കോഴിക്കോട്: അതീവ ജാഗ്രതാ മേഖലയായ ആശുപത്രി വളപ്പിൽ കോവിഡ്, ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് കൊണ്ട് പ്രതിഷേധ പരിപാടി സംഘടിപ്പിച്ച മുസ്ലിം ലീഗ് നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കഴിഞ്ഞ ദിവസമാണ് താമരശ്ശേരി താലൂക്ക് ആശുപത്രി വളപ്പിൽ മുസ്ലിം ലീഗിന്റെ നേതൃത്വത്തിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് മുസ്ലിം ലീഗ് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. മുൻ എംഎൽഎ വി എം ഉമ്മർ മാസ്റ്റർ ഉൾപ്പെട്ട എട്ട് പേർ പരിപാടിയിൽ പങ്കെടുക്കുകയും ചെയ്തു.

താമരശ്ശേരി മേഖലയിൽ കോവിഡ് വ്യാപനം രൂക്ഷമാവുകയും പ്രദേശത്തെ കോവിഡ് രോഗികൾ പ്രധാനമായും ആശ്രയിക്കുന്ന ആശുപത്രിയുമായ താലൂക്ക് ആശുപത്രിയിൽ ഇത്തരത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോട് കൂടിയുള്ള പ്രതിഷേധം സംഘടിപ്പിച്ചതിനെതിരെ സിപിഐഎം അടക്കമുള്ള പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുകയും, ഇക്കാലമത്രയും ഒരു രാഷ്ട്രീയ പാർട്ടിയും പ്രതിഷേധ പരിപാടികൾക്കായി ഉപയോഗിക്കാത്ത ആശുപത്രി കോംബൗണ്ടിൽ പരിപാടി സംഘടിപ്പിക്കുകയും ചെയ്ത ലീഗ് നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഎം ആരോപിച്ചു.

ലീഗിന് ആശുപത്രി വളപ്പിൽ പ്രതിഷേധ പരിപാടി നടത്താൻ അനുമതി നൽകിയ നടപടി ചട്ടവിരുദ്ധമാണെന്നും സിപിഐഎം ആരോപിക്കുന്നു. അതേ സമയം ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് അതീവ ജാഗ്രതാ മേഖലയായ താലൂക്ക് ആശുപത്രി വളപ്പിൽ പ്രതിഷേധ പരിപാടി സംഘടിപ്പിച്ച 8 ലീഗ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ആശുപത്രി വളപ്പിൽ ഫലസ്തീൻ ഐക്യ ദാർഢ്യ സംഗമം സംഘടിപ്പിച്ച മുൻ എംഎ‍ൽഎ.വി എം ഉമ്മർ മാസ്റ്റർ അടക്കമുള്ള എട്ടു പേർക്കെതിരെയാണ് താമരശ്ശേരി പൊലീസ് കേസെടുത്തിരിക്കുന്നത്.