ഹത്രാസ് കൂട്ടബലാൽസംഘം റിപ്പോർട്ട് ചെയ്യാനുള്ള യാത്രക്കിടെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത് യുഎപിഎ ചുമത്തി ജയിലിലടച്ച മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. കോവിഡ് ബാധിതനാണെന്നും അദ്ദേഹത്തിന് ചികിൽസ നിഷേധിക്കുന്നുവെന്നും പരാതിപ്പെട്ട് അദ്ദേഹത്തിന്റെ ഭാര്യയാണ് ആദ്യം രംഗത്തെത്തിയത്. ഇതിനെ തുടർന്നു നിരവധി മനുഷ്യാവകാശ സംഘടനകൾ ഇടപ്പെട്ട് ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിൽ എത്തിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ യു.പി ഭരിക്കുന്ന ആദിത്യനാഥ് സർക്കാരിനെതിരെ രൂക്ഷവിമർശനങ്ങളാണ് മനുഷ്യാവകാശ സംഘടനകളും കാപ്പന്റെ ബന്ധുക്കളും ഉന്നയിക്കുന്നത്.

സിദ്ദിഖ് കാപ്പന് നേരിടേണ്ടി വരുന്ന മനുഷ്യാവകാശലംഘനങ്ങൾ ദേശീയതലത്തിൽ തന്നെ ചർച്ച ചെയ്യപ്പെടുമ്പോൾ ആ വിഷയം ഏറ്റെടുക്കാൻ മുന്നോട്ടു വരുകയാണ് മുസ്ലിം ലീഗ്.

പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് കാപ്പന്റെ വസതി സന്ദർശിച്ചു. കാപ്പന് അടിയന്തര വൈദ്യസഹായം ഉറപ്പാക്കാൻ ഇടപെടണമെന്നഭ്യർത്ഥിച്ച് പ്രധാനമന്ത്രിക്കും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചതായി അദ്ദേഹം അറിയിച്ചു. അടിയന്തിരമായി ഡൽഹി എയിംസിലേക്ക് അദ്ദേഹത്തെ മാറ്റാനുള്ള നടപടികൾ സ്വീകരിക്കാൻ അധികൃതർക്ക് നിർദ്ദേശം നൽകണമെന്നുമാണ് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

അതെസമയം സിദ്ദിഖ് കാപ്പന് മികച്ച ചികിത്സ ഉറപ്പാക്കിയെന്ന് പിവി അബ്ദുൽ വഹാബ് എംപി ഫേസ്‌ബുക്കിലൂടെ അറിയിച്ചു. മഥുരയിലെ സുഹൃത്തുക്കളുമായി സംസാരിച്ചെന്നും അവർ ആശുപത്രി ചെയർമാനുമായി കാര്യങ്ങൾ ചർച്ച ചെയ്തെന്നും വഹാബ് പറഞ്ഞു. മഥുരയിലെ തന്റെ സുഹൃത്തായ സമാജ്‌വാദി പാർട്ടി പ്രസിഡന്റ് അഡ്വ. തൻവീർ അഹമ്മദുമായും മഥുരയിലെ മാരുതി ഡീലർ കൂടിയായ അഡ്വ. പവൻ ചതുർവേദിയുമായും ഇക്കാര്യം സംസാരിച്ചിരുന്നു. അവർ ആശുപത്രി ചെയർമാനുമായി സംസാരിക്കുകയും മെച്ചപ്പെട്ട ചികിത്സ ഉറപ്പുവരുത്തുകയും ചെയ്തിട്ടുണ്ട്. കോവിഡ് നെഗറ്റീവായതിനാൽ വൈകാതെ ജയിലിലേക്ക് തിരിച്ചയക്കുമെന്ന വിവരമാണ് ജയിൽ അധികൃതരുമായി സംസാരിച്ചപ്പോൾ ലഭിച്ചത്. സിദ്ദീഖ് കാപ്പന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താനും പൗരാവകാശങ്ങൾ നിഷേധിക്കപ്പെടുന്ന സംഭവങ്ങൾ ഇനി ഉണ്ടാകാതിരിക്കാനും അദ്ദേഹത്തിന് നീതി ലഭ്യമാക്കാനുമാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ് ബുക്കിൽ കുറിച്ചു.

സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് എം.കെ മുനീർ കഴിഞ്ഞ ദിവസം ദേശീയ മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകി. കാപ്പന് വേണ്ടി പ്രതിഷേധ മതിലുമായി യൂത്ത് ലീഗും രംഗത്തെത്തിയിരുന്നു. മുനവറലി തങ്ങളും പികെ ഫിറോസും അടക്കമുള്ള യുവജനനേതാക്കളും സിദ്ദിഖ് കാപ്പന് വേണ്ടി പരസ്യമായി രംഗത്തെത്തിയത് മുതിർന്ന നേതാക്കളുടെ നിർദ്ദേശപ്രകാരമായിരുന്നു.

ഇതിനിടെ സിദ്ദീഖ് കാപ്പന്റെ മെഡിക്കൽ റിപ്പോർട്ട് ഉടൻ കൈമാറണമെന്ന് യുപി സർക്കാരിനോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. പരമാവധി ഇന്നു തന്നെ റിപ്പോർട്ട് സമർപ്പിക്കാനാണ് കോടതിയുടെ നിർദ്ദേശം. വീഡിയോ കോൺഫറൻസ് വഴി ഭാര്യയുമായി സംസാരിക്കാൻ കോടതി കാപ്പന് അനുമതി നൽകുകയും ചെയ്തിട്ടുണ്ട്. കേസ് നാളെ വീണ്ടും പരിഗണിക്കും.