മലയാള ചലച്ചിത്ര രംഗത്തെ എക്കാലത്തെയും മികച്ച ഹാസ്യ നടനാണ്‌ ജഗതി ശ്രീകുമാർ. മലയാള സിനിമയിലെ ഹാസ്യ സമ്രാട്ട് എന്നറിയപ്പെടുന്ന ജ​ഗതി ഏകദേശം 1200-ഓളം ചിത്രങ്ങളിൽ ആഭിനയിച്ചിട്ടുണ്ട്. 1984ലാണ് ശോഭയെ ജഗതി ശ്രീകുമാർ വിവാഹം കഴിച്ചത്. ഒരു കാർ അപകടത്തിൽ പെട്ടതിനെ തുടർന്ന് വളരെ കാലമായി ചികിത്സയിലാണ് ഇപ്പോൾ ഇദ്ദേഹം. മലയാളികളുടെ പ്രിയനടൻ ഇന്ന് വിവാഹവാർഷികം ആഘോഷിക്കുകയാണ്. മകൾ പാർവതി തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചത്.

'ജീവിതത്തിൽ എന്തും ഒരുമിച്ച് ഒരേ മനസ്സോടെ നേരിടണം. സുഖത്തിലും ദുഃഖത്തിലും ഒരുമിച്ചു കൂടെ ഉണ്ടാകണം എന്ന് ഞങ്ങളെ പഠിപ്പിച്ച ദമ്പതികൾക്ക് ചക്കര ഉമ്മ' - എന്നാണ് ആശംസ അറിയിച്ച് കൊണ്ട് പാർവതി ഫേസ്‌ബുക്കിൽ കുറിച്ചത്. അച്ഛന്റെയും അമ്മയുടെയും വിവാഹചിത്രങ്ങൾ മുതൽ ഇന്നുവരെയുള്ള തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങൾ കോർത്തിണക്കി തയ്യാറാക്കിയ വീഡിയോയ്ക്ക് ഒപ്പമാണ് ആശംസാക്കുറിപ്പും പങ്കുവെച്ചത്. 'നീയെൻ സർഗസൗന്ദര്യമേ' എന്ന ഗാനമാണ് വീഡിയോയ്ക്ക് പശ്ചാത്തലമായി നൽകിയത്.

നാടകാചാര്യനായ എൻ കെ ആചാര്യയുടെയും പൊന്നമ്മാളിന്റെയും മകനായി 1951 ജനുവരി 5-നാണ് ജഗതി ശ്രീകുമാറിന്റെ ജനനം. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്കുള്ള കാൽ വയ്‌പ്പ്‌. ചട്ടമ്പിക്കല്യാണി എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിക്കുന്നത്. അനശ്വര നടൻ പ്രേംനസീറിന് ശേഷം ഏറ്റവും കൂടുതൽ മലയാള ചിത്രങ്ങളിൽ അഭിനയിച്ച ചുരുക്കം ചില നടന്മാരിൽ ഒരാളാണ് ജഗതി.
2012 മാർച്ചിൽ സംഭവിച്ച വാഹനാപകടത്തെ തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിൽ തന്നെയായിരുന്നു. വാഹനാപകടം ഉണ്ടാക്കിയ മുറിവുകളിൽ നിന്ന് പതിയെ പതിയെ സുഖം പ്രാപിച്ച് വരികയാണ് അദ്ദേഹം ഇപ്പോൾ. എപ്പോഴും തുണയായി ഭാര്യ ശോഭ മുഴുവൻ സമയവും അടുത്തുണ്ട്. നാലുതവണ കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയിട്ടുള്ള നടൻ കൂടിയാണ് ജഗതി ശ്രീകുമാർ.

പ്രമുഖ നാടകാചാര്യൻ ആയിരുന്ന പരേതനായ ജഗതി എൻ.കെ ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മകനായാണ് ജനനം. അച്ഛന്റെ നാടകങ്ങളിലൂടെ അഭിനയരംഗത്ത് സജീവമായ അദ്ദേഹം 1973 മുതൽ മലയാള സിനിമയിൽ സജീവമായി. ആദ്യം നടി മല്ലികയെ ആയിരുന്നു വിവാഹം കഴിച്ചതെങ്കിലും പിന്നീട് ബന്ധം വേർപിരിയുകയായിരുന്നു.