പനാജി: ഐഎസ്എല്ലിൽ ഹൈദരാബാദ് എഫ്‌സിക്ക് വിജയത്തുടക്കം. സ്പാനിഷ് താരം അരിടാനെ സറ്റാനെ നേടി ഏക ഗോളിൽ ഹൈദരാബാദ് എഫ്‌സി ഒഡീഷ എഫ്‌സിയെ തോൽപ്പിച്ചു. വാശിയേറിയ മത്സരത്തിൽ ആദ്യ പകുതിയിലെ പെനാൽറ്റി ഗോളിലാണ് ഹൈദരബാദ് എഫ്.സി ഒഡിഷയെ തോൽപിച്ചത്.

കഴിഞ്ഞ സീസണിൽ അവസാന സ്ഥാനത്ത് സീസൺ അവസാനിപ്പിക്കേണ്ടി വന്ന ഹൈദരബാദ് ഇത്തവണ പുതിയ മുഖത്തോടെയാണ് അവതരിച്ചത്. പുതിയ സ്പാനിഷ് കോച്ച് മാനുവൽ മാർക്വസ് 4-4-2 ശൈലിയിലാണ് ഹൈദരാബാദ് എഫ്.സിയെ വിന്യസിച്ചത്. മുന്നേറ്റത്തിൽ അരിടാനെ സറ്റാനെയും ഇന്ത്യക്കാരൻ മുഹമ്മദ് യാസിറും. ഇംഗ്ലീഷ് താരം സ്റ്റീവൻ ടെയ്‌ലർ നയിച്ച ഒഡിഷ എഫ്.സിയിൽ മാഴ്‌സലീന്യോയായിരുന്നു ഐക്കൺ താരം. സ്‌കോട്ട്‌ലന്റ് കോച്ച് സ്റ്റുവർട്ട് ബാക്‌സ്റ്റർ 4-2-3-1 ശൈലിയിലാണ് ഹൈദരബാദിനെതിരെ കളത്തിലിറക്കിയത്.

മധ്യനിരയിൽ മാഴ്‌ലീന്യോയെ മാത്രം ആശ്രയിച്ച് മുന്നേറ്റിയ ഒഡിഷക്ക് ആദ്യത്തിൽ കാര്യമായി ഒന്നു ചെയ്യാനായില്ല. മറുവശത്ത് അതിവേഗത്തിൽ പാസുമായി നീങ്ങിയ ഹൈദരബാദ് എഫ്.സി പന്ത് പിടിച്ചെടുത്ത് മിസിങ്ങില്ലാതെ തട്ടി കളിച്ചു. സ്പാനിഷ് താരം ലൂയിസ് സാസ്‌ട്രെയും ബ്രസീലിയൻ താരം ജാവോ വിക്ടറുമാണ് മധ്യനിരയിൽ പന്ത് കൈവിടാതെ ഹൈദരബാദിന്റെ നട്ടെല്ലായത്.

വിങ്ങുകളിലൂടെയും ആക്രമിച്ചു കളിച്ചപ്പോൾ ഒഡിഷ ഗോൾ മുഖം പലതവണ വിറക്കപ്പെട്ടു. കോർണറിനും ക്രോസിനും തലവെച്ച് മുൻ ഒഡിഷ താരം അരിടാനെ സറ്റാനെ ഫോർവേഡ് പൊസിഷനും ഗംഭീരമാക്കി. ഭാഗ്യം കൊണ്ടാണ് ഒഡിഷ പലതവണ ഗോൾ വഴങ്ങാതെ രക്ഷപ്പെടുന്നത്.

35ാം മിനിറ്റിലെ ഒരു പെനാൽറ്റിയാണ് കളിയുടെ വിധി നിർണയിച്ചത്. ക്യാപ്റ്റൻ സ്റ്റീവൻ ടെയ്‌ലർ ബോക്‌സിനകത്ത് കിടന്ന് ക്ലിയർ ചെയ്യാൻ ശ്രമിച്ചതിനിടയിൽ കൈയിൽ പന്തു തട്ടുകയായിരുന്നു. ലഭിച്ച പെനാൽറ്റി അരിടാനെ സറ്റാന ഗോളാക്കുകയും ചെയ്തു. രണ്ടാം പകുതി ഇരു ടീമുകളും നിറഞ്ഞു കളിച്ചെങ്കിലും പിന്നീട് ഗോളുകളൊന്നും പിറന്നില്ല.