തിരുവനന്തപുരം: മലയാള സിനിമ മേഖല കാത്തിരുന്ന  സന്തോഷ വാർത്ത പുറത്ത്. മലയാള സിനിമയുടെ ഹാസ്യസമ്രാട്ട് ജഗതി ശ്രീകുമാർ വീണ്ടും അഭ്രപാളിയിലേയ്ക്ക് തിരിച്ചെത്തുന്നു. വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചലനശേഷി നഷ്ടപ്പെട്ട് കിടപ്പിലായിരുന്ന അദ്ദേഹം നീണ്ട ഒമ്പത് വർഷങ്ങൾക്ക് ശേഷമാണ് വെള്ളിത്തിരയിലേയ്‌ക്കെത്തുന്നത്. സംവിധായകൻ കുഞ്ഞുമോൻ താഹ കഥയും സംവിധാനവും നിർവഹിക്കുന്ന 'തീമഴ തേൻ മഴ' എന്ന ചിത്രത്തിലൂടെയാണ് സിനിമാലോകത്തേക്കുള്ള അദ്ദേഹത്തിന്റെ തിരിച്ചുവരവ്. മലയോര ഗ്രാമത്തെ ഞെട്ടിച്ച സംഭവപരമ്പരകളുമായി സച്ചു, അമ്മു, ലീന എന്നീ കോളേജ് വിദ്യാർത്ഥികളുടെ ജീവിത കഥ പറയുന്ന ചിത്രമാണ് തീമഴ തേൻ മഴ.

കഴിഞ്ഞ ദിവസം തിരുവനന്തപുരം പേയാട് ഉള്ള ജഗതിയുടെ ഫ്‌ളാറ്റിൽ വെച്ചുതന്നെയാണ് അദ്ദേഹമുൾപ്പെട്ട രംഗങ്ങൾ ചിത്രീകരിച്ചത്. രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പിതാവായിട്ടാണ് ഈ ചിത്രത്തിൽ ജഗതി അഭിനയിക്കുന്നത്. കറിയാച്ചൻ എന്നാണ് ജഗതിയുടെ കഥാപാത്രത്തിന്റെ പേര്.

ഒരു കാലത്ത് നാടിനെ വിറപ്പിച്ച ആളായിരുന്നു കറുവാച്ചൻ എന്ന വിളിപ്പേരുള്ള കറിയാച്ചൻ. എന്നാൽ തന്റെ കുടുംബവും മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തന്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചന്റെ പ്രതികരണമാണ് സിനിമയുടെ പ്രമേയം.

ശരീരഭാഷ കൊണ്ടും ആത്മഗതത്തിലൂടെയും പ്രതികരിക്കുന്നയാളായാണ് ഈ ചിത്രത്തിൽ ജഗതി അഭിനയിക്കുന്നത്. കറിയാച്ചൻ എന്ന കഥാപാത്രത്തെ അതിശക്തമായി ജഗതി ശ്രീകുമാർ അവതരിപ്പിച്ചുവെന്നും ജഗതിയെ തീമഴതേന്മഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും സംവിധായകൻ കുഞ്ഞുമോൻ താഹ പറഞ്ഞു. തിരുവനന്തപുരം, കൊല്ലം, വയനാട് എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം.

മാള ബാലകൃഷ്ണൻ, പി.ജെ. ഉണ്ണിക്കൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മിപ്രീയ, സ്‌നേഹ അനിൽ, ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, ഡോ. മായ, സജിപതി, കബീർദാസ്, ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രാജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്‌നേഹ, ബേബി പാർവതി എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സെവൻ ബേഡ്‌സ് ഫിലിംസിന്റെ ബാനറിൽ എ.എം. ഗലീഫ് കൊടിയിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം കുഞ്ഞുമോൻ താഹ, എ.വി. ശ്രീകുമാർ എന്നിവർ ചേർന്നാണ്. ഛായാഗ്രഹണം-സുനിൽ പ്രേം, ഗാനങ്ങൾ-ലെജിൻ ചെമ്മാനി, ജയകുമാർ ചോറ്റാനിക്കര, ഫിറോസ്ചാലിൽ, സംഗീതം-മുരളി അപ്പാടത്ത്, ഷാജി ഭജനമഠം, എഡിറ്റിങ്-അയൂബ് ഖാൻ തുടങ്ങിയവരാണ് അണിയറ പ്രവർത്തകർ.