തിരുവനന്തപുരം: പൂഞ്ഞാറിൽ അപകടകരമായി രീതിയിൽ വെള്ളക്കെട്ടിലൂടെ സാഹസികമായി കെഎസ്ആർടിസി ബസോടിച്ച ഡ്രൈവർക്കെതിരെ പൊലീസ് കേസെടുത്തു. ജാമ്യമില്ല വകുപ്പ് ചുമത്തിയാണ് ജയദീപനെതിരെ കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി നൽകിയ പരാതിയിലാണ് ഡ്രൈവർ ജയദീപിനെതിരായ നടപടി.

വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതാണ് ഡ്രൈവർ ജയദീപിനെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആർടിസി മാനേജ്‌മെന്റ് പറയുന്നത്. ബസ് വെള്ളക്കെട്ടിലിറക്കിയതു വഴി കേടുപാടുകളുണ്ടായതു മൂലം 5,33,000 രൂപ കെഎസ്ആർടിസിക്ക് നഷ്ടമുണ്ടായതായാണ് പരാതി. ബസിന് നാശനഷ്ടം ഉണ്ടാക്കണമെന്ന ഉദ്ദേശത്തോടും കരുതലോടും കൂടിയാണ് ഡ്രൈവർ വെള്ളക്കെട്ടിൽ ഇറക്കിയതെന്നും എഫ്.ഐ.ആറിൽ പറയുന്നു.

ഈരാറ്റുപേട്ടയിലേക്ക് പോയ കെഎസ്ആർടിസി ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്ക് മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് പുറത്ത് എത്തിക്കുകയായിരുന്നു. സംഭവം വിവാദമായത്തിന് പിന്നാലെ ജയദീപനെ സസ്‌പെന്റ് ചെയ്യുകയും ഇയാളുടെ ലൈസൻസ് സസ്‌പെന്റ് ചെയ്യാനുള്ള നടപടികൾ തുടങ്ങുകയും ചെയ്തിരുന്നു.

ജയദീപിന്റെ ലൈസൻസ് റദ്ദാക്കാനുള്ള നടപടികളും ഗതാഗത വകുപ്പ് ആരംഭിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജയദീപിനോട് വിശദീകരണം തേടിയിരിക്കുകയാണ്.ഇതിനിടെയാണ് ജയദീപിനെതിരെ കേസെടുത്തിരിക്കുന്നത്.യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കി എന്നാരോപിച്ച് ജയദീപിനെ നേരത്തെ തന്നെ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ നിർദേശപ്രകാരം സസ്പെൻഡ് ചെയ്തിരുന്നു.

സംഭവത്തെത്തുടർന്ന് കെഎസ്ആർടിസിയുടെ നടപടിയെ പരിഹസിച്ചുകൊണ്ട് ജയദീപ് സാമൂഹിക മാധ്യമങ്ങളിലും മാധ്യമങ്ങളിലും പ്രതികരണം നടത്തിയിരുന്നു.പൂഞ്ഞാർ ഫൊറോന പള്ളിയുടെ മുൻവശത്ത് വൻ വെള്ളക്കെട്ടിലൂടെ വണ്ടി മറുകരയെത്തിക്കാൻ ശ്രമിക്കുന്നതിനിടയിൽ വണ്ടിനിന്നു പോവുകയും യാത്രയ്ക്കാരെ പിന്നീട് നാട്ടുകാർ രക്ഷപ്പെടുത്തുകയുമായിരുന്നു. വണ്ടിയുടെ പകുതിയിലേറെ വെള്ളത്തിൽ മുങ്ങിയിരുന്നു. ഇതേത്തുടർന്നു ജയദീപിനെ കെഎസ്ആർടിസി എംഡി സസ്പെൻഡ് ചെയ്തിരുന്നു.

തൊട്ടുപിന്നാലെ ജയദീപിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടി തുടങ്ങിയതായി മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റും അറിയിച്ചു. യാത്രക്കാരുടെ ജീവൻ രക്ഷിക്കാനാണ് താൻ ശ്രമിച്ചതെന്നായിരുന്നു ഡ്രൈവർ ജയദീപിന്റെ വാദം. എന്നാൽ, ഇത് അംഗീകരിക്കാതെയാണ് സസ്പെൻഷൻ വന്നത്. യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കുന്ന വിധത്തിലും വണ്ടിക്കു തകരാർ വരുന്ന വിധത്തിലും ഓടിച്ചെന്ന കുറ്റം ചുമത്തിയായിരുന്നു സസ്പെൻഷൻ.

എന്നാൽ, കടുത്ത പരിഹാസത്തോടെയാണ് സസ്പെൻഷനെ ജയനാശാൻ നേരിട്ടത്. അന്നു വൈകിട്ടു തന്നെ കെഎസ്ആർടിസി അധികൃതരെ പരിഹസിച്ചുകൊണ്ട് ഫേസ്‌ബുക്ക് പോസ്റ്റ് ഇട്ടു. എപ്പോഴും അവധി ചോദിച്ചു നടക്കുന്ന തന്നെ സസ്പെൻഡ് ചെയ്യാതെ വല്ല പാവങ്ങളെയും പോയി സസ്പെൻഡ് ചെയ്യാനായിരുന്നു പരിഹാസം. കെഎസ്ആർടിസിയിലെ കൊണാണ്ടർമാർ എന്നു തുടങ്ങിയ അധിക്ഷേപങ്ങളും പോസ്റ്റിൽ ഉണ്ടായിരുന്നു. ഇതോടെയാണ് സംഭവം വലിയ വിവാദമായി മാറിയത്.

തന്നോടു യാതൊരു വിശദീകരണം ചോദിക്കാതെയാണ് സസ്പെൻഡ് ചെയ്തതെന്നും താൻ യാത്രക്കാരെ രക്ഷിക്കാനാണ് ശ്രമിച്ചതെന്നുമാണ് ആശാന്റെ വാദം. വണ്ടിക്കു യാതൊരു കുഴപ്പമില്ലെന്നു ടെക്നീഷ്യന്മാർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നും അതിനു ശേഷവും തന്നെ സസ്പെൻഡ് ചെയ്ത പ്രകോപനത്തിലാണ് പോസ്റ്റ് ഇട്ടതെന്നും അദ്ദേഹം വിശദീകരിച്ചിരുന്നു

മാത്രമല്ല, ഇൻഷ്വറൻസോ പൊല്യൂഷൻ സർട്ടിഫിക്കറ്റോ ടാക്സോ ഒന്നുമില്ലാത്ത ബസ് ഓടിക്കാൻ തന്റെ തലയിൽ കെട്ടിവച്ചു തന്ന കെഎസ്ആർടിസിയാണ് വലിയ കുറ്റം ചെയ്തിരിക്കുന്നത്. എന്നിട്ട് ഇല്ലാത്ത കുറ്റം ചുമത്തി തന്നെ സസ്പെൻഡ് ചെയ്തു. ഇൻഷ്വറൻസ് ഇല്ലാത്ത വാഹനം ഓടിക്കുന്നതു കുറ്റകൃത്യമായ നാട്ടിലാണ് അതൊന്നുമില്ലാത്ത ബസ് ഓടിക്കാൻ തന്നുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.