തിരുവനന്തപുരം: ആയിരം ഏജൻസികൾ പതിനായിരം കൊല്ലം തപസ്സിരുന്നാലും തെളിവു കൊണ്ടുവരാൻ കഴിയില്ലെന്ന മന്ത്രി കെ.ടി. ജലീലിന്റെ ആത്മവിശ്വാസം മന്ത്രിയെ രക്ഷിച്ചേക്കില്ല. കസ്റ്റംസ്-എൻഐഎ അന്വേഷണം മന്ത്രിക്ക് വലിയ വിലങ്ങുതടിയായി മാറുകയാണ്. മന്ത്രി ജലീലിനെതിരെയുള്ള അന്വേഷണത്തിൽ ദേശീയ അന്വേഷണ ഏജൻസി ബഹുദൂരം മുന്നോട്ട് പോയതായാണ് ലഭിക്കുന്ന വിവരം. മന്ത്രിക്ക് എതിരായ തെളിവുകൾ മുഴുവൻ എൻഐഎയും കസ്റ്റംസും ശേഖരിച്ച് കഴിഞ്ഞതായാണ് ലഭിക്കുന്ന സൂചന. നയതന്ത്ര വഴിയിലെ സ്വർണ്ണക്കടത്തും സിമി ബന്ധം ഉൾപ്പെടെയുള്ള കാര്യങ്ങളിലുമാണ് മന്ത്രിക്ക് എതിരെ അന്വേഷണം നടക്കുന്നത്. ഇതേ അന്വേഷണം തന്നെയാണ് മന്ത്രിയുമായി ബന്ധമുള്ള മുക്കൂട്ട് സംഘത്തിലും എത്തി നിൽക്കുന്നത്. ജലീൽ ലീഗിലിരിക്കെയുള്ള മുക്കൂട്ട് സഖ്യം ഇപ്പോഴും അതേ രീതിയിൽ തന്നെ രഹസ്യമായി തുടരുന്നതായി ഏജൻസികൾക്ക് വിവരം ലഭിച്ചിട്ടുണ്ട്. മന്ത്രി ജലീലും കെ.എം.ഷാജിയും മുൻ പിഎസ് സി അംഗവും ഉൾപ്പെടുന്നതാണ് ഈ മുക്കൂട്ട് സഖ്യം.

ഒരു വീടിന്റെ സ്‌ക്വയർഫീറ്റ് കൂടിപ്പോയി, ഇരുപത്തിയഞ്ചു ലക്ഷം രൂപ കൈക്കൂലി വാങ്ങിച്ചു എന്നത് മാത്രമാണോ കെ.എം.ഷാജിയെ ഇഡി ചോദ്യം ചെയ്യാൻ ഇടയാക്കുന്നത് എന്ന ഒരു ചോദ്യം നിലവിലുണ്ട്. ജലീലിനെ എൻഐഎയും ഇഡിയും കസ്റ്റംസും ചോദ്യം ചെയ്തു കഴിഞ്ഞു. ഇതേ ഘട്ടത്തിൽ തന്നെയാണ് കെ.എം.ഷാജിയെയും ഇഡി ചോദ്യം ചെയ്യുന്നത്. മുൻ പിഎസ് സി മെമ്പറെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തു കഴിഞ്ഞിട്ടുണ്ട്. മുക്കൂട്ട് ബന്ധത്തിന്റെ അന്തർധാര കൂടി ഈ ചോദ്യം ചെയ്യലിൽ വിഷയമാണ് എന്നാണ് ലഭിക്കുന്ന വിവരം. വയനാട് കേന്ദ്രമാക്കി ആരംഭിച്ച ജൂവലറി ഗ്രൂപ്പിൽ മുൻപ് പങ്കാളിത്തമുണ്ടായിരുന്നു കെ.എം.ഷാജിക്ക്. ഇതും അന്വേഷണ വിഷയമാണ്.

സിപിഎമ്മിനെ തന്നെ അമ്പരിപ്പിക്കുന്ന വിധത്തിൽ ലീഗ് നേതാവ് കെ.എം.ഷാജിയും മന്ത്രി ജലീലും മുൻ പിഎസ്‌സി മെമ്പറും തമ്മിലുള്ള മുക്കൂട്ട് സഖ്യത്തിലേക്കും അന്വേഷണം നീങ്ങുകയാണ്. ഈ മുക്കൂട്ട് സഖ്യത്തിനു തീവ്രവാദ ബന്ധമുണ്ടോ എന്നാണ് എൻഐഎ അന്വേഷിക്കുന്നത്. മുൻപ് ഗൾഫിൽ ഈ മുക്കൂട്ട് സംഘത്തിനു ബിസിനസ് ഉണ്ടായിരുന്നു. ജലീലും ഷാജിയും വഴിപിരിഞ്ഞിട്ടും ഇതേ ബന്ധം മുക്കൂട്ട് സംഘം നിലനിർത്തുന്നുണ്ട്. ലീഗിൽ നിന്നും വിടപറഞ്ഞു സിപിഎമ്മിൽ എത്തിയിട്ടും മന്ത്രിയും ഷാജിയും തമ്മിൽ നിലനിൽക്കുന്ന അസാധാരണ ബന്ധത്തിലേക്കാണ് അന്വേഷണം നീങ്ങുന്നത്. മന്ത്രിക്ക് എതിരെ തെളിവുകൾ മുഴുവൻ ലഭിച്ചിരിക്കെ അറസ്റ്റ് അന്വേഷണ ഏജൻസികളുടെ മാത്രം തീരുമാനമാണ്. ധൃതിപിടിച്ച് അറസ്റ്റ് പോലുള്ള നടപടികൾ വേണമോ അതോ സാവധാനം മതിയോ എന്ന കാര്യത്തിലും ചർച്ചകൾ നടക്കുന്നുണ്ട്. ജലീൽ അറസ്റ്റിലാകും എന്ന നിഗമനത്തിൽ തന്നെയാണ് പിണറായി സർക്കാരും മുന്നോട്ടു പോകുന്നത്.

നയതന്ത്രവഴിയിൽ ഖുറാൻ കൊണ്ടുവന്നത് മാത്രമല്ല അതിന്നിടയിൽ സ്വർണ്ണക്കടത്ത് കൂടി നടന്നതായാണ് അന്വേഷണ ഏജൻസികളുടെ നിഗമനം. ജലീലിന്റെ ചെയ്തികൾ മുഴുവൻ ചികഞ്ഞാണ് എൻഐഎ അന്വേഷണം മുന്നോട്ടു നീങ്ങുന്നത്. ലീലിന്റെ ഇടപാടുകളെക്കുറിച്ച് പിണറായി സർക്കാരിനു അറിയാമായിരുന്നോ അതോ അറിയാതെയാണോ ജലീലിനെ പിന്തുണയ്ക്കുന്നത് എന്നും ഏജൻസികൾ അന്വേഷിക്കുന്നുണ്ട്. കെ.ടി.ജലീലും കെ.എം.ഷാജിയും തമ്മിലുള്ള അന്തർധാരയാണ് ഈ രീതിയിൽ ഒരന്വേഷണം നടത്താൻ ഏജൻസികളെ പ്രേരിപ്പിക്കുന്നത്. മുക്കൂട്ട് സഖ്യത്തിൽ ഉൾപ്പെട്ടത് ഒരു മുൻ പിഎസ്‌സി മെമ്പർ ആണ്. ഈ പിഎസ്‌സി മെമ്പറെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്തിട്ടുണ്ട്. മുക്കൂട്ട് സഖ്യത്തിന്റെ ഗൾഫിലെ കൂട്ട് കച്ചവടമാണ് അന്വേഷണത്തിൽ പ്രധാനമാകുന്നത്. . ജലീലുമായി ബന്ധമുള്ള മുക്കൂട്ട് മുന്നണി ഇടപാടുകളുടെ ചുരുളുകൾ അഴിക്കാനാണ് കസ്റ്റംസും എൻഐഎയും ശ്രമിക്കുന്നുണ്ട്. സ്വർണ്ണക്കടത്തിലെ തീവ്രവാദ ബന്ധം അന്വേഷിക്കുമ്പോൾ ഐഎസ് ഫണ്ടിംഗിനെക്കുറിച്ചുള്ള വിവരങ്ങൾ കൂടി എൻഐഎയുടെ കൈവശമുണ്ട്. മുക്കൂട്ട് സഖ്യത്തിനു തീവ്രവാദ ബന്ധമുണ്ടോ എന്നും അന്വേഷണ ഏജൻസികൾ ചികയുന്നുണ്ട്.

അഴീക്കോട് ഹൈസ്‌കൂളിൽ പ്ലസ് ടു ബാച്ച് അനുവദിക്കാൻ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിലാണ് ഇഡി കെ,.എം.ഷാജിയെ ചോദ്യം ചെയ്യുന്നത്. ഷാജിയുടെ വരുമാന ഉറവിടത്തെക്കുറിച്ചായിരുന്നു ഇ.ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്. കോഴിക്കോട് മാലൂർകുന്നിൽ ഷാജി നിർമ്മിച്ച വീടിന് 1.60 കോടി രൂപ വിലമതിക്കുമെന്ന് കോർപറേഷൻ ഇഡിക്ക് റിപ്പോർട്ട് നൽകിയിരുന്നു. വീട് നിർമ്മിക്കാൻ ഭാര്യ വീട്ടുകാർ ധനസഹായം നൽകിയതിന്റെ രേഖകൾ ഷാജി ഹാജരാക്കി. അക്കൗണ്ട് വഴിയാണ് പണം നൽകിയത്. രണ്ട് വാഹനങ്ങൾ വിറ്റു. 10 ലക്ഷം രൂപ വായ്പയെടുത്തു എന്നൊക്കെയാണ് ഷാജി മറുപടി നൽകിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ.മജീദ് ഉൾപ്പെടെയുള്ള നേതാക്കളുടെയും സ്‌കൂൾ അധികൃതരുടെയും ഷാജിയുടെ ഭാര്യയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.