കോഴിക്കോട്: ആഴക്കടൽ ട്രോളർ വിവാദത്തിൽ കെഎസ്ഐഎൻഡി എംഡി പ്രശാന്ത് നായരെ പരോക്ഷമായി വിമർശിച്ച് ഫിഷറീസ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. എന്തിന്റെ അടിസ്ഥാനത്തിലാണ് ഡീപ് സീ ട്രോളറിനായി ഇൻലാൻഡ് നാവിഗേഷൻ 400 കോടി ഡോളറിന്റെ ഓർഡർ കൊടുക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി ചോദിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് പൊതുമേഖലാ സ്ഥാപനം ഇത്തരത്തിൽ ഓർഡർ നൽകിയത് ?. മുഖ്യമന്ത്രിയോട് ചർച്ച ചെയ്തോ ?. ഫിഷറീസ് വകുപ്പിനോട് ചർച്ച ചെയ്തോ?. സർക്കാരിന്റെ നയം അതാണോ ?. നയത്തിന് വിരുദ്ധമായി ഏതെങ്കിലും ഉദ്യോഗസ്ഥൻ പ്രവർത്തിക്കാമോ.. ഐഎഎസുകാർക്കൊക്കെ മിനിമം ധാരണ വേണം. മിനിമം വിവരമില്ലാതെ 400 ഷിപ്പ് നിർമ്മിക്കാനാണ് കരാർ. എത്രകാലം കൊണ്ടാണ് ?. മന്ത്രി ചോദിച്ചു.

ഇപ്പോൾ നമ്മൾ 10 ഡീപ് സീ ലോങ്ലൈനർ നിർമ്മിക്കാനായി ഷിപ്പ്യാർഡുമായി ചർച്ച നടത്തി. ആദ്യഘട്ടത്തിൽ പത്തെണ്ണം കോഴിക്കോട്, എറണാകുളം, കൊല്ലം, തിരുവനന്തപുരം എന്നീ നാലു ജില്ലകൾക്കാണ് കൊടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ചർച്ചകളിൽ വ്യക്തമാക്കിയത് ഒരു ഡീപ് സീ ട്രോളർ നിർമ്മിക്കാൻ എട്ടുമാസം വേണമെന്നാണ്.

കെഎസ്ഐൻസി 400 ഡോളർ നിർമ്മിക്കുമെന്നാണ് പറയുന്നത്. ആർക്കുവേണ്ടി ?. മിനിമം വിവരം ഉണ്ടെങ്കിൽ 400 എണ്ണം ഇക്കാലത്ത് നിർമ്മിക്കുമെന്ന് ആരെങ്കിലും കരാർ ഉണ്ടാക്കുമോ. ഐഎഎസ് ആയാൽ ഭൂമിക്ക് കീഴിലുള്ള എല്ലാം അറിയുമെന്ന് ധാരണ വേണ്ട. ആരോട് ചോദിച്ചു. എങ്ങനെയാണ് ഇക്കാര്യം ചെയ്തത്. ഇപ്പോൾ രമേശ് ചെന്നിത്തല ഇക്കാര്യം ഉപയോഗിക്കുമ്പോൾ രാഷ്ട്രീയമായ ഗൂഢലക്ഷ്യം അതിന്റെ പിന്നിലുണ്ടോ എന്ന ശക്തമായ ആക്ഷേപമാണ് തങ്ങൾക്ക് ഉള്ളതെന്ന് മന്ത്രി പറഞ്ഞു.

വിവാദ കരാർ ആരോട് ചോദിച്ചിട്ടാണ് നടപ്പാക്കിയതെന്നും, കരാറിന് മുമ്പ് വകുപ്പിനോടോ മുഖ്യമന്ത്രിയോടോ ആലോചിച്ചില്ലെന്നും മന്ത്രി പിന്നീട് പറഞ്ഞു. ഇക്കാര്യത്തിൽ അയാൾ (കെഎസ്ഐഎൻഡി എംഡി ) മറുപടി പറയേണ്ടി വരും. ഇക്കാര്യം അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സുപ്രധാന പദവിയിൽ ഇരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥൻ സർക്കാർ നയം അറിഞ്ഞിരിക്കേണ്ടതാണ്. ഈ നയത്തിൽ നിന്നും വ്യതിചലിച്ചാൽ, അക്കാര്യത്തിൽ അയാൾ മറുപടി പറയേണ്ടി വരും.അല്ലാതെ ഇതിൽ ബലിയാടാക്കൽ ഒന്നുമില്ല. എന്ത് ബലിയാട് എന്നും മന്ത്രി മേഴ്സിക്കുട്ടിയമ്മ ചോദിച്ചു. സർക്കാർ കടൽച്ചുഴിയിലാണെന്ന് മാധ്യമങ്ങൾ പറയുന്നു. വിഷയത്തിൽ മാധ്യമങ്ങൾ അധമപ്രചാരണം നടത്തുകയാണെന്നും മന്ത്രി പറഞ്ഞു.

മാധ്യമങ്ങൾ കള്ളം പ്രചരിപ്പിക്കുകയാണെന്നും ഇഎംസിസി മുഖ്യമന്ത്രിയെ കണ്ടതിൽ എന്താണ് തെറ്റെന്നും മന്ത്രി ചോദിച്ചു. തന്നെ മാത്രമാണ് കമ്പനി പ്രതിനിധികൾ കണ്ടതെന്നായിരുന്നു കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുമായും ഫിഷറീസ് മന്ത്രിയുമായും കമ്പനി പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയതായി ചെന്നിത്തല ഇന്നലെ ആരോപിച്ചിരുന്നു. ഇതേ തുടർന്നാണ് മുഖ്യമന്ത്രിയേയും കമ്പനി പ്രതിനിധികൾ കണ്ടിരുന്നതായി മേഴ്സിക്കുട്ടിയമ്മ ഇന്ന് വ്യക്തമാക്കിയത്.