തിരുവനന്തപുരം: സംസ്ഥാനത്തെ രാഷ്ട്രീയ കൊലപാതകങ്ങളിൽ മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക് അദ്ദേഹത്തിനെതിരെ ആയുധമാക്കി മുൻ ഡി.ജി.പി ഡോ.ജേക്കബ് തോമസ്. മൺറോതുരുത്തിൽ സിപിഎം പ്രവർത്തകനായ മണിലാലിനെ കൊലപ്പെടുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രിയുടെ പോസ്റ്റ്.

'കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ അഞ്ച് സിപിഎം പ്രവർത്തകരെയാണ് കൊലപ്പെടുത്തിയിരിക്കുന്നത്' എന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയാണ് പരിഹാസം. കേരളത്തിൽ പൊലീസ് വകുപ്പ് മന്ത്രിയുണ്ടോ ഇപ്പോൾ? എന്നാണ് ഡോ.ജേക്കബ് തോമസ് ഫേസ്‌ബുക്ക് പോസ്റ്റിൽ ചോദിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്നത് മുഖ്യമന്ത്രിയാണ്.

ജേക്കബ് തോമസിന്റെ ഫേസ്‌ബുക്ക് പോ്‌സ്റ്റു പുറത്തുവന്നതുകൊല്ലം മൺറോതുരുത്തിലെ മണിലാലിന്റെ കൊലപാതകം രാഷ്ട്രീയ വൈരാഗ്യം മുലമല്ലെന്ന് പൊലീസ് വ്യക്തമാക്കിയതിന് പിന്നാലെയാണ്. മണിലാലിനെ കൊലപ്പെടുത്തിയത് വ്യക്തിവൈരാഗ്യം കാരണമാണെന്നാണ് റിമാൻഡ് റിപ്പോർട്ടും എഫ്ഐആറും പറയുന്നത്. പ്രതി അശോകനും മണിലാലും തമ്മിൽ തർക്കമുണ്ടായതായും റിപ്പോർട്ട് പറയുന്നു. ഡിസംബർ ആറ് ഞായറാഴ്ച രാത്രി എട്ടരയോടെ മൺറോത്തുരുത്ത് കാനറാ ബാങ്കിനുസമീപമാണ് സിപിഎം പ്രവർത്തകനായ മണിലാൽ കൊല്ലപ്പെട്ടത്. സംഭവത്തിൽ ബിജെപി പ്രവർത്തകനായ അശോകനെ പൊലീസ് അറസ്റ്റഉ ചെയ്യുകയായിരുന്നു.

മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകം ആണെന്നായിരുന്നു സിപിഎമ്മിന്റെ ആരോപണം. വലിയ പ്രതിഷേധവും സിപിഎം ഉയർത്തിയിരുന്നു. കൊല്ലത്തെ അഞ്ച് പഞ്ചായത്തുകളിൽ സിപിഎം ഹർത്താലും നടത്തി. എന്നാൽ മണിലാലിന്റേത് രാഷ്ട്രീയ കൊലപാതകമല്ലെന്നും സുഹൃത്തുക്കൾ തമ്മിൽ മദ്യപാനത്തിനിടയിലുണ്ടായ കൊലപാതകമാണെന്നുമാണ് ബിജെപിയുടെ വിശദീകരണം.

കേസിലെ പ്രതിയായ ഡൽഹി പൊലീസിൽ നിന്ന് വിരമിച്ച പട്ടംതുരുത്ത് തൂപ്പാശ്ശേരിൽ അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി എട്ടരയോടെ മൺറോത്തുരുത്ത് കനറാ ബാങ്കിനുസമീപമാണ് സംഭവം. മണിലാൽ സിപിഎമ്മുകാരനും അശോകൻ ബിജെപി പ്രവർത്തകനുമാണ്. ഇതാണ് രാഷ്ട്രീയ ആരോപണം ഉയരാനുള്ള കാരണം. ബിജെപി പ്രവർത്തകനായ അശോകൻ, സിപിഎം പ്രവർത്തകമായ മണിലാലിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

മൺറോതുരുത്തിൽ എൽഡിഎഫ് ബൂത്ത് ഓഫീസിനു സമീപമായിരുന്നു കൊലപാതകം. തദ്ദേശ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ച ശേഷം മൺറോതുരുത്ത് വില്ലേജ് ഓഫീസിനു സമീപം എൽഡിഎഫ് ബൂത്ത് ഓഫീസിൽനിന്ന് അൽപ്പം മാറി സുഹൃത്തുമായി സംസാരിച്ചു നിൽക്കവെയാണ് മണിലാലിനെ ആക്രമിച്ചത്. ഓട്ടോ ഡ്രൈവറായ സത്യനൊപ്പം എത്തിയ അശോകൻ അസഭ്യം പറഞ്ഞ ശേഷം മണിലാലിനെ കുത്തുകയായിരുന്നു. നിലത്തുവീണ മണിലാലിന്റെ നെഞ്ചിൽ രണ്ടുതവണ കൂടി കുത്തി. രക്തത്തിൽ കുളിച്ചുകിടന്ന മണിലാലിനെ ഓടിയെത്തിയ എൽഡിഎഫ് പ്രവർത്തകർ ഉടൻ സമീപത്തെ കാഞ്ഞിരകോട് താലൂക്കാശുപത്രിയിലും കൊല്ലം ജില്ലാ ആശുപത്രിയിലും എത്തിക്കുകയായിരുന്നു.