ടോക്യോ: കോവിഡ് സാഹചര്യത്തിൽ ഒളിംപിക്സ് വേദിയായ ടോക്യോയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജപ്പാൻ ഭരണകൂടം. ഒളിംപിക്സിനിടെ സ്റ്റേഡിയത്തിലും നഗരത്തിലും കാണികളെ പൂർണമായും ഒഴിവാക്കാനാണ് തീരുമാനം.

ജൂലൈ 23 മുതൽ ഓഗസ്ത് 8 വരെയാണ് ഒളിമ്പിക്സ് നടത്താൻ നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ കൊറോണ വൈറസിന്റെ മാരകമായ വകഭേദങ്ങളെ ഉൾപ്പെടെ പ്രതിരോധിക്കാൻ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചേ മതിയാവൂ എന്നും അല്ലാത്തപക്ഷം രാജ്യം മറ്റൊരു കോവിഡ് തരംഗത്തെക്കൂടി നേരിടേണ്ടിവരുമെന്നും ജപ്പാൻ പ്രധാനമന്ത്രി യോഷിഹിദെ സുഗ പറഞ്ഞു.

കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന തുടരുകയും ഒളിംപിക്സ് നടത്തിപ്പിനെതിരെ പ്രതിഷേധം ശക്തമാവുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സർക്കാർ നീക്കം. യോഗ്യത നേടിയ താരങ്ങളും പരിശീലകരും ഒഫീഷ്യൽസുമായി വിവിധ രാജ്യങ്ങളിൽ നിന്നുള്ള 15000ലധികം ആളുകളാണ് ടോക്യോയിലെത്തുന്നത്. ഇവർക്ക് പുറമേ കാണികൾ കൂടി നഗരത്തിൽ വന്നാൽ പ്രതിസന്ധി രൂക്ഷമാകും. ഇത് തടയാൻ ഓഗസ്റ്റ് 22 വരെ വൈറസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് നിയന്ത്രണം ശക്തമാക്കുകയാണ്.



കാണികളില്ലാതെ ഒളിമ്പിക്സ് നടത്താൻ സംഘാടകരും നിർദ്ദേശിച്ചതായി ഒളിമ്പിക്സ് മന്ത്രി തമായ മരുകാവ പറഞ്ഞു. ടോക്യോയ്ക്ക് പുറത്ത് നടക്കുന്ന ഒളിമ്പിക്സ് ഇനങ്ങൾക്ക് കാണികളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച് അപ്പോൾ ആലോചിച്ച് തീരുമാനിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. കാണികളെ പ്രവേശിപ്പിക്കാതെ ഒളിമ്പിക്സ് നടത്തുന്നത് താരതമ്യേനെ അപകടം കുറഞ്ഞ തീരുമാനമാണെന്നാണ് ആരോഗ്യ വിദഗ്ധരും വിലയിരുത്തുന്നത്.

ഒളിമ്പിക്സിന് മറ്റുരാജ്യങ്ങളിൽനിന്നുള്ള കാഴ്ചക്കാർക്കു സംഘാടകർ നേരത്തെ വിലക്കേർപ്പെടുത്തിയിരുന്നു. കഴിഞ്ഞവർഷം നടക്കേണ്ടിയിരുന്ന ഒളിംപിക്സ് കൊറോണ വൈറസ് വ്യാപനത്തെത്തുടർന്ന് മാറ്റിവെക്കുകയായിരുന്നു.

അടച്ചിട്ട സ്റ്റേഡിയത്തിൽ മത്സരം പൂർത്തിയാക്കാനാണ് നീക്കമെന്ന് ജാപ്പനീസ് മാധ്യമങ്ങൾ നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. വിദേശ കാണികളെ നേരത്തെ വിലക്കിയിരുന്നെങ്കിലും ആഭ്യന്തര കാണികളിൽ 10000 പേരെയോ സ്റ്റേഡിയത്തിന്റെ പകുതിയോ പങ്കെടുപ്പിക്കാൻ നേരത്തെ സംഘാടകർ ആലോചിച്ചിരുന്നു. ഇത് പൂർണമായും ഒഴിവാക്കുമെന്നാണ് പുതിയ റിപ്പോർട്ട്. സേഫ് ഒളിംപിക്സ് എന്ന നയം നടപ്പാക്കുമെന്നും എല്ലാ മുൻകരുതലും ഉറപ്പാക്കുമെന്നും ടോക്യോ ഗവർണറും വ്യക്തമാക്കി.



മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് മെച്ചമാണെങ്കിലും മറ്റൊരു തരംഗം കൂടി ജപ്പാനിൽ ആരോഗ്യ വിദഗ്ദ്ധർ പ്രവചിക്കുന്നുണ്ട്. ഇതുവരെ 15% ആളുകൾ മാത്രമാണ് രണ്ട് ഡോസ് വാക്സീനും ജപ്പാനിൽ സ്വീകരിച്ചത്. ജപ്പാനിൽ 14800 പേർ കോവിഡ് ബാധിച്ച് മരിച്ചു. ജൂലൈ 23നാണ് ടോക്യോയിൽ ഒളിംപിക്സ് ആരംഭിക്കുന്നത്.