കൊച്ചി: സിൽവർ ലൈൻ പദ്ധതിയിൽ നിരണം ഭദ്രാസനാധിപൻ ഡോ. മാർ കൂറിലോസ് ഗീവർഗീസ് മെത്രാപ്പൊലീത്തയുടെ പ്രതികരണങ്ങൾ തള്ളി യാക്കോബായ സഭ രംഗത്ത്. മത്രാപ്പൊലീത്ത നടത്തിയ പ്രസ്താവനകൾ സഭയുടെ നിലപാട് അല്ലെന്ന് വ്യക്തമാക്കി സഭ വാർത്താക്കുറിപ്പിറക്കി.

കെ റെയിൽ വിഷയത്തിൽ സഭ നിലപാട് സ്വീകരിച്ചിട്ടില്ലെന്നും സഭ വിശദീകരിക്കുന്നു. യാക്കോബായ സഭയുടെ നിരണം ഭദ്രാസന മെത്രാപ്പൊലീത്തയാണ് ഡോ. മാർ കൂറിലോസ് ഗീവർഗീസ്. സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് സാമൂഹിമാധ്യമങ്ങളിൽ അടക്കം പ്രതികരണം നടത്തിയിരുന്നു. കടമെടുത്ത് വികസനം കൊണ്ടുവന്ന് കടക്കെണിയിൽ വീണ് ഇപ്പോൾ പട്ടിണിയിൽ ആയ ശ്രീലങ്ക നമ്മുടെ തൊട്ടടുത്തുണ്ട് എന്ന് എല്ലാവരും ഓർക്കുന്നത് നന്നായിരിക്കും തുടങ്ങിയ പ്രതികരണങ്ങൾ അദ്ദേഹം സാമൂഹികമാധ്യമങ്ങളിൽ നടത്തിയിരുന്നു.

ഇത് കൂടാതെ ആദ്ദേഹം പദ്ധതിയിൽ നിരവധി സംശയങ്ങൾ രേഖപ്പെടുത്തി രംഗത്തുവരികയും ചെയ്തിരുന്നു. കൂറിലോസിന്റെ ഈ നിലപാട് തള്ളുന്ന സമീപനമാണ് യാക്കോബായ സഭ സ്വീകരിച്ചിരിക്കുന്നത്. മെത്രാപ്പൊലീത്തയുടെ നിലപാടുകൾ സഭയുടേത് അല്ല. സഭ ഇതുവരെ ഈ വിഷയത്തിൽ നിലപാട് സ്വീകരിച്ചിട്ടില്ല. സുന്നഹദോസോ സഭയുടെ മറ്റ് സമിതികളോ സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി സ്വീകരിച്ചിട്ടില്ലെന്നും വാർത്താക്കുറിപ്പ് പറയുന്നു.

ഈ വിഷയത്തിൽ മെത്രാപ്പൊലീത്ത നടത്തിയ പരാമർശങ്ങൾ തങ്ങളുടെ അറിവോടെ അല്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. മെത്രാപ്പൊലീത്ത നടത്തിയ പരാമർശങ്ങളെ പൂർണമായും തള്ളുകയാണ് സഭ. ഡോ. ഗീവർഗീസ് മോർ കൂറിലോസ് ഫേസ്‌ബുക്ക് നടത്തിയ പരാമർശം സഭയുടേതല്ലെന്നാണ് പുതിയ വിശദീകരണം.

നേരത്തെ, സിൽവർ ലൈൻ പദ്ധതിക്കെതിരെ നടക്കുന്ന സമരത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് ജനകീയ പ്രതിരോധ സമിതി തിരുവല്ലയിൽ സംഘടിപ്പിച്ച യോഗത്തിലും ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത പങ്കെടുത്തിരുന്നു. സിൽവർ ലൈൻ പദ്ധതി വികസന പദ്ധതിയല്ലെന്നും ഇത് കേരളത്തെ സർവനാശത്തിലേക്കു നയിക്കുമെന്നുമായിരുന്നു തിരുവല്ലയിൽ സംഘടിപ്പിച്ച യോഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടത്. കെ റെയിലിന് പിന്നിൽ വലിയ അഴിമതിയും കൊള്ളയുമാണെന്നാണ് അദ്ദേഹം പറഞ്ഞത്.