തിരുവനന്തപുരം: സിനിമയിലും സീരിയലിലുമൊക്കെ നടനായി തിളങ്ങുന്നുണ്ടെങ്കിലും അവിടെയൊന്നും ഹീറോ അല്ല ജയ്സപ്പൻ ചേട്ടൻ. പക്ഷേ, അദ്ദേഹം ഇന്ന് ആയിരക്കണക്കിന് കുട്ടനാട്ടുകാരുടെ മനസ്സിൽ ഒരു ഹീറോയാണ്. ശരിക്കും സൂപ്പർ ഹീറോ. ഇന്ന് കുട്ടനാട്ടിലെ അരലക്ഷത്തോളം കുടുംബങ്ങളിലേക്ക് വെള്ളപ്പൊക്ക ദുരിതാശ്വാസ ധനസഹായമായി സർക്കാരിൽ നിന്ന് 3800 രൂപ വീതം എത്തിത്തുടങ്ങുമ്പോൾ അതിന് പിന്നിൽ ജയ്സപ്പൻ എന്ന പൊതു പ്രവർത്തകന്റെ ത്യാഗപൂർണമായ ഒരു ഒറ്റയാൾ പോരാട്ടത്തിന്റെ കഥയുണ്ട്. കുട്ടനാട്ടിൽ 2020ൽ വെള്ളപ്പൊക്കമുണ്ടായില്ലെന്ന് ഫയൽ ക്ളോസ് ചെയ്ത സർക്കാരിനോടും ഇവിടെ വെള്ളോമില്ല, വെള്ളപ്പൊക്കവുമില്ല, ആർക്കും ഒരു ബുദ്ധിമുട്ടുമില്ല എന്ന് നിയമസഭയിൽ തന്നെ പറഞ്ഞ സ്ഥലം എംഎൽഎയോടും എല്ലാം പോരാടി കോടതിയിൽ നിന്ന് കുട്ടനാട്ടുകാർക്ക് വേണ്ടി അനുകൂല വിധി നേടുകയും അതിന് പിന്നാലെ സർക്കാരിന് കത്തയച്ചും തഹസിൽദാർമുതൽ കളക്ടറേയും മന്ത്രിയേയും മുഖ്യമന്ത്രിയേയുമുൾപ്പെടെ നിരന്തരം കണ്ട് കുട്ടനാട്ടുകാർക്ക് ഈ ധനസഹായം നേടിക്കൊടുത്ത ജയ്സപ്പൻ മത്തായി എന്ന പൊതുപ്രവർത്തകന്റെ കഥ.

സ്വാർത്ഥ താൽപര്യത്തിന് വേണ്ടി രാഷ്ട്രീയം കളിക്കുന്നവരാണ് ഇക്കാലത്തെ മിക്ക രാഷ്ട്രീയ നേതാക്കളും. അതിനിടയിൽ ഒരു രാഷ്ട്രീയകക്ഷിയുടേയും പിൻബലമില്ലാതെ ജനങ്ങൾക്കുവേണ്ടി ജയ്സപ്പൻ മത്തായി എന്ന എടത്വാക്കാരനായ പൊതുപ്രവർത്തകൻ നടത്തിയ പോരാട്ടത്തിന് ഫലംകണ്ടിരിക്കുന്നു. 2020ലെ വെള്ളപ്പൊക്കത്തിന്റെ ദുരിതാശ്വാസ ധനസഹായത്തിന്റെ ആദ്യഗഡു എന്ന നിലയിൽ 3800 രൂപ ഇന്ന് കുട്ടനാട്ടിലെ 43538 കുടുബങ്ങളുടെ അക്കൗണ്ടിലേക്ക് സർക്കാർ നൽകിത്തുടങ്ങി.

കുട്ടനാട്ടിലെ ജനങ്ങൾക്ക് വേ്ണ്ടി ഇങ്ങനെയൊരു ഇടപെടൽ നടത്താനായതിന്റെ വലിയ സന്തോഷത്തിലാണ് താനെന്ന് ജയ്സപ്പൻ ചേട്ടൻ മറുനാടൻ മലയാളിയോട് പറഞ്ഞു. വലിയൊരു പോരാട്ടമാണ് കഴിഞ്ഞ ഒന്നരവർഷമായി നടത്തിയത്. ഇപ്പോഴത്തെ ധനസാഹായം ആദ്യഗഡുമാത്രമാണ്. ഓരോ കുടുംബത്തിനും 3800 രൂപയല്ല, പതിനായിരം രൂപ ധനസാഹയം നൽകണമെന്ന ആവശ്യമാണ് ഉയർത്തിയിട്ടുള്ളത്. ഇതും നടക്കുമെന്നാണ് കരുതുന്നത്. മുഖ്യമന്ത്രി തന്നെ ഉറപ്പുതന്നിട്ടുണ്ട്. ഇന്ന് അക്കൗണ്ടിൽ പണം എത്തിയതോടെ നന്ദിപറഞ്ഞ് പലരും വിളിച്ചുതുടങ്ങി. - ജയ്സപ്പൻ മത്തായി മറുനാടനോട് പറഞ്ഞു.

2020ൽ കുട്ടനാട്ടിൽ വെള്ളപ്പൊക്കമുണ്ടായില്ലെന്നും കെടുതികളില്ലെന്നുമുള്ള മട്ടിൽ റവന്യൂ ഉദ്യോഗസ്ഥർ ഫയൽ ക്ളോസ് ചെയ്തിടത്തുനിന്നാണ് ജെയ്സപ്പൻ മത്തായി എന്ന കുട്ടനാട്ടിലെ പൊതുപ്രവർത്തകന്റെ പോരാട്ടത്തിന്റെ തുടക്കം. ഒരു രാഷ്ട്രീയ കക്ഷിയുടേയും സഹായമില്ലാതെയുള്ള പോരാട്ടം. കുട്ടനാട്ടിൽ 2020ലെ വെള്ളപ്പൊക്കത്തിൽ കാര്യമായ നാശനഷ്ടമില്ലായിരുന്നു എന്ന സർക്കാർ നിലപാട് ചോദ്യം ചെയ്ത് ജയ്സപ്പൻ കോടതിയെ സമീപിച്ചു. ഒന്നേകാൽ വർഷത്തോളം താലൂക്ക് ഓഫീസും കളക്ടറേറ്റും മുതൽ മുഖ്യമന്ത്രിയുടെ ഓഫീസ് വരെ പലകുറി കയറിയിറങ്ങി ഓരോയിടത്തും തന്നാലാവുംവിധം സമ്മർദ്ദം ചെലുത്തിയാണ് ജയ്സപ്പൻ ഇപ്പോൾ കുട്ടനാട്ടിലെ ആയിരക്കണക്കിന് കുടുംബങ്ങളിലേക്ക് ആദ്യഗഡുവായി 3800 രൂപയുടെ വെള്ളപ്പൊക്ക ദുരിതാശ്വാസ സഹായം എത്തിക്കുന്നത്.

2021 മാർച്ചിലെ നിർണായക കോടതി വിധി

കുട്ടനാട്ടിന് വെള്ളം പൊങ്ങുന്നത് ഒരു വലിയ സംഭവമൊന്നുമല്ല. എന്നാൽ 2019-20 കാലമെന്നാൽ അത് കോവിഡ് കാലം കൂടിയാണ്. വെള്ളംപൊങ്ങിയപ്പോൾ ബന്ധുവീടുകളിൽ പോലും അഭയം തേടാൻ പറ്റാതെ ജനങ്ങൾ വലഞ്ഞ സാഹചര്യം. അതിനിടെയാണ് മുൻവർഷങ്ങളേക്കാൾ ശക്തമായി കാലവർഷക്കാലത്ത് വെള്ളപ്പൊക്കവും കൂടെ വന്നത്. കൊച്ചുകുട്ടികളുടെ പുസ്തകങ്ങളും കുഞ്ഞുടുപ്പും മുതൽ വസ്ത്രങ്ങളും ആഹാരങ്ങളും കട്ടിലും കിടക്കയുമെല്ലാം വെള്ളത്തിലായി പോകാൻ ഒരിടമില്ലാതെ ആയിരക്കണക്കിന് കുടുംബങ്ങൾ ശരിക്കും കുടുങ്ങിയ കാലം. വെള്ളം ഉയർന്നുയർന്ന് വന്നപ്പോൾ വീടിന് പുറത്തിറങ്ങാൻ പറ്റാത്തത്ര ഭയാനകമായിരുന്നു കുട്ടനാടിന്റെ അവസ്ഥ. പെട്ടിമുടിയിൽ മാത്രമാണ് ഉരുൾപൊട്ടി നാശനഷ്ടമുണ്ടായതെന്ന നിലപാടിലായിരുന്നു സർക്കാർ. കുട്ടനാട്ടിലെ വെള്ളമുയർന്നതും അവിടെ നിരവധി കുടുംബങ്ങളെ 2020ൽ മാറ്റി പാർപ്പിക്കേണ്ടി വന്നതുമെല്ലാം സർക്കാർ കാലവർഷ കെടുതിയായി പരിഗണിച്ചില്ല. ഇങ്ങനെ കാലവർഷ കെടുതി സംബന്ധിച്ച ഫയൽ ക്ളോസ് ചെയ്തത് കോവിഡ് കാലത്ത് ഇരട്ടപ്രഹരമായി കുട്ടനാട്ടുകാർക്ക്. അങ്ങനെയാണ് ഇടക്കാലത്തെല്ലാം വിവിധ രാഷ്ട്രീയ പാർട്ടികളുടെ ചെറിയ സ്ഥാനങ്ങളും സ്ഥാനാർത്ഥിത്വവുമെല്ലാം സ്വീകരിച്ചിട്ടുണ്ടെങ്കിലും ഏറെക്കുറെ സ്വതന്ത്രനായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന ജയ്സപ്പൻ മത്തായി കുട്ടനാട്ടുകാർക്കുവേണ്ടി കോടതിയെ സമീപിച്ച് തന്റെ ഒറ്റയാൻ പോരാട്ടം തുടങ്ങുന്നത്.

ഒറ്റമുറി, ഇരട്ടമുറി വീടുകളിൽ പതിനായിരക്കണക്കിന് കുടുംബങ്ങൾ വെള്ളപ്പൊക്കക്കാലത്ത് കണ്ണീരോടെയാണ് കഴിഞ്ഞുകൂടിയത്. ഇതെല്ലാം വ്യക്തമായി ചൂണ്ടിക്കാട്ടി രേഖകൾ സഹിതം ജെയ്സപ്പൻ മത്തായി കോടതിക്ക് മുമ്പാകെ ബോധിപ്പിച്ചു. അതിന് ഫലമുണ്ടായി. കുട്ടനാട്ടിൽ 2020ൽ പ്രളയദുരിതം അനുഭവിച്ചവർക്ക് ധനസഹായം നൽകാൻ നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ്. മണികുമാർ, ജസ്റ്റിസ് ഷാജി പി ചാലി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വിധിച്ചു. 2021 മാർച്ച് 15നാണ് വിധിയുണ്ടായത്. രണ്ടുമാസത്തിനുള്ളിൽ റിപ്പോർട്ട് നൽകാൻ കളക്ടർക്ക് നിർദ്ദേശം നൽകി. ഈ വിധിയുടെ അടിസ്ഥാനത്തിലാണ് കൃത്യം ഒരു വർഷം പിന്നിടുമ്പോൾ കുട്ടനാട്ടിലെ 43538 കുടുംബങ്ങളിലേക്ക് പ്രളയസഹായത്തിന്റെ ആദ്യഗഡു എത്തുന്നത്.

കോടതിവിധിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലാ കളക്ടർ കഴിഞ്ഞവർഷം മെയ് 11ന് സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. താലൂക്കിലെ ഭൂരിഭാഗം വീടുകളിലും വെള്ളംകയറിയെന്നും ജനങ്ങൾ വലിയ ദുരിതത്തിൽ ആയിരുന്നെന്നും ക്യാമ്പുകളിലും കഞ്ഞിവീഴ്‌ത്തൽ കേന്ദ്രങ്ങളിലുമായി 43538 കുടുംബങ്ങൾ കഴിഞ്ഞിരുന്നു എന്നുമായിരുന്നു റിപ്പോർട്ടിൽ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ വിഷയം നിയമസഭയിലുമെത്തി സഭയിൽ കുട്ടനാട് വിഷയത്തിൽ പി.സി. വിഷ്ണുനാഥ് അടിയന്തിര പ്രമേയം അവതരിപ്പിച്ചു. കുട്ടനാട്ടിലെ പ്രശ്നങ്ങൾ ഒന്നൊന്നായി അണിനിരത്തി വിഷ്ണുനാഥ് ജയ്സപ്പൻ മത്തായി നേടിയ അനുകുല കോടതിവിധിയും ചൂണ്ടിക്കാട്ടിയാണ് കുട്ടനാട്ടുകാർക്ക് സർക്കാർ സഹായം നൽകണമെന്ന് ആവശ്യപ്പെട്ടത്. ഈ ഘട്ടത്തിൽ കുട്ടനാട്ടുകാരുടെ എംഎൽഎ പക്ഷേ, വിഷ്ണുനാഥിനെ എതിർക്കുകയായിരുന്നു എന്ന് ജയ്സപ്പൻ പറയുന്നു. കുട്ടനാട്ടിൽ വെള്ളപ്പൊക്കമൊന്നുമില്ലെന്നും ആർക്കും ദുരിതമൊന്നുമില്ലെന്നും തോമസ് കെ തോമസ് സഭയിൽ പറഞ്ഞത് പക്ഷേ, കുട്ടനാട്ടിൽ വലിയ ജനരോഷത്തിന് കാരണമായി. തന്നോടുള്ള എതിർപ്പുകൊണ്ടും താൻ കോടതിയിൽ പോയി വിധി സമ്പാദിച്ചത് ക്ഷീണമായതുകൊണ്ടുമാണ് എംഎൽഎ ഇത്തരമൊരു സമീപനം സ്വീകരിച്ചതെന്നും ഇത് ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ജയ്സപ്പൻ പറയുന്നു.

എതിർപ്പുകളെ അതിജീവിച്ച് എത്തിച്ച ധനസഹായം

സ്ഥലം എംഎൽഎ പോലും സ്വന്തം മണ്ഡലത്തിലെ ജനങ്ങൾക്ക് സഹായം കിട്ടുന്നതിന് വിലങ്ങുതടിയായ കാഴ്ചയാണ് കണ്ടതെന്ന് ജയ്സപ്പൻ. ഇതുൾപ്പെടെ നിരവധി തടസ്സങ്ങൾ മറികടന്നാണ് ഇപ്പോൾ ജനങ്ങൾക്ക് സഹായമെത്തിക്കാനായത്. കോടതി വിധി നേടിയതുമുതൽ അതിന് അനുകൂലമായ കളക്ടറുടെ റിപ്പോർട്ടുമായി നിരന്തരം സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിയുടെ ഓഫീസിലും കയറിയിറങ്ങി. കാര്യകാരണസഹിതം മുഖ്യമന്ത്രിയെ കാര്യങ്ങൾ ബോധിപ്പിച്ചപ്പോൾ അദ്ദേഹത്തിന് വിഷയത്തിന്റെ ഗൗരവം മനസ്സിലായി. അനുകൂല നടപടിയെടുക്കാൻ അദ്ദേഹം തന്നെ നിർദ്ദേശം നൽകി. 3800 രൂപവീതം നൽകാനാണ് ആദ്യ തീരുമാനം ഉണ്ടായത്. എന്നാൽ 2019ൽ മറ്റൊരു സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു. 2019ലെ പ്രളയത്തിന് സമാനമായ സാഹചര്യം വരും വർഷങ്ങളിലും ഉണ്ടായാൽ 10000 രൂപവീതം തന്നെ ധനസഹായം നൽകണമെന്നായിരുന്നു അന്നത്തെ സർക്കാർ ഉത്തരവ്. ഈ ഉത്തരവുമായി വീണ്ടും മുഖ്യമന്ത്രിയെ കണ്ടു. ഈ അപേക്ഷയിൽ നടപടി തുടരുകയാണ്. ഏതായാലും ആദ്യ ഗഡു എന്ന നിലയിലാണ് ഇപ്പോൾ 3800 രൂപ ഇന്ന് നൽകിത്തുടങ്ങിയതെന്നാണ് അറിയുന്നത്. ശേഷിക്കുന്ന തുകകൂടെ വൈകാതേ കുട്ടനാട്ടുകാരിലേക്ക് എത്തുമെന്ന പ്രതീക്ഷിയിലാണ് ഇപ്പോൾ കുട്ടനാട്ടുകാരുടെ ഹീറോ ആയിക്കഴിഞ്ഞ ജയ്സപ്പൻ ചേട്ടൻ.

തന്റെ പോരാട്ടത്തെയും കോടതിയിൽ നിന്ന് അനുകൂല വിധി നേടിയതിനേയും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും അഭിനന്ദിച്ചതായി ജയ്സപ്പൻ ഈ ഘട്ടത്തിൽ അനുസ്മരിക്കുന്നു. ഞാൻ കേസ് കൊടുത്തു.. ജയിച്ചു എന്നേയുള്ളൂ എന്ന് അദ്ദേഹത്തോട് പറഞ്ഞപ്പോഴും ജയ്സപ്പൻ ചെയ്തത് ഒരു ചെറിയകാര്യമല്ല. അത് വലിയൊരു നന്മയാണെന്നാണ് അദ്ദേഹം പറഞ്ഞത്. മുൻ മുഖ്യമന്ത്രിതന്നെ ഇത്തരത്തിൽ അഭിനന്ദിച്ചതും പിന്നീട് വിഷയം നേരിട്ട് കണ്ട് പറഞ്ഞപ്പോൾ മുഖ്യമന്ത്രി പിണറായി തന്നെ നിർദ്ദേശം നൽകി ഇപ്പോൾ ധനസഹായം ജനങ്ങൾക്ക് കിട്ടുന്നതിലേക്ക് കാര്യങ്ങളെത്തിയതുമെല്ലാം നന്ദിയോടെ സ്മരിക്കുകയാണ് ജയ്സപ്പൻ ചേട്ടൻ. സ്‌കൂൾ, കോളേജ് കാലം മുതൽ കലാരംഗത്തും സാമൂഹ്യ രംഗത്തും തിളങ്ങിയിരുന്ന ആളാണ് ജയ്സപ്പൻ. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹ്യ പ്രവർത്തകനും കേരളാ ഡെവലപ്പ്മെന്റ് ആൻഡ് കൾച്ചറൽ സൊസൈറ്റിയുടെ സംസ്ഥാന ചെയർമാനും അമ്പലപ്പുഴ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ലൈഫ് ചാരിറ്റി മിഷന്റെ ചെയർമാനുമാണ്. 37ഓളം സിനിമകളിലും 50ലേറെ സീരിയലുകളിലും വേഷമിട്ടിട്ടുണ്ടെങ്കിലും ഇപ്പോഴാണ് ശരിക്കും ഹീറോ ആകുന്നത് ജയ്സപ്പൻ ചേട്ടൻ. അതും വെള്ളിത്തിരയിലും മിനി സ്‌ക്രീനിലുമല്ലാതെ ശരിക്കും ജനങ്ങളുടെ മനസ്സിൽ.