കൊച്ചി: ഐഎസ്ആർഒ ചാരക്കേസുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ വീണ്ടും ട്വിസ്റ്റ്. സിബിഐ ഇപ്പോൾ ചാർജ് ചെയ്ത കേസിലെ പ്രതികൾക്ക് അഴിക്കുള്ളിൽ പോകേണ്ടി വരില്ലെന്ന വിലയിരുത്തൽ ശക്തമാക്കുന്നതാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ചാരക്കേസിന് പിന്നിൽ വിദേശ ഇടപെടൽ ഇല്ലെന്നാണ് ഹൈക്കോടതിയുടെ കണ്ടെത്തൽ. നേരത്തെ ചില ഭൂമി ഇടപാട് രേഖകൾ പുറത്തു വന്നിരുന്നു. ഇതെല്ലാം ചർച്ചയാകുമ്പോഴാണ് പുതിയ നിഗമനം ഹൈക്കോടതി നടത്തുന്നത്.

വിദേശശക്തി സ്വാധീനിച്ചെന്ന വാചക കസർത്ത് അല്ലാതെ മുൻ പൊലീസ് ഉദ്യോഗസ്ഥരായ എസ്. വിജയൻ, തമ്പി എസ്. ദുർഗാദത്ത്, ഇന്റലിജൻസ് ബ്യൂറോ മുൻ ഡപ്യൂട്ടി ഡയറക്ടർ ആർ.ബി ശ്രീകുമാർ, മുൻ ഡപ്യൂട്ടി സെൻട്രൽ ഇന്റലിജൻസ് ഓഫിസർ പി.എസ്. ജയപ്രകാശ് എന്നിവർക്കെതിരെ സൂചനയോ വസ്തുതയോ ഇല്ലെന്നു ഹൈക്കോടതി നിരീക്ഷിക്കുന്നത്. ഇവർക്കു മുൻകൂർജാമ്യം അനുവദിച്ച ഉത്തരവിലാണു ജസ്റ്റിസ് അശോക് മേനോന്റെ നിരീക്ഷണം. ഇന്നലെ വിരമിച്ച ജസ്റ്റിസ് അശോക് മേനോൻ ഇന്നലെ രാവിലെയാണു വിധി പ്രസ്താവിച്ചത്. ഇത് നമ്പി നാരായണൻ അടക്കമുള്ളവരുടെ വാദങ്ങളെ തള്ളികളയുന്നതാണ്. ഇപ്പോഴത്തെ സിബിഐ അന്വേഷണം ചാരപ്രവർത്തനത്തിന് തെളിവ് വീണ്ടും കണ്ടെത്തുമെന്ന വിലയിരുത്തലും ശക്തമാണ്.

ക്രയോജനിക് എൻജിന്റെ വികസനവുമായി ബന്ധപ്പെട്ട് ഐഎസ്ആർഒയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശാസ്ത്രജ്ഞരെ കുടുക്കാൻ ഗൂഢാലോചന നടത്താൻ പ്രതികൾക്കുമേൽ വിദേശശക്തി സ്വാധീനം ചെലുത്തിയെന്നാണ് നമ്പി നാരായണൻ അടക്കമുള്ളവരുടെ വാദം. ഈ ആരോപണത്തിന് തെളിവിന്റെ പൊടിപോലുമില്ലെന്നു ഹൈക്കോടതി വിലയിരുത്തി. നമ്പി നാരായണൻ ഉൾപ്പെടെയുള്ള ശാസ്ത്രജ്ഞർക്കെതിരെ കേസെടുത്തതിനു പിന്നിൽ പാക്കിസ്ഥാൻ ചാരസംഘടനയ്ക്കു ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ഹർജികളെ എതിർത്തു സിബിഐ വാദിച്ചിരുന്നു. ഇതാണ് തള്ളുന്നത്.

പ്രതികളുടെ പങ്കിനെക്കുറിച്ചു കൃത്യമായ വസ്തുതകളില്ലെങ്കിൽ അവർ രാജ്യതാൽപര്യങ്ങൾക്കു വിരുദ്ധമായാണു പ്രവർത്തിക്കുന്നതെന്നു പ്രഥമദൃഷ്ട്യാ പറയാനാകില്ലെന്നു കോടതി പറഞ്ഞു. കാൽ നൂറ്റാണ്ട് മുൻപു നടന്ന സംഭവത്തിന്റെ പേരിൽ വിരമിച്ചതിനുശേഷം, വാർധക്യത്തിൽ ചോദ്യം ചെയ്യാൻ ജയിലിൽ അടച്ച് അപകീർത്തിയുണ്ടാകുന്നതിനു സമാനമായ സാഹചര്യം കേസിലെ പ്രതികൾക്കുണ്ടാക്കരുതെന്നും ഹൈക്കോടതി നിർദ്ദേശിച്ചു. സുപ്രീംകോടതി നിർദ്ദേശ പ്രകാരമാണ് ചാരക്കേസിൽ മുൻ പ്രതികൾക്കുണ്ടായ ആരോപണങ്ങളിലേക്ക് സിബിഐ അന്വേഷണം എത്തിയത്.

ഐഎസ്ആർഒ ഉദ്യോഗസ്ഥരുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട സംശയകരമായ സാഹചര്യങ്ങളുണ്ടായിട്ടുണ്ടെന്നു ചില രേഖകളിൽ സൂചിപ്പിക്കുന്നുണ്ടെന്നും അതാണ് ഉദ്യോഗസ്ഥരെ അവർക്കെതിരെ നീങ്ങാൻ പ്രേരിപ്പിച്ചതെന്നും ഹൈക്കോടതി പറഞ്ഞു. അന്വേഷണം കേന്ദ്രഏജൻസിയെ ഏൽപിപ്പിക്കുന്നതാണ് ഉചിതമെന്നു സംസ്ഥാന സർക്കാരിനു തോന്നിയതിനാലാണു സിബിഐയെ ഏൽപിച്ചത്. എന്നാൽ നീണ്ട അന്വേഷണത്തിനുശേഷവും ആരോപണങ്ങൾ ശരിയാണെന്നു സിബിഐ കണ്ടെത്തിയില്ലെന്നും തുടർന്നാണ് കേസ് അവസാനിപ്പിച്ചതെന്നും കോടതി പറഞ്ഞു. ഇതും പഴയ കാലത്തെ അന്വേഷണ ഉദ്യോഗസ്ഥർക്ക് ആശ്വാസമാണ്.

വീസ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ താമസിച്ച മാലി വനിതകളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിൽ സംശയകരമായ സാഹചര്യങ്ങൾ ഒന്നാം പ്രതിയും വഞ്ചിയൂർ പൊലീസ് സ്റ്റേഷൻ സ്‌പെഷൽ ബ്രാഞ്ച് ഇൻസ്‌പെക്ടറുമായ എസ്.വിജയൻ, രണ്ടാം പ്രതിയും സബ് ഇൻസ്‌പെക്ടറുമായ തമ്പി എസ്.ദുർഗാദത്ത് എന്നിവർ കണ്ടെത്തിയിരുന്നെന്നു കോടതി പറഞ്ഞു. തുടർന്നാണ് ഇവർ കേസ് രജിസ്റ്റർ ചെയ്തതും ഉന്നത ഉദ്യോഗസ്ഥരെ വിവരം അറിയിച്ചതും. തുടർന്നു ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ കേരള പൊലീസിനെ സഹായിക്കാനായി ഐബിയിൽനിന്നുള്ള ഉദ്യോഗസ്ഥരടക്കം പ്രത്യേക അന്വേഷണ സംഘംരൂപീകരിച്ചു.

ഈ ഘട്ടത്തിൽ കേരള പൊലീസിന്റെ ആശങ്കകൾ അടിസ്ഥാനമില്ലാത്തതാണെന്നു പറയാനാവില്ല. എന്നാൽ ഉദ്യോഗസ്ഥർക്കെതിരെയുള്ള ആരോപണങ്ങളിൽ കഴമ്പില്ലെന്നും അന്വേഷണം ഉപേക്ഷിക്കാമെന്നുമാണു ആത്യന്തികമായി കണ്ടെത്തിയതെന്നും ഹൈക്കോടതി പറയുന്നത്. അറസ്റ്റ് ചെയ്താൽ ഒരു ലക്ഷം രൂപയുടെ ബോണ്ടിലും സമാന തുകയ്ക്കു രണ്ടുപേരുടെ ഉറപ്പിലും ജാമ്യം അനുവദിക്കാനാണു ഹൈക്കോടതി നിർദ്ദേശം നൽകിയത്. ആവശ്യപ്പെടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും നിർദ്ദേശം നൽകി. കോടതിയുടെ അനുമതിയില്ലാതെ രാജ്യം വിടരുതെന്നും നിർദ്ദേശിച്ചു.