മലപ്പുറം: കോവിഡ് രണ്ടാം തരംഗത്തിൽ രോഗികളുടെ എണ്ണം വ്യാപകമായി വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ തെരഞ്ഞെടുപ്പ് ഫലം വരുമ്പോഴുള്ള ആഹ്‌ളാദ പ്രകടനങ്ങൾ ഒഴിവാക്കണെന്ന് മുസ്ലിംലീഗ് നേതൃത്വം. ലീഗ് പ്രവർത്തകർ ആഹ്ലാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്തു.

ഫേസ്‌ബുക്കിലൂടെയാണ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ പ്രവർത്തകരോട് ആഹ്‌ളാദ പ്രകടനങ്ങൾ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത്. കാത്തിരുന്ന ഫലം നാളെ വരികയാണ്. നമ്മുടെ സംസ്ഥാനം ലോകോത്തരമായി വളരണം, അതിന്നുവേണ്ടി ജനങ്ങൾ എഴുതിയ വിധിയാണ് നാളെ പുറത്തുവരുന്നത്. സന്തോഷത്തിന്റെ ദിവസമാണ്. പക്ഷേ നമ്മുടെ സഹോദരങ്ങളായ ആയിരങ്ങൾ പ്രാണവായുവിന് വേണ്ടി കേഴുകയാണ്. മഹാമാരിയുടെ തടവറയിലാണ്. പ്രാർത്ഥനാപൂർവ്വം ആ ഓർമ്മകൾ ഉണ്ടായിരിക്കണം. അതുകൊണ്ട് നാളെ ആഹ്ലാദം വേണ്ട സംതൃപ്തി മതി- സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങൾ ഫേസ്‌ബുക്കിൽ കുറിച്ചു.