടില്ലാത്തത് വലിയൊരു അപവാദമായിരുന്നു. ഇത്തവണ അതിന് മാറ്റം വരുത്തുന്നതിന് സമ്മേളനം കഴിഞ്ഞ ബ്രാഞ്ച്- ലോക്കൽ കമ്മിറ്റികളിൽ ചിലതിൽ വനിതകളെ സെക്രട്ടറിമാരാക്കിയിട്ടുണ്ട്. മീനങ്ങാടി ഏര്യാ സെക്രട്ടറിയായും ഒരു വനിത തെരഞ്ഞെടുക്കപ്പെട്ടു. ഇതിന് തുടർച്ചയായിട്ടായിരിക്കും വനിതാ ജില്ലാ സെക്രട്ടറി വരുന്നത്.

മലബാറിലെ തലയെടുപ്പുള്ള നേതാവായി റിയാസ് മാറുന്നതിന്റെ തുടക്കമാണ് കോഴിക്കോട് സമ്മേളനങ്ങളിലെ മുൻതൂക്കമെന്നാണ് സൂചന. ഔദ്യോഗികപക്ഷത്തെ പ്രമുഖരെല്ലാം റിയാസിനൊപ്പമാണ്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും അടക്കമുള്ള ചില ബഹുജനസംഘടനകൾ റിയാസിനോട് കൂറ് പ്രഖ്യാപിക്കുമ്പോൾ സിഐടിയുവിനും കർഷകസംഘത്തിനുമൊക്കെ ചായ്വ് എളമരം- മോഹനൻ പക്ഷത്തോടാണ്.

എളമരം കരീമിന് സ്വാധീനമുള്ള കോഴിക്കോട്, പാലക്കാട് ജില്ലകളിൽ എളമരത്തിന്റെ പാനലുകൾക്കെതിരെ വിമത പാനലുകളും വ്യാപകമായിരുന്നു. കോഴിക്കോട് ജില്ലയിൽ 10 ഏരിയ സമ്മേളനങ്ങൾ പൂർത്തിയായപ്പോൾ രണ്ടിടത്തു മത്സരമുണ്ടായി. പേരാമ്പ്ര ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ.പ്രമോദ്, ജില്ലാ പഞ്ചായത്ത് അംഗം സി.എം.ബാബു, ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം പി.കെ.അജീഷ് എന്നിവർ പരാജയപ്പെട്ടു. കക്കോടി ഏരിയ സമ്മേളനത്തിൽ ഔദ്യോഗിക പാനലിനെതിരെ മത്സരിച്ച ഏക അംഗം പരാജയപ്പെട്ടു.

പാലക്കാട് ജില്ലയിൽ മുൻഎംഎൽഎ പികെ ശശിയുടെ നേതൃത്വത്തിലാണ് പടയൊരുക്കം. ുഴൽമന്ദം ഏരിയ കമ്മിറ്റിയിലേക്കു നടന്ന മത്സരത്തിൽ കോങ്ങാട് എംഎൽഎ കെ.ശാന്തകുമാരി പരാജയപ്പെട്ടതാണ് ഏറെ ശ്രദ്ധേയം. ശാന്തകുമാരി ഉൾപ്പെടെ ഔദ്യോഗിക പാനലിനെതിരെ മത്സരം വന്നപ്പോൾ കുഴൽമന്ദം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.ദേവദാസ്, കുഴൽമന്ദം ലോക്കൽ സെക്രട്ടറി സി.പൊന്മല എന്നിവരും പരാജയപ്പെട്ടു.

ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റിയിലേക്ക് 21 പേരെ തിരഞ്ഞെടുക്കാൻ നിലവിലുള്ള കമ്മിറ്റിയുടെ പാനലിനു ബദലായി മത്സരിച്ച 13 പേരും ജയിച്ചു. കെടിഡിസി ചെയർമാൻ പി.കെ.ശശിയെ പിന്തുണയ്ക്കുന്നവരാണു ജയിച്ചവരിൽ ഏറിയ പങ്കും. ഡിവൈഎഫ്ഐ പ്രവർത്തകയുടെ പരാതിയെത്തുടർന്നു പാർട്ടി സ്വീകരിച്ച അച്ചടക്കനടപടിക്കു സമ്മേളനങ്ങളിലൂടെ ശശി മറുപടി നൽകുകയാണെന്ന പ്രതീതിയാണു ശക്തം. തൃത്താല ഏരിയ സമ്മേളനത്തിൽ സെക്രട്ടറി സ്ഥാനത്തേക്കുള്ള മത്സരത്തിൽ രണ്ടു പേർക്കും തുല്യ വോട്ട് വന്നതോടെ നറുക്കെടുപ്പിലൂടെ ടി.പി.മുഹമ്മദ് സെക്രട്ടറിയായി.

ഏരിയ സമ്മേളനങ്ങൾ പൂർത്തിയാകുന്ന ഘട്ടമെത്തുമ്പോൾ സംസ്ഥാനത്തെ വിവിധസ്ഥലങ്ങളിൽ സിപിഎമ്മിനുള്ളിൽ തർക്കത്തിന്റെയും മത്സരത്തിന്റെയും ഒറ്റപ്പെട്ട വെടിയൊച്ചകൾ ഉയരുന്നത് പാർട്ടി പ്രവർത്തകർ ആശങ്കയോടെയാണ് കാണുന്നത്. പ്രത്യേകിച്ച് കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഇപ്പോഴത്തെ നേതൃത്വത്തെ വെട്ടാൻ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് പടയൊരുക്കമെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംസ്ഥാനതലത്തിൽ ചേരിതിരിവില്ലെങ്കിലും ജില്ലകളിലും താഴെത്തട്ടിലും ഭിന്നതകൾ പരസ്യമായി പുറത്തുവരുന്നുണ്ട്. പാർട്ടി ഭരണഘടന പ്രകാരം സമ്മേളനങ്ങളിൽ ഭാരവാഹി തിരഞ്ഞെടുപ്പിനു മത്സരമാകാമെങ്കിലും വോട്ടെടുപ്പ് ഒഴിവാക്കി ഏകകണ്ഠമായിരിക്കണം എന്ന സംസ്ഥാന കമ്മിറ്റി നിഷ്‌കർഷ തെറ്റിച്ചാണ് സംസ്ഥാന നേതൃത്വത്തിന്റെ കൂടി അറിവോടെയുള്ള റിബൽ പ്രവർത്തനങ്ങൾ.