വയനാട്: കൽപ്പറ്റ നിയോജക മണ്ഡലം ചോദിച്ചതിൽ ഖേദപ്രകടനവുമായി മുസ്ലിം ലീഗ്. വയനാട് ലീഗ് ജില്ലാ സെക്രട്ടറി യഹിയാ ഖാനാണ് ഖേദം പ്രകടിപ്പിച്ചത്. ലീഗ് സീറ്റ് ആവശ്യപ്പെട്ടതിൽ യു.ഡി.എഫ് പ്രവർത്തകർക്ക് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് വയനാട് ലീഗ് ജില്ലാ സെക്രട്ടറി പറഞ്ഞു.

വിഷയം മണ്ഡലത്തിൽ ചർച്ചയായതിൽ സന്തോഷമുണ്ടെന്നും ഈ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് യു.ഡി.എഫ് നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മണ്ഡലത്തിൽ ലീഗിനുള്ള അവകാശവാദം കൂടുതൽ ശക്തമാക്കുമെന്ന സൂചനയുമുണ്ട്. നേതാക്കൾ എവിടെ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് മുല്ലപ്പള്ളിയും ഇന്ന് വ്യക്തമാക്കിയിരുന്നു.

കെപിസിസി പ്രസിഡന്റായ മുല്ലപ്പള്ളി രാമചന്ദ്രനെ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ കൽപ്പറ്റ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് നീക്കം ലീഗിൽ തർക്കത്തിന് വഴിവെച്ചിരുന്നു. കോഴിക്കോടോ വയനാടോ മുല്ലപ്പള്ളിയെ മത്സരിപ്പിക്കുമെന്നാണ് കണക്കുകൂട്ടുന്നത്. വയനാടാണെങ്കിൽ കൽപ്പറ്റ മണ്ഡലവും കോഴിക്കോടാണെങ്കിൽ കൊയിലാണ്ടി മണ്ഡലവുമാണ് നൽകാൻ സാധ്യത.

കൽപ്പറ്റ മണ്ഡലം സുരക്ഷിതമാണെന്നാണ് മുല്ലപ്പള്ളിയുടെയും വിശ്വാസം. കൽപ്പറ്റ മണ്ഡലത്തിൽ മത്സരിക്കാൻ താത്പര്യമുണ്ടെന്ന് മുല്ലപ്പള്ളി ഹൈക്കമാൻഡിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ മുല്ലപ്പള്ളിയെ സ്ഥാനാർത്ഥിയായി അംഗീകരിക്കാനാവില്ലെന്നും ലീഗിന് കൽപ്പറ്റയിൽ സ്ഥാനാർത്ഥികളുണ്ടെന്നുമായിരുന്നു യഹിയാ ഖാൻ നേരത്തെ പറഞ്ഞത്.

കൽപ്പറ്റ കോൺഗ്രസിന്റെ സിറ്റിങ് സീറ്റല്ല. യു.ഡി.എഫിലുണ്ടായിരുന്ന എൽ.ജെ.ഡിയുടെ സിറ്റിങ് സീറ്റായിരുന്നു. ലീഗ് ഇത്തവണ അധികമായി ആവശ്യപ്പെട്ട മണ്ഡലത്തിൽ കൽപ്പറ്റ നിയോജക മണ്ഡലവും ഉണ്ട്. മുല്ലപ്പള്ളി വരാൻ യാതൊരു സാധ്യതയുമില്ല. വയനാട്ടിൽ നിലവിലെ സാഹചര്യത്തിൽ പുറത്ത് നിന്ന് മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിക്ക് അത്തരത്തിലൊരു സാധ്യതയുണ്ടെന്ന് കരുതുന്നില്ല എന്നായിരുന്നു യഹിയാ ഖാൻ പറഞ്ഞത്. നിലവിൽ സിപിഐ.എമ്മിന്റെ മണ്ഡലമാണ് കൽപ്പറ്റ. സി. കെ ശശീന്ദ്രനാണ് എംഎ‍ൽഎ.