പട്ന: ബിജെപി ദേശീയ അധ്യക്ഷൻ ജെപി നഡ്ഡയ്‌ക്കെതിരെ ഗോ ബാക്ക് മുദ്രാവാക്യവുമായി വിദ്യാർത്ഥികൾ. പൂർവ വിദ്യാർത്ഥി സംഗമത്തിൽ പങ്കെടുക്കാനായി പട്‌ന കോളജിലെത്തിയപ്പോഴായിരുന്നു നഡ്ഡയ്‌ക്കെതിരെ മുദ്യാവാക്യം വിളികളുമായി രംഗത്തെത്തിയത്. ഇടതുപക്ഷ സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ (എഐഎസ്എ) നേതാക്കളാണ് ബിജെപി അധ്യക്ഷനെതിരെ പ്രതിഷേധിച്ചത്.

2020ലെ ദേശീയ വിദ്യാഭ്യാസ നയം പിൻവലിക്കണമെന്നും പട്ന സർവകലാശാലയ്ക്ക് കേന്ദ്ര പദവി നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ബിഹാറിൽ പാർട്ടിയുടെ മുൻനിര സംഘടനകളുടെ ദ്വിദിന സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു നഡ്ഡ

അതിനിടെയാണ് തന്റെ കോളജിലെ പരിപാടിയിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയത്. എന്നാൽ ജെപി നഡ്ഡ, ഗോ ബാക്ക് എന്ന് വിളിച്ച് പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ നഡ്ഡയ്ക്കു നേരെ വരികയായിരുന്നു.

വിദ്യാർത്ഥികളെ തള്ളിമാറ്റിയാണ് സുരക്ഷ ഉദ്യോഗസ്ഥർ നഡ്ഡയെ പുറത്തെത്തിച്ചത്. കാറിനു മുന്നിൽ വിദ്യാർത്ഥിനികൾ കിടന്നുരുണ്ട് പ്രതിഷേധിക്കുകയും ചെയ്തു. ഒരു വനിതാ പൊലീസ് മാത്രമുള്ളതിനാൽ പ്രതിഷേധക്കാരെ മാറ്റാൻ ഏറെ ബുദ്ധിമുട്ടി.സുരക്ഷാ വീഴ്ചയുണ്ടായതായി ബിജെപി നേതാക്കൾ ആരോപിച്ചു.