കോഴിക്കോട്: നേതൃത്വത്തിനെതിരെ പ്രവർത്തകർക്കിടയിൽ അമർഷം പുകയുന്നതിനിടെ ഇന്ന് ലീഗ് ഉന്നതാധികാര സമിതി യോഗം ചേരും. നിയമസഭാ കക്ഷി നേതാവിനെയും പ്രതിപക്ഷ ഉപനേതാവിനെയും യോഗത്തിൽ തിരഞ്ഞെടുക്കും. നേതൃത്വത്തിനെതിരെ ഉയർന്ന വിമർശനങ്ങളും ചർച്ചാ വിഷയമാകും. മുൻകാലങ്ങളിൽനിന്നും വ്യത്യസ്തമായി കടുത്ത വിമർശനങ്ങളാണ് ഇത്തവണ നേതൃത്വത്തിനെതിരെ ഉണ്ടായിരിക്കുന്നത്.

വൻവിജയം പ്രതീക്ഷിച്ചിരുന്ന മണ്ഡലങ്ങളിലൊക്കെ ലീഗ് സ്ഥാനാർത്ഥി പിന്നിലേയ്ക്ക് പോയത് പ്രവർത്തകർക്കിടയിൽ നേതൃത്വത്തിനെതിരായി അമർഷം പുകയുന്നതിന് കാരണമായിട്ടുണ്ട്. സീറ്റ് വിഹിതം കുറഞ്ഞതും കുത്തക മണ്ഡലങ്ങൾ നഷ്ടമായതും പല മേഖലകളിലും പൊട്ടിത്തെറിക്ക് വഴിവച്ചിട്ടുണ്ട്. കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ഗുണത്തെക്കാളുപരി ദോഷം ചെയ്‌തെന്ന വിലയിരുത്തലാണ് അണികൾക്കിടയിൽ ഉള്ളത്. വർഷങ്ങളായി ലീഗിലെ സർവാധികാരിയായി വിലസുന്ന കുഞ്ഞാലിക്കുട്ടിയ്‌ക്കെതിരെ പ്രവർത്തകരും നേതാക്കളും പരസ്യമായി രംഗത്ത് വന്നതും ലീഗ് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. ഇക്കാര്യങ്ങളും യോഗത്തിൽ ചർച്ച ചെയ്യുമെന്നാണ് സൂചന. കെഎം ഷാജിയെ വിജിലൻസിന് ഒറ്റി നൽകിയ കോഴിക്കോട്ടെ നേതാവിനെതിരെയുള്ള അന്വേഷണവും ചർച്ചയാകും.

ഇത്തവണ താനൂർ, അഴീക്കോട്, കളമശേരി, കോഴിക്കോട് സൗത്ത് മണ്ഡലങ്ങളിലെ തോൽവിയെക്കുറിച്ചു പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചേക്കും. ലീഗിന്റെ അഭിമാന മണ്ഡലങ്ങളായിരുന്നു ഇവ. അധികാരവും പദവികളും ഉന്നതാധികാരസമിതി അംഗങ്ങൾക്കിടയിൽ വീതംവച്ച് എടുക്കുന്നുവെന്നും പുതുമുഖങ്ങൾക്ക് അവസരം നൽകുന്നില്ലെന്നതുമാണ് നേതൃത്വത്തിനെതിരെ ഉന്നയിക്കപ്പെടുന്ന പ്രധാന വിമർശനം.

സമിതിയിലെ ഒമ്പത് അംഗങ്ങളിൽ മൂന്ന് പേർ ഇത്തവണ നിയമസഭയിലേക്കും അബ്ദുസ്സമദ് സമദാനി ലോക്‌സഭയിലേക്കും അബ്ദുൽ വഹാബ് രാജ്യസഭയിലേക്കും മത്സരിച്ചു. ഇ.ടി. മുഹമ്മദ് ബഷീർ ലോക്‌സഭാംഗമാണ്. വി.കെ. ഇബ്രാഹിംകുഞ്ഞിന് അവസരം നിഷേധിച്ചെങ്കിലും പകരം മകനു സീറ്റ് നൽകി.

ലീഗിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ സമിതി അംഗങ്ങളിൽ ഒരാൾ മത്സരരംഗത്തുനിന്നു മാറിനിൽക്കണമെന്ന നിർദ്ദേശം ഇത്തവണ ഉയർന്നിരുന്നെങ്കിലും സ്ഥാനാർത്ഥി നിർണയത്തിൽ അതു നടപ്പാക്കാൻ കഴിഞ്ഞില്ല.

കെ.പി.എ. മജീദ് തിരൂരങ്ങാടിയിൽ മത്സരിച്ച പശ്ചാത്തലത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറിയുടെ താൽക്കാലിക ചുമതല പി.എം.എ. സലാമിനു നൽകിയിരുന്നു. പാർട്ടിക്കു ശക്തി പകരാൻ പുതിയ ജനറൽ സെക്രട്ടറിയെ തിരഞ്ഞെടുക്കണമെന്ന ആവശ്യവും ശക്തമാണ്. ടേം നിബന്ധനയുടെ പേരിൽ നിയമസഭാ സ്ഥാനാർത്ഥിത്വം നഷ്ടപ്പെട്ട എം.ഉമ്മർ, സി. മമ്മുട്ടി, പി.കെ. അബ്ദുറബ്ബ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളത്. കെ.എം. ഷാജിയെ ജനറൽ സെക്രട്ടറിയാക്കണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ടെങ്കിലും വിജിലൻസ് കേസ് തിരിച്ചടിയാകും.