തിരുവനന്തപുരം: മലങ്കര സഭാ തർക്കത്തിൽ ഓർത്തഡോക്‌സുകാർ ഇടതുപക്ഷത്തിനൊപ്പമില്ല. യാക്കോബയക്കാർ പിണറായി സർക്കാരിൽ വിശ്വാസം കാട്ടി. പള്ളികൾ എല്ലാം കിട്ടുമെന്ന പ്രതീക്ഷയും വച്ചു. എന്നാൽ ഈ മനസ്സ് യാക്കോബയക്കാർക്കിടയിലും മാറുകയാണ്. സംസ്ഥാന സർക്കാരിൽ വിശ്വാസം അവർക്കും കുറയുന്നു. പ്രധാനമന്ത്രി മോദി നടത്തുന്ന ഇടപെടലിനൊപ്പം യുഡിഎഫിന് മേൽകോയ്മ കിട്ടുന്നുണ്ടോ എന്ന സംശയവും യാക്കോബായക്കാർക്കുണ്ട്.

യാക്കോബയക്കാരുടെ സ്വന്തം പാർട്ടിയാണ് കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം. അനൂപ് ജേക്കബിനെ ഇടതുപക്ഷത്ത് എത്തിക്കാൻ പോലും സഭയിലെ ചിലർ നീക്കം നടത്തി. എന്നാൽ ഇന്ന് കഥമാറുകയാണ്. പതിയെ യുഡിഎഫുമായി അടുക്കുകയാണ് അവർ. ഭരണം യുഡിഎഫിന് കിട്ടും എന്ന പ്രതീതി കൈവരുന്ന സാഹചര്യത്തിലാണ് ഇത്. പ്രതിപക്ഷ നേതാവിന്റെ ഐശ്വര്യ കേരള യാത്ര വലിയ വിജയമാണെന്ന് അവർ വിലയിരുത്തുന്നു. ഇതോടെ ക്രൈസ്തവ വോട്ട് ബാങ്ക് ചതിക്കില്ലെന്ന് യുഡിഎഫും വിലയിരുത്തുന്നു.

യാക്കോബായ സഭയിലെ ഇടതു ലോബി അനുനിമിഷം ദുർബലമാകുന്നുവെന്നതാണ് വസ്തുത. പിണറായിയുടെ ഇരട്ടത്താപ്പ് തിരിച്ചറിഞ്ഞ് യുഡിഎഫിനെ പിന്തുണക്കുന്നവരുടെ എണ്ണം കൂടുകയാണ്. യാക്കോബായ മെത്രാന്മാരുടെ നിലപാടുകളിലും അയവ് വരുന്നു. ഇതോടെയാണ് മധ്യ കേരളത്തിൽ ക്രൈസ്തവർ ചതിക്കില്ലെന്ന വികാരം കോൺഗ്രസിന് കൈവരുന്നത്. ഇനിയും യുഡിഎഫിനു എതിരായി ബാക്കിയാകുന്നത് മുസ്ലിം ലീഗിനെ മുൻനിർത്തി കത്തോലിക്കാകാർക്കിടയിൽ പടരുന്ന വികാരം മാത്രമാണ്. ലൗ ജിഹാദിലും മറ്റും നടക്കുന്ന ചർച്ചകളാണ് ഇതിന് കാരണം.

തദ്ദേശ തെരഞ്ഞെടുപ്പിൽ യാക്കോബായ സഭ പരസ്യമായി ഇടതുമുന്നണിക്ക് അനുകൂല നിലപാടാണ് സ്വീകരിച്ചത്. കോട്ടയം, എറണാകുളം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ ഇടതുമുന്നണിക്കു നേട്ടം സമ്മാനിച്ചതിനുപിന്നിലും മറ്റൊന്നായിരുന്നില്ല. സഭാ തർക്കത്തിൽ നിയമനിർമ്മാണം നടത്തുമെന്ന ഇടതു സർക്കാരിന്റെ വാഗ്ദാനത്തിൽ വിശ്വസിച്ചായിരുന്നു ഈ ഇടതുചായ്വ്. എന്നാൽ, നിയമസഭാ തെരഞ്ഞെടുപ്പിനുമുമ്പ് നിയമനിർമ്മാണത്തിനു സർക്കാർ തയാറാകില്ലെന്നു വ്യക്തമായതോടെ ഒരു മുന്നണിയോടും അയിത്തം വേണ്ടെന്നും സഭയെ സഹായിക്കുന്നവരെ തിരിച്ചു സഹായിക്കാനും യാക്കോബായ സഭ നിലപാടു സ്വീകരിച്ചു. അന്തിമ തീരുമാനം കൈക്കൊള്ളാനുള്ള ചുമതല പള്ളിപ്രതിപുരുഷ യോഗത്തിനു നൽകാൻ കൊച്ചിയിൽ ചേർന്ന സഭാ വർക്കിങ് കമ്മിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.

പള്ളി തർക്കത്തിൽ നിയമനിർമ്മാണത്തിന് തയ്യാറാണെന്ന് പിണറായി പറഞ്ഞിരുന്നു. എന്നാൽ ഇത് ഇരട്ടത്താപ്പാണെന്ന് യാക്കോബയക്കാർ ഇപ്പോൾ പറയുന്നു. പ്രശ്‌നം നീട്ടിക്കൊണ്ടു പോയി വോട്ട് നേടാനാണ് ശ്രമമെന്നും അവർ തിരിച്ചറിയുന്നു. ഇതോടെയാണ് പതിയെ ഇടതുപക്ഷത്തു നിന്ന് അവർ അകലുന്നത്. യാക്കോബായ സഭ സർക്കാരിലർപ്പിച്ച വിശ്വാസത്തിനും പ്രതീക്ഷയ്ക്കും മങ്ങലേൽക്കുന്നതായി അനുഭവപ്പെടുന്നെങ്കിലും പ്രതീക്ഷ കൈവിട്ടിട്ടില്ലെന്ന് സഭയുടെ സഹനസമര സമിതി ജനറൽ കൺവീനറും മുംബൈ ഭദ്രാസനാധിപനുമായ തോമസ് മാർ അലക്സന്ത്രയോസ് മെത്രാപ്പൊലീത്ത പ്രതികരിക്കുന്നു.

സഭ സെക്രട്ടേറിയറ്റിനുമുമ്പിൽ നടത്തിവരുന്ന അവകാശസംരക്ഷണ സമരത്തിന്റെ 49-ാം ദിവസത്തെയും നിരാഹാര റിലേ സത്യാഗ്രഹത്തിന്റെ 11-ാം ദിവസത്തെയും സമരപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സഭയുടെ സഹനസമരങ്ങൾക്കുനേരേ മുഖംതിരിക്കുന്നതും ന്യായമായ അവകാശങ്ങൾ അംഗീകരിക്കാത്തതും സമരത്തീച്ചൂളകളിലൂടെ വളർന്നുവന്ന ഇടതുപക്ഷ പ്രസ്ഥാനങ്ങൾ നേതൃത്വം നൽകുന്ന ജനാധിപത്യ സർക്കാരിനു ഭൂഷണമല്ലെന്ന് അധ്യക്ഷതവഹിച്ച സമരസമിതി ജനറൽ സെക്രട്ടറി ഫാ. ജോൺ ഐപ്പ് പറഞ്ഞു. ഇതും ഇടതിനെതിരായ പ്രത്യക്ഷ ആക്രമണമാണ്.

വെള്ളിയാഴ്ച രണ്ടിന് തിരുവനന്തപുരം സെയ്ന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ കൂടുന്ന സഭാ സമിതികളുടെ സംയുക്തയോഗം തുടർസമരപരിപാടികൾക്കും രാഷ്ട്രീയ നിലപാടുകൾക്കും അന്തിമരൂപംനൽകും. ഇത് ഇടതുപക്ഷത്തിന് പൂർണ്ണമായും അനുകൂലമാകില്ല. ഇത് യുഡിഎഫും അനുകൂലമാക്കാൻ ശ്രമിക്കും. യാക്കോബയ സഭ മുമ്പോട്ട് വയ്ക്കുന്നവർക്ക് മത്സരിക്കാനും അവസരം നൽകും. അങ്ങനെ ഈ വിഭാഗത്തിന്റെ പിണക്കം മാറ്റും. അപ്പോഴും കത്തോലിക്കാ സഭയുടെ മുസ്ലിം ലീഗ് വിരുദ്ധ രാഷ്ട്രീയം യുഡിഎഫിന് തലവേദനയാണ്. ഇത് പരിഹരിക്കാനും ഇടപെടലുണ്ടാകും.

യാക്കോബായ സഭയ്ക്ക് ഒരു രാഷ്ട്രീയമുന്നണിയോടും പ്രത്യേക അയിത്തമില്ലെന്ന് പുത്തൻകുരിശ് പാത്രിയർക്കാ സെന്ററിൽ ചേർന്ന സഭാ വർക്കിങ് കമ്മിറ്റി നേരത്തെ വ്യക്തമാക്കിയിരുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്താനും സഭയുടെ രാഷ്ട്രീയനിലപാടുകൾ സുന്നഹദോസിൽ ചർച്ചചെയ്ത് തീരുമാനമെടുക്കാനും തീരുമാനിച്ചു. 2017 ജൂലായ് 3-ലെ സുപ്രീംകോടതി വിധിയിൽ പറഞ്ഞിട്ടുള്ള നിയമനിർമ്മാണം വൈകുന്നതിലുള്ള ഉത്കണ്ഠ സഭാ വർക്കിങ് കമ്മിറ്റി രേഖപ്പെടുത്തിയിരുന്നു.

സഭയ്ക്ക് നീതി നിഷേധിക്കപ്പെട്ടതായി ദേശീയതലത്തിൽ ബോധ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ തെളിവാണ് സഭാതർക്കം പരിഹരിക്കാൻ പ്രധാനമന്ത്രി ഇടപെട്ടത്. ഒരു മുന്നണിയിൽനിന്നുമുള്ള പ്രതീക്ഷ സഭ കൈവിട്ടിട്ടില്ല. നിർബന്ധിതരാകുന്ന സാഹചര്യത്തിൽ ഏതെങ്കിലും മുന്നണിയുമായി കൂട്ടുചേർന്ന് രാഷ്ട്രീയനിലപാടെടുക്കും. മുപ്പതോളം മണ്ഡലങ്ങളിൽ സഭയ്ക്ക് ശക്തമായ സ്വാധീനമുണ്ട്. ഇക്കാര്യത്തിൽ ഒരു മുന്നണിയോടും വിവേചനം കാണിക്കില്ലെന്നും യാക്കോബയ സഭ പറഞ്ഞു കഴിഞ്ഞിട്ടുണ്ട്.