കൊച്ചി: പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നതിന് എന്തെങ്കിലും ചട്ടങ്ങൾ നിലവിലുണ്ടോയെന്ന ചോദ്യവുമായി കേരള ഹൈക്കോടതി. ഇത് സംബന്ധിച്ച് പത്തു ദിവസത്തിനകം വിശദീകരണം നൽകണമെന്നും കോടതി സർക്കാരിന് നിർദ്ദേശം നൽകി. ചീഫ് ജസ്റ്റിസ് എസ് മണികുമാർ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.

പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയതു ചോദ്യം ചെയ്ത് രണ്ടു യൂത്ത് കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജിയാണ് ഹൈക്കോടതി പരിഗണിച്ചത്. സർക്കാരിന്റെ മറുപടി ലഭിച്ച ശേഷമേ ഹർജി ഫയലിൽ സ്വീകരിക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമുണ്ടാവൂ. മറ്റു നടപടികളിലേക്കു കടക്കുന്നില്ലെന്ന് ബെഞ്ച് അറിയിച്ചു.

താത്കാലിക ജീവനക്കാർക്കു സ്ഥിര നിയമനം അവകാശപ്പെടാനാവില്ലെന്നാണ് ഹർജിയിൽ പറയുന്നത്. ഇത്തരത്തിൽ നിയമനങ്ങൾ സ്ഥിരപ്പെടുത്തുന്നത് നിയമ വിരുദ്ധവും ഭരണഘടനാ തത്വങ്ങളുടെ ലംഘനവുമാണെന്ന് ഹർജിയിൽ പറയുന്നു.