ജറുസലം: ഇസ്രയേൽഫലസ്തീൻ സംഘർഷം രൂക്ഷം. ഇസ്രയേൽ വ്യോമാക്രമണത്തിൽ പതിനാറ് പ്രധാന ഹമാസ് നേതാക്കൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗസ്സയിലെ ബ്രിഗേഡ് കമാൻഡർ ബാസിം ഇസയും മിസൈൽ ടെക്‌നോളജി തലവൻ ജോമ തഹ്ലയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

കിഴക്കൻ ഇസ്രയേലിലേക്ക് റോക്കറ്റ് വർഷം നടത്തി ഹമാസ് തിരിച്ചടിച്ചു. ഫലസ്തീനിൽ 53 പേരും ഇസ്രയേലിൽ 6 പേരും കൊല്ലപ്പെട്ടു. സംഘർഷം അവസാനിപ്പിക്കണമെന്ന് റഷ്യയും ചൈനയും ആവശ്യപ്പെട്ടു.

2014ന് ശേഷം ഹമാസിന് നഷ്ടമാവുന്ന ഏറ്റവും മുതിർന്ന നേതാവാണ് ബാസിം ഇസ്സ. സൈബർ വിഭാഗം മേധാവി കൂടിയാണ് ഇസയ്‌ക്കൊപ്പം കൊല്ലപ്പെട്ട ജോമ തഹ്ല.

ഹമാസ് സൈനികവിഭാഗമായ ഖ്വാസം ബ്രിഗേഡ്സിനെ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം. ഗസ്സയിലെ ഹമാസ് ഭരണത്തിന്റെ ആണിക്കല്ലാണ് ഖ്വാസം ബ്രിഗേഡ്സ്. ഗസ്സയിലെ ആശുപത്രികൾ നിറഞ്ഞുകവിഞ്ഞെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.

ഹമാസിന്റെ പ്രത്യാക്രമണത്തിൽ ഒരു ഇസ്രയേലി സൈനികൻ കൊല്ലപ്പെടുകയും മറ്റൊരാൾക്ക് പരുക്കേൽക്കുകയും ചെയ്തു. ടെൽ അവീവ്, അഷ്‌കലോൺ, ലോട് നഗരങ്ങൾ ലക്ഷ്യമിട്ടാണ് ഹമാസിന്റെ റോക്കറ്റ് ആക്രമണം.

സംഘർഷം ആളിപ്പടർന്നതോടെ ഇസ്രയേൽ ഫലസ്തീൻ അതിർത്തി നഗരങ്ങളിൽ ജനങ്ങൾ തെരുവിൽ ഏറ്റുമുട്ടുകയാണ്. ഇസ്രയേൽ അധിനിവേശ നീക്കങ്ങൾ നിർത്തിവയ്ക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇരുപക്ഷവും പ്രകോപനം ഒഴിവാക്കണമെന്ന് ചൈന, ഇറ്റലി, ജർമനി എന്നീ രാജ്യങ്ങൾ അഭ്യർത്ഥിച്ചു.

ഇസ്രയേൽഫലസ്തീൻ സംഘർഷത്തിൽ മിസൈൽറോക്കറ്റ് ആക്രമണങ്ങളിൽ ഇരുപക്ഷത്തും നിരവധി പേർക്കാണു ജീവൻ നഷ്ടമാകുന്നത്. മേഖലയിൽ 2019നു ശേഷം ഏറ്റവും രൂക്ഷമായ സംഘർഷമാണിതെന്നാണു റിപ്പോർട്ട്.

അധിനിവേശ കിഴക്കൻ ജറുസലമിലെ അൽ അഖ്‌സ പള്ളി വളപ്പിൽ തിങ്കളാഴ്ച ആരംഭിച്ച സംഘർഷമാണ് ഇപ്പോൾ കൈവിട്ടത്.

ഷെയ്ഖ് ജാറ മേഖലയിലെ ഫലസ്തീൻകാരെ ഒഴിപ്പിക്കാനുള്ള നീക്കത്തെ തുടർന്ന് ഏതാനും നാളുകളായി സംഘർഷമാണ്. അൽ അഖ്‌സയിൽനിന്ന് ഇസ്രയേൽ സേന പിൻവാങ്ങാൻ ഫലസ്തീൻ പ്രതിരോധ പ്രസ്ഥാനമായ ഹമാസ് നൽകിയ സമയം തിങ്കളാഴ്ച അവസാനിച്ചിരുന്നു. തുടർന്നു ഹമാസ് ഇസ്രയേലിലേക്കു റോക്കറ്റാക്രമണം നടത്തി. ഇതോടെ ഇസ്രയേൽ നടപടികൾ കടുപ്പിച്ചു.

അൽ അഖ്‌സ പള്ളി വളപ്പിൽ നടത്തിയ കണ്ണീർവാതക, റബർ ബുള്ളറ്റ് പ്രയോഗത്തിൽ നൂറുകണക്കിനു ഫലസ്തീൻകാർക്കു പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. ഗസ്സയിലെ ഇസ്ലാമിക് ജിഹാദ് എന്ന സംഘടനയുടെ മുതിർന്ന കമാൻഡർ അടക്കമുള്ളവരെ വ്യോമാക്രമണത്തിൽ വധിച്ചതായി ഇസ്രയേൽ അറിയിച്ചു.