തിരുവനന്തപുരം: ആടൂർ ബറ്റാലിയനിലെ പൊലീസുകാർക്ക് ഇലക്ഷൻ യാത്രാ ബത്ത നൽകാൻ വൈകിയത് രണ്ടു ദിവസം. ഇക്കാര്യം മേലുദ്യോഗസ്ഥരെ അറിയിച്ചത് ബറ്റാലിയൻ കമാന്റഡന്റ് ജെ ജയനാഥ് ഐപിഎസും. ഈ അറിയിപ്പിന്റെ പേരിൽ ഐപിഎസുകാരന് നൽകിയത് കാരണം കാണിക്കൽ നോട്ടീസാണ്. അടൂർ പൊലീസ് കാന്റീനിൽ ലക്ഷങ്ങളുടെ ക്രമക്കേടെന്ന് കമാൻഡന്റിന്റെ റിപ്പോർട്ട് നേരത്തെ ചർച്ചയായിരുന്നു. കാന്റീനിലേക്ക് ചെലവാകാൻ സാധ്യതയില്ലാത്ത 42 ലക്ഷം രൂപയുടെ സാധനങ്ങൾ വാങ്ങിയെന്നും 11 ലക്ഷം രൂപയുടെ സാധനങ്ങൾ കാണാനില്ലെന്നും അടൂർ കെഎപി കമാൻഡന്റ് ജെ. ജയനാഥ് ഡിജിപിക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഈ ക്രമക്കേട് കണ്ടെത്തിയതിന്റെ പ്രതികാരമാണ് തനിക്കെതിരായ അച്ചടക്ക നടപടിയെന്ന് പരോക്ഷമായി കുറ്റപ്പെടുത്തി ജയനാഥ് വിശദീകരണം നൽകിയതായാണ് സൂചന.

പരിഹാസത്തിൻെ എല്ലാ സാധ്യതകളും തുറന്നിട്ടാണ് വിശദീകരണം നൽകൽ എന്നാണ് സൂചന. ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി എസ് പ്രകാശത്തിനാണ് മറുപടി നൽകിയത്. ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നുമുണ്ട്. സോഫ്റ്റ് വെയർ തകരാറു മൂലമാണ് യാത്രാ ബത്ത നൽകാൻ വൈകിയത്. ഏത് സാഹചര്യത്തിലാണ് ഇങ്ങനെ സംഭവിച്ചതെന്നും വിശദീകരിക്കുന്നു. പുതിയ സോഫ്റ്റ് വെയറിൽ സാങ്കേതിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതിനാൽ സ്പാർക്ക് വഴി ബിൽ മാറാൻ നിർദ്ദേശിച്ചു. ഇതിനിടെ പുതിയത് മതിയെന്ന നിർദ്ദേശവും എത്തി. ഇതോടെ പൊലീസുകാരുടെ ഡാറ്റാ എൻട്രിക്ക് അടക്കം കാലതാമസമുണ്ടായി. ഇതാണ് യാത്രാ ബത്ത വൈകാൻ കാരണമെന്നാണ് വിശദീകരണം.

ഒരു ബറ്റാലിയനിലും യാത്രാ ബത്ത സമത്തിന് കൊടുത്തില്ലെന്ന സംശയവും ജയനാഥ് മുമ്പോട്ട് വയ്ക്കുന്നു. അടൂർ ബറ്റാലിയനിൽ താൻ നടത്തിയ പരിഷ്‌കരണങ്ങൾ അക്കമിട്ട് നിരത്തിയാണ് മറുപടി നൽകൽ. യാത്രാ ബത്തകൾ മാറുന്നതിലെ കാലതാമസം സ്ഥിരമായി പൊലീസിൽ ഉണ്ടാകാറുണ്ട്. മുമ്പ് അടൂരിൽ പ്രകാശ് കമാണ്ടന്റായിരുന്നപ്പോൾ ആലപ്പുഴ സ്‌ട്രോങ് റൂമിൽ ജോലി ചെയ്തവരുടെ ബത്ത ഇനിയും കൊടുത്തില്ലെന്നും ഓർമ്മിപ്പിക്കുന്നു. തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറി വന്നതിന്റെ യാത്രാ ബത്ത രണ്ട് മാസം കഴിഞ്ഞാണ് തനിക്ക് കിട്ടിയതെന്നും പറയുന്നു.

പ്രകാശാണ് രണ്ട് മാസം കഴിഞ്ഞ് യാത്രാ ബത്ത് അനുവദിച്ചതെന്ന കുറ്റപ്പെടുത്തലാണ് മറുപടിയിൽ ഉള്ളതെന്നാണ് സൂചന. പൊലീസ് ഉദ്യോഗസ്ഥർക്ക് യാത്ര പടി നൽകാൻ വൈകിയെന്ന് ആരോപിച്ച ഉദ്യോഗസ്ഥനെതിരെ അച്ചടക്ക നടപടി അതിവിചിത്രമാണെന്ന പരിഹാസവും ഉണ്ട്. പൊലീസ് ക്യാന്റീനിലെ അഴിമതി ചൂണ്ടിക്കാട്ടിയതിന് മാനസിക പീഡനം നേരിടുന്നുവെന്ന ഗുരുതര ആരോപണവും ഈ മറുപടി കത്തിലുണ്ട്. പൊലീസ് മേധാവിയുടെ ഉത്തരവ് ലംഘിക്കണമെന്ന താങ്കളുടെ നിർദ്ദേശം പൊലീസ് ആസ്ഥാനത്ത് അറിയിക്കാനുണ്ടായ സാഹചര്യവും വിശദീകരിക്കുന്നു. യൂണിഫോം ധരിച്ചു തുടങ്ങിയ അന്നുമുതൽ ചെയ്ത പ്രതിജ്ഞയ്ക്ക് അനുസരിച്ചാണ് ജീവിക്കുന്നത്.

നികുതി പണം കൊള്ളടിക്കാതെ സഹപ്രവർത്തകരെ അടിമകളായി കാണാതെയാണ് ജോലി ചെയ്യുന്നത്. വെട്ടിമുറിച്ചിട്ടാലും വേറിട്ട വഴി മാറ്റാത്ത ഭഗത് സിംഗിന്റെ പിൻതലമുറയാണ് താൻ എന്നും മെമോയ്ക്കുള്ള മറുപടിയിൽ പറയുന്നു. തോൽപ്പിക്കില്ലെന്ന് ഉറപ്പിച്ചവനെ ജയിക്കാനാകില്ലെന്ന് പ്രകാശിനെ ഓർമ്മപ്പെടുത്തുന്നുമുണ്ട്. അച്ചടക്ക നടപടികൾ ഈ കത്ത് വായിച്ച് അവസാനിപ്പിക്കുമെന്ന പ്രതീക്ഷയോടെയാണ് മറുപടി കത്ത് അവസാനിപ്പിക്കുന്നതെന്നാണ് സൂചന. ഏതായാലും തനിക്കെതിരെ നിലകൊള്ളുന്നത് ഡിഐജി പ്രകാശാണെന്ന് പറയാതെ പറയുകയാണ് ജയനാഥ്. കുറച്ചു കാലമായി സേനയ്ക്കുള്ളിൽ അഴിമതിക്കെതിരെ നിലപാട് എടുത്ത് കൈയടി നേടുന്ന ഉദ്യോഗസ്ഥനാണ് ജയനാഥ്.

അടൂരിലെ ക്യാന്റീനിൽ ഗുരുതര വീഴ്ചകൾ നടന്നതായി ജയനാഥ് കണ്ടെത്തിയിരുന്നു. രണ്ട് ലക്ഷം രൂപയുടെ കണക്കിൽപ്പെടാത്ത സാധനങ്ങൾ കണ്ടെത്തിയതായും റിപ്പോട്ടിൽ ചൂണ്ടിക്കാട്ടുന്നു.. 2018-19 വർഷത്തെ ഇടപാടുകളിലാണ് ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഗുരുതര ക്രമക്കേടിൽ പൊലീസുകാർക്കിടയിൽ നിന്ന് തന്നെ പരാതി ഉയർന്ന സാഹചര്യത്തിലാണ് കമാൻഡന്റ് ജയനാഥ് പൊലീസ് മേധാവിക്ക് ഇതുസംബന്ധിച്ച റിപ്പോർട്ട് നൽകിയത്. പൊലീസുകാരന്റെ ബന്ധുവെന്ന വ്യാജേന കരാർ ജോലിക്ക് കയറിയ ആൾ കമ്പനികളിൽ നിന്ന് പ്രതിഫലം പറ്റിയെന്നും റിപ്പോർട്ടിലുണ്ട്. ഇയാൾ ഉൾപ്പെടെ കാന്റീനിൽ ജോലിചെയ്യുന്നവരാരും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കിയിരുന്നില്ല തുടങ്ങിയ ഗുരുതരമായ കണ്ടെത്തലുമുണ്ടായിരുന്നു. നേരത്തെ ഗോഡൗണിൽ ക്രമക്കേട് നടന്നതായുള്ള മാനേജറുടെ റിപ്പോർട്ട് നേരത്തെ പൊലീസ് ആസ്ഥാനത്ത് അറിയിച്ചിട്ടും നടപടിയുണ്ടായില്ലെന്ന വിമർശനവും റിപ്പോട്ടിലുണ്ട്.

ക്രമക്കേടുകൾ സംബന്ധിച്ച് പൊലീസിനു പുറത്തുനുള്ള സംഘം അന്വേഷിക്കണമെന്നും എജി പോലുള്ള ഏജൻസി ഓഡിറ്റ് നടത്തണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു. പൊലീസുകാരുടെ കുട്ടികൾക്ക് ഇഎംഐ വ്യവസ്ഥയിൽ ലാപ്പോടോപ്പ് വിതരണം ചെയ്യണം, സത്യസന്ധരായ ഉദ്യോഗസ്ഥരെ കാന്റീൻ ജോലിയിൽ നിയമിക്കണെന്ന 19 ഇന നിർദ്ദേശത്തോടെയാണ് റിപ്പോട്ട് അവസാനിക്കുന്നത്. മുമ്പും പൊലീസ് ആസ്ഥാനത്തേയ്ക്ക് പരിഹാസ രൂപത്തിൽ കത്ത് അയച്ചതിനു ജയനാഥിനെതിരെ വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു.