തിരുവനന്തപുരം: നെടുമങ്ങാട് ഐഎസ്ആർഒ കേന്ദ്രത്തിൽ കോൺട്രാക്ട് ഡ്രൈവർ തസ്തികയിലേയ്ക്ക് നടത്തിയ ടെസ്റ്റുമായി ബന്ധപ്പെട്ട് പരാതിയുമായി ലിസ്റ്റിൽ ഇടംനേടിയ സിവിലിയൻസ് രംഗത്ത്. ടെസ്റ്റ് നടത്തി പ്രസിദ്ധീകരിച്ച വിമുക്ത ഭടന്മാരുടെ ലിസ്റ്റിൽ നിന്നും മുഴുവൻപേരെയും നിയമിച്ചിട്ടും സിവിൽ ലിസ്റ്റിൽ നിന്നും ഒരാളെ പോലും നിയമിച്ചിട്ടില്ലെന്നാണ് സിവിൽ പൗരന്മാരുടെ പരാതി.

കഴിഞ്ഞ മാർച്ച് മാസത്തിലാണ് നെടുമങ്ങാട് ഐഎസ്ആർഒ കേന്ദ്രത്തിൽ കോൺട്രാക്ട് ഡ്രൈവർ തസ്തികയിലേയ്ക്ക് ടെസ്റ്റ് നടത്തിയത്. വിമുക്ത ഭടന്മാർക്കും സിവിൽ പൗരന്മാർക്കും ഒരുമിച്ചു ഡ്രൈവിങ് ടെസ്റ്റ് നടത്തി രണ്ട് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. വിമുക്ത ഭടന്മാരുടെ ലിസ്റ്റിൽ എട്ടുപേരും സിവിൽ പൗരന്മാരുടെ ലിസ്റ്റിൽ ഏഴുപേരുമായിരുന്നു ഉണ്ടായിരുന്നത്. ഒഴിവനുസരിച്ച് രണ്ട് ലിസ്റ്റിൽ നിന്നും ഒരുപോലെ നിയമനം നടത്തുമെന്നായിരുന്നു അറിയിച്ചതെന്ന് സിവിൽ ലിസ്റ്റിലെ ഉദ്യോഗാർത്ഥികൾ പറയുന്നു.

മാർച്ച് മാസത്തിൽ സിവിൽ ലിസ്റ്റിൽ നിന്നും മൂന്ന് പേരെയും വിമുക്ത ഭടന്മാരുടെ ലിസ്റ്റിൽ നിന്ന് അഞ്ച് പേരെയും നിയമിച്ചു. ജൂലൈ മാസത്തിൽ വിമുക്ത ഭടന്മാരുടെ ലിസ്റ്റിൽ നിന്ന് ബാക്കി ഉണ്ടായിരുന്ന മുഴുവൻ പേരെയും വിളിച്ചു. എന്നാൽ സിവിൽ ലിസ്റ്റിൽ നിന്നും ആരെയും നിയമിക്കാൻ ഐഎസ്ആർഒ അധികൃതർ തയ്യാറായില്ല.

സിവിൽ ലിസ്റ്റിലുള്ളവർ പരാതിപ്പെട്ടപ്പോൾ വിമുക്തഭടന്മാരുടെ ലിസ്റ്റ് കഴിഞ്ഞു, ഇനി നിങ്ങളെ വിളിക്കും എന്ന് അധികൃതർ അറിയിച്ചതായി അവർ പറയുന്നു. എന്നാൽ സിവിലിയൻസിന്റെ ലിസ്റ്റിൽ നാലുപേർ ബാക്കി നിൽക്കവേ അവർ വീണ്ടും വിമുക്തഭടന്മാരെ ടെസ്റ്റിന് വിളിക്കുകയും ഒക്ടോബർ മാസം ഒന്നാം തീയതി അഞ്ചുപേരെ കൂടി വീണ്ടും നിയമിച്ചതായും സിവിൽ റാങ്കു പട്ടികയിലുള്ളവർ പരാതിപ്പെടുന്നു. പരാതിയുമായി എൽപിഎസ്‌സി ഡയറക്ടറെ കാണാൻ പോയ ഉദ്യോഗാർത്ഥികളെ സെക്യുരിറ്റി കയറ്റിവിടാൻ തയ്യാറായില്ലെന്നും അവർ പറയുന്നു.

ഐഎസ്ആർഒ ഡ്രൈവർ ലിസ്റ്റിൽ ഇടംപിടിച്ചപ്പോൾ വലിയ പ്രതീക്ഷകളുണ്ടായിരുന്ന ഉദ്യോഗാർത്ഥികളെല്ലാം ഇപ്പോൾ നിരാശയിലാണ്. വിമുക്ത ഭടന്മാർക്ക് വേണ്ടി മാത്രം രണ്ടാമതും ടെസ്റ്റ് നടത്തി നിയമനം ആരംഭിച്ചതോടെ അവരുടെ സ്വപ്നങ്ങളൊക്കെ തകർന്ന നിലയിലാണ്. ആദ്യറാങ്കുകൾ ലഭിച്ച മൂന്ന് പേർക്കൊഴികെ മറ്റാർക്കും ഇതുവരെ നിയമനം ലഭിച്ചിട്ടില്ല. വിമുക്ത ഭടന്മാർക്കൊപ്പം സിവിലിയൻസിനും നിയമനം നടത്തുമെന്ന വാഗ്ദാനം നടപ്പിലാക്കാത്തതിന്റെ പ്രതിഷേധത്തിലാണ് ഉദ്യോഗാർത്ഥികൾ.