ജമ്മു: ജമ്മു വിമാനത്താവള സ്‌ഫോടനം ഭീകരാക്രമണമെന്ന് സ്ഥിരീകരിച്ച് ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിങ്. ഡ്രോൺ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കൾ വർഷിച്ചു എന്നാണ് സംശയിക്കുന്നത്. സംയുക്ത അന്വേഷണം നടക്കുകയാണെന്നും ഡിജിപി വാർത്താ ഏജൻസിയോട് പറഞ്ഞു. ജമ്മുകശ്മീരിലെ വിമാനത്താവളങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ ഉന്നതതല യോഗം ചേരുകയാണ്.

രണ്ട് ഡ്രോണുകൾ ഉപയോഗിച്ചതായാണ് പ്രാഥമിക നിഗമനം. ലഷ്‌ക്കർ ഭീകരനെ പിടിച്ചതിലൂടെ വൻ സ്‌ഫോടന ശ്രമം തകർത്തതായും ഡിജിപി പറഞ്ഞു. തിരക്കുള്ള സ്ഥലങ്ങളിൽ സ്‌ഫോടനത്തിനായിരുന്നു ഇവരുടെ പദ്ധതി. ഇയാളിൽ നിന്ന് അഞ്ചു കിലോ ഐഇഡി പിടിച്ചെടുത്തിരുന്നു എന്നും ഡിജിപി അറിയിച്ചു.

ഞായറാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് വിമാനത്താവളത്തിന്റെ ടെക്നിക്കൽ ഏരിയയിൽ ഇരട്ടസ്ഫോടനമുണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ലെന്നും കാര്യമായ നാശനഷ്ടങ്ങളില്ലെന്നുമാണ് വ്യോമസേന അറിയിച്ചിരിക്കുന്നത്. സ്ഫോടനങ്ങളിലൊന്നിൽ ഒരു കെട്ടിടത്തിന്റെ മേൽക്കൂരയ്ക്ക് ചെറിയ കേടുപാട് പറ്റിയിട്ടുണ്ടെന്നും വ്യോമസേന അറിയിച്ചു.

അഞ്ച് മിനുട്ട് വ്യത്യാസത്തിൽ രണ്ട് തവണയാണ് സ്ഫോടനമുണ്ടായത്. വ്യോമസേനയുടെ നിയന്ത്രണത്തിലാണ് ജമ്മു വിമാനത്താവളം. ഇവിടെ സാധാരണ വിമാനങ്ങളും സർവീസ് നടത്തുന്നുണ്ടെങ്കിലും റൺവേയും എയർ ട്രാഫിക് കൺട്രോളും വ്യോമസേനയുടെ നിയന്ത്രണത്തിലാണ്.

ഇരട്ട സ്‌ഫോടനത്തിൽ എൻഐഎയും രഹസ്യാന്വേഷണ ഏജൻസികളും ജമ്മു പൊലീസും അന്വേഷണം തുടരുന്നു. സ്‌ഫോടനത്തിൽ രണ്ടു പേർക്ക് പരിക്കേറ്റെന്നാണ് അധികൃതർ അറിയിച്ചത്. വ്യോമസേനയുടെ ഒരു കെട്ടിടം ആക്രമണത്തിൽ തകർന്നിട്ടുണ്ട്. ഡ്രോൺ ഉപയോഗിച്ചുള്ള സ്‌ഫോടനമെന്ന് സംശയിക്കുന്നതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചെങ്കിലും സർക്കാർ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചട്ടില്ല എൻഐഎ സംഘം സംഭവസ്ഥലത്ത് എത്തി അന്വേഷണം തുടങ്ങി.

വിമാനത്താവളത്തിലെ വ്യോമസേന നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഏരിയയിലെ ഒരു കെട്ടിടത്തിലാണ് ആദ്യം സ്‌ഫോടകവസ്തു വന്നു വീണത്. സ്‌ഫോടനത്തിൽ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു. മറ്റൊരു സ്‌ഫോടനം നടന്നത് അടുത്തുള്ള തുറസ്സായ സ്ഥലത്ത്.

സ്‌ഫോടനത്തിൽ അടുത്തുള്ള വീടുകളും വിറച്ചതായി നാട്ടുകാർ പറഞ്ഞു. ഉന്നതതല അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടിരുന്നു. ഡ്രോൺ ഉപയോഗിച്ച് സ്‌ഫോടകവസ്തുക്കൾ വർഷിച്ചു എന്നാണ് ആദ്യഘട്ടത്തിലെ നിഗമനം. വ്യോമസേനയുടെ പട്രോളിങ് സംഘം ഡ്രോൺ കണ്ടിരുന്നുവെന്നും റിപ്പോർട്ടുകളുമുണ്ട്. ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല.

ഇതുവരെയുള്ള സൂചനകൾ പ്രകാരം രാജ്യത്ത് നടക്കുന്ന ആദ്യ ഡ്രോൺ ആക്രമണമാണ് ജമ്മു വിമാനത്താവളത്തിലേത്. ആയുധക്കടത്തിനായി ഭീകരർ ഡ്രോണുകൾ ഉപയോഗിക്കുന്നുണ്ടെന്ന് മുൻപ് പലതവണ കണ്ടെത്തിയിരുന്നു. പഞ്ചാബ് അതിർത്തിയിലടക്കം അതിർത്തിക്കപ്പുറത്ത് നിന്നയച്ച നിരവധി ട്രോണുകൾ ഇതിനോടകം സുരക്ഷസേന വെടിവെച്ചിട്ട സംഭവങ്ങളുണ്ടായിട്ടുണ്ട്.

സ്‌ഫോടനത്തിൽ ആളപായമോ കാര്യമായ നാശനഷ്ടമോ ഉണ്ടായില്ലെങ്കിലും ഡ്രോൺ വഴിയാണ് സ്‌ഫോടനം നടത്തിയതെന്നത് ഗൗരവതരമായാണ് സേനയും പൊലീസും കാണുന്നത്. 2019 ആഗസ്റ്റിൽ പഞ്ചാബിലെ അമൃത്സറിൽ ഹെക്‌സാകോപ്ടർ ഡ്രോൺ തകർന്ന നിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. തൊട്ടടുത്ത മാസം തരൻ താരനിൽ പിടിയിലായ ഭീകരരിൽ നിന്ന് ഡ്രോണുകളിലൂടെ ആയുധക്കടത്ത് നടക്കുന്നതായി വിവരം ലഭിച്ചു.

തോക്കുകളും ഗ്രനേഡുകളും വയർലെസും, പണവും ഡ്രോണുകളിലൂടെ കടത്തിയെന്നതായിരുന്നു കണ്ടെത്തിയത്. കഴിഞ്ഞ വർഷം കത്വയിൽ ബിഎസ്ഫ് ഒരു ഡ്രോൺ വെടിവെച്ചിട്ടു. 2020 സെപ്റ്റംബറിൽ തന്നെ ജമ്മുവിൽ ഡ്രോൺ വഴി ആയുധം കടത്തിയ ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. അഖ്‌നൂറിൽ വച്ച് ഡ്രോണുകളിലൂടെ കടത്തിയ ആയുധങ്ങൾ കണ്ടെടുത്തു.

പിടിക്കപ്പെടാൻ സാധ്യത കുറവാണെന്നതും വളരെ വേഗത്തിൽ ആയുധങ്ങൾ കടത്താമെന്നതുമാണ് ഭീകരർ ഡ്രോണുകളെ കാര്യമായി ഉപയോഗിക്കാൻ കാരണം. ഇപ്പോഴത്തെ ആക്രമണത്തിൽ രണ്ട് ഡ്രോണുകൾ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് അനുമാനം എംഐ17 ഹെലികോപ്ടർ, സേന വിമാനങ്ങൾ എന്നിവ ഉണ്ടായിരുന്ന ഹാങ്ങറിനടുത്താണ് ഡ്രോൺ എത്തിയത് എന്നതും ഗൗരവം വർധിപ്പിക്കുന്നുണ്ട്. ചൈനീസ് നിർമ്മിത ഡ്രോൺ പാക്കിസ്ഥാൻ ഉപയോഗിച്ചേക്കും എന്ന സൂചന നേരത്തെ രഹസ്യാനേവഷണ ഏജനസികൾക്ക് കിട്ടിയിരുന്നു. ക്വാഡ് കോപ്ടർ ഡ്രോണുകൾ ഉപയോഗിച്ച് ഇന്ത്യയും അതിർത്തികളിൽ ഇപ്പോൾ നിരീക്ഷണം നടത്തുന്നുണ്ട്.

എൻഎസ്ജിയുടെ ബോംബ് സ്‌ക്വാഡ് വിമാനത്താവളത്തിലെത്തി വിശദമായ പരിശോധന നടത്തി. എസ്‌പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ എൻഐഎ സംഘവും അന്വേഷണം തുടങ്ങിയിട്ടുണ്ട്. ആക്രമണത്തിൽ പാക് കേന്ദ്രീകൃത ഭീകരസംഘടനകൾക്ക് പങ്കുണ്ടാവാനുള്ള സാധ്യത സർക്കാർ തള്ളിയിരുന്നില്ല ജമ്മു പൊലീസ് യുഎപിഎ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു. രണ്ടു പേരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതായാണ് സൂചന.

ലഡാക്ക് സന്ദർശനത്തിന് പുറപ്പെട്ട പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് യാത്ര തുടങ്ങും മുൻപ് വ്യോമസേന ഉപമേധാവി എയർ മാർഷൽ എച്ച് എസ് അറോറയുമായി സംസാരിച്ചു. പശ്ചിമ വ്യോമ കമാൻഡ് മേധാവി എയർമാർഷൽ വിക്രം സിങ് ജമ്മുവിൽ എത്തി സ്ഥിതി നേരിട്ട് വിലയിരുത്തുന്നുണ്ട്. സ്‌ഫോടനത്തിന് പിന്നാലെ പഠാൻകോട്ടിലും ശ്രീനഗറിലും അതീവ ജാഗ്രത പ്രഖ്യാപിച്ചു. സ്ഥിരീകരിച്ചാൽ ഡ്രോൺ ഉപയോഗിച്ച് സേന താവളത്തിൽ നടത്തുന്ന ആദ്യ സ്‌ഫോടനമാകും ഇത്. ജമ്മുകശ്മീരിലെ പാർട്ടികളെ വിളിച്ച് പ്രധാനമന്ത്രി ചർച്ച നടത്തിയതിന് പിന്നാലെയാണ് ഈ സംഭവം എന്നതും സ്ഥിതി ഗുരുതരമാക്കുന്നു.