മഡ്ഗാവ്: ഐഎസ്എല്ലിൽ കൊൽക്കത്ത ഡർബിയിൽ എസ്.സി ഈസ്റ്റ് ബംഗാളിനെ തകർത്ത് എ.ടി.കെ മോഹൻ ബഗാൻ. മറുപടിയില്ലാത്ത മൂന്നു ഗോളിനായിരുന്നു എടികെയുടെ ജയം. ആദ്യ പകുതിയിലായിരുന്നു മൂന്നു ഗോളുകളും.

റോയ് കൃഷ്ണ, മൻവീർ സിങ്, ലിസ്റ്റൺ കൊളാക്കോ എന്നിവരാണ് എടികെക്കായി ലക്ഷ്യം കണ്ടത്. ജയത്തോടെ രണ്ട് കളികളിൽ രണ്ടു ജയവും ആറു പോയന്റുമായി മോഹൻ ബഗാൻ പോയന്റ് പട്ടികയിലെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.

മത്സരം ആരംഭിച്ച് 23 മിനിറ്റിനുള്ളിൽ തന്നെ എടികെ മൂന്നു ഗോളിന് മുന്നിലെത്തിയിരുന്നു. 12-ാം മിനിറ്റിൽ റോയ് കൃഷ്ണയാണ് ഗോളടി തുടങ്ങിവെച്ചത്. മൻവീർ സിങ് തുടങ്ങിവെച്ച ഒരു മുന്നേറ്റമാണ് ഗോളിൽ കലാശിച്ചത്. മൻവീർ നൽകിയ മികച്ചൊരു പാസ് സ്വീകരിച്ച പ്രീതം കോട്ടാൽ ബോക്സിലേക്ക് നൽകിയ പന്ത് മികച്ചൊരു വോളിയിലൂടെ കൃഷ്ണ വലയിലെത്തിച്ചു.

ആദ്യ ഗോളിന്റെ വിജയാഘോഷം തീരും മുമ്പ് ബഗാൻ രണ്ടാമതും ലക്ഷ്യം കണ്ടു. പതിനാലാം മിനിറ്റിൽ പന്ത് ക്ലിയർ ചെയ്യുന്നതിൽ ഈസ്റ്റ് ബംഗാൾ പ്രതിരോധം കാട്ടിയ അലംഭാവത്തിൽ നിന്ന് അവസരം മുതലാക്കിയ മൻവീർ സിങ് ബഗാനെ രണ്ടടി മുന്നിലെത്തിച്ചു. പതിനെട്ടാം മിനിറ്റിൽ ലിസ്റ്റൺ കൊളാക്കോയെ ഈസ്റ്റ് ബംഗാൾ ബോക്‌സിനുള്ളിൽ വീഴ്‌ത്തിയെങ്കിലും റഫറി പെനൽറ്റി അനുവദിച്ചില്ല.

എന്നാൽ നാലു മിനിറ്റിനകം ലിസ്റ്റൻ കൊളാക്കോ ഈസ്റ്റ് ബംഗാളിന്റെ വലയിൽ പന്തെത്തിച്ച് ബഗാന് മൂന്നാം ഗോൾ സമ്മാനിച്ചു. പന്ത് ക്ലിയർ ചെയ്യുന്നതിൽ ഈസ്റ്റ് ബംഗാൾ ഗോൾ കീപ്പർക്ക് പിഴച്ചപ്പോൾ ഓടിയെത്തിയ ലിസ്റ്റൺ കൊളാക്കോ ഒഴിഞ്ഞ വലയിൽ പന്തെത്തിച്ച് ബഗാനെ മൂന്നടി മുന്നിലാക്കി. 28-ാം മിനിറ്റിൽ മൻവീറിന്റെ ഗോളെന്നുറച്ച ഷോട്ട് അരിന്ദം അത്ഭുകതരമായി രക്ഷപ്പെടുത്തി.

മൂന്നു ഗോളുകൾ വീണതോടെ ഈസ്റ്റ് ബംഗാൾ പൂർണമായും പ്രതിരോധത്തിലേക്ക് തിരിഞ്ഞു. പരിക്കേറ്റ ഗോൾകീപ്പർ അരിന്ദം ഭട്ടാചാര്യ 33-ാം മിനിറ്റിൽ പരിക്കേറ്റ് പുറത്ത് പോയതും അവർക്ക് ക്ഷീണമായി. എങ്കിലും പിന്നീട് കൂടുതൽ ഗോളുകൾ വഴങ്ങാതെ മത്സരം അവസാനിപ്പിക്കാൻ ഈസ്റ്റ് ബംഗാൾ ടീമിനായി. രണ്ടാം പകുതിയിലടക്കം മൂന്നിലേറെ അവസരങ്ങൾ പിന്നെയും എടികെയ്ക്ക് ലഭിച്ചെങ്കിലും അതൊന്നും ഗോളിലെത്തിക്കാൻ അവർക്കായില്ല.