കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെതിരെ അധിക്ഷേപ പരാമർശവുമായി മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്മിനാൻ കല്ലായി. റിയാസിന്റെയും വീണയുടെയും വിവാഹകാര്യം ചൂണ്ടിക്കാട്ടിയാണ് അധിക്ഷേപ പരാമർശവുമായി ലീഗ് നേതാവ് രംഗത്തെത്തി. റിയാസിന്റേത് വിവാഹമല്ല, വ്യഭിചാരമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് ബീച്ചിൽ നടത്തിയ വഖഫ് സംരക്ഷണ റാലിയിലായിരുന്നു അബ്ദുറഹ്മാൻ കല്ലായിയുടെ പ്രതികരണം.

'മുൻ ഡിവൈഎഫ്ഐ അഖിലേന്ത്യ പ്രസിഡന്റ് പുതിയാപ്ലയാണ്. എന്റെ നാട്ടിലെ പുതിയാപ്ലയാണ്. ആരാടോ ഭാര്യ... ഇത് വിവാഹമാണോ. വ്യഭിചാരമാണ്. സിഹ്റാണ് (അറബി പദം). അത് പറയാൻ തന്റേടം വേണം. സി.എച്ച്. മുഹമ്മദ് കോയയുടെ നട്ടെല്ല് നമ്മൾ ഉപയോഗിക്കണം,' അബ്ദുറഹ്മാൻ കല്ലായി പറഞ്ഞു. സ്വവർഗരതിക്ക് നിയമ പ്രാബല്യം കൊണ്ടുവരണമെന്ന് പറയുന്നവരാണ് കമ്മ്യൂണിസ്റ്റ് പാർട്ടികൾ. അവരുടെ പ്രകടന പത്രികയിൽ അതിനെക്കുറിച്ച് പറയുന്നുണ്ട്.

ഡിവൈഎഫ്ഐയാണെന്ന് കമ്മ്യൂണിസ്റ്റുകാരെ പിന്തുണക്കുന്നവർ ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇ.എം.എസും എ.കെ.ജിയും ഇല്ലാത്ത സ്വർഗം ഞങ്ങൾക്ക് വേണ്ട എന്ന് പറയുന്നവരെ കണ്ടിട്ടുണ്ട്. അങ്ങനെ പറയുന്നവർ കാഫിറുകളാണ്. ലീഗ് എന്നും സമുദായത്തിനൊപ്പം നിന്ന പാർട്ടിയാണ്. ആയിരം പിണറായി വിജയന്മാർ ഒരുമിച്ച് ശ്രമിച്ചാലും മുസ്ലിം ലീഗിന്റെ അഭിമാനം നശിപ്പിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നവംബർ 9 നാണ് സംസ്ഥാനത്തെ വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടാൻ തീരുമാനമായത്. ഇത് സംബന്ധിച്ചുള്ള ബിൽ നിയമസഭ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. നേരത്തെ വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിനെതിരെ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ മതസംഘടനകൾ യോഗം ചേർന്നിരുന്നു. എന്നാൽ യോഗത്തിൽ നിന്ന് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ നേതൃത്വം നൽകുന്ന കേരള മുസ്ലിം ജമാഅത്തും എം.ഇ.എസും വിട്ടുനിന്നു.

അതേസമയം മുസ്ലിം ലീഗ് സാമുദായിക ഐക്യത്തിന്റെ വക്താക്കളാണെന്നാണ മുസ്ലിം ലീഗ് നേതാവ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനത്തിൽ പറഞ്ഞത്. സമുദായത്തിലെ ചിലർ ഭിന്നിപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്നും ഐക്യത്തിന് വിള്ളൽ ഉണ്ടാകാൻ പാടില്ലെന്നം അദ്ദേഹം പറഞ്ഞു. മുസ്ലിം ലീഗ് സംഘടിപ്പിച്ച വഖഫ് സംരക്ഷണ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വഖഫ് നിയമനം പി.എസ്.സിക്ക് വിടാൻ ഉള്ള തീരുമാനം നടപ്പാക്കാൻ സമ്മതിക്കില്ലെന്നും സമുദായ ഐക്യത്തിൽ വിള്ളൽ ഉണ്ടാക്കാൻ സമ്മതിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ലീഗും സമസ്തയുമായി തർക്കമുണ്ടെന്ന വാർത്തകളോടും പരോക്ഷമായി സാദിഖലി പ്രതികരിച്ചു. സമുദായ ഐക്യമാണ് ലീഗിന്റെ ലക്ഷ്യം. ആ കട്ടിൽ കണ്ട് ക്ലിഫ് ഹൗസിൽ ആരും പനിച്ച് കിടക്കേണ്ടെന്നും സാദിഖലി തങ്ങൾ പറഞ്ഞു. നിയമസഭയിൽ പാസക്കിയ തീരുമാനം നിയമസഭയിൽ തന്നെ പിൻവലിക്കണമെന്നും സാദിഖലി തങ്ങൾ ആവശ്യപ്പെട്ടു. വഖഫ് നിയമനം പി.എസ്.സിക്ക് വിടാനുള്ള സർക്കാരിന്റെ തീരുമാനം ദുഷ്ടലാക്കോടെയാണ്. ഇസ്ലാമികമായ വിശ്വാസ പ്രമാണങ്ങൾക്ക് അനുസരിച്ച് ജീവിക്കുന്നവരും പ്രവർത്തിക്കുന്നവരുമാണ് വഖഫ് കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.