കണ്ണൂർ: കെ.എസ്.എഫ്.ഇ യിൽ നിന്ന് ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞ് ആധാരം വാങ്ങി ഒരു ലക്ഷം രൂപ തട്ടിയ കേസിലെ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. ഇരിട്ടി കീഴൂരിലെ പടിപ്പുരക്കയ്ൽ ജയപ്രസാദി (59) നെയാണ് ശ്രീകണ്ഠപുരം എസ്‌ഐ സുബീഷ് മോൻ, എഎസ്‌ഐ പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്തത്. 2009 ലായിരുന്നു സംഭവം.

ശ്രീകണ്ഠപുരം നിടിയേങ്ങ സ്വദേശിയായ യുവതിയാണ് തട്ടിപ്പിനിരയായത്. ഇരിട്ടിയിൽ ബസ് ഉടമയായിരുന്ന ഇയാൾ യുവതിയോട് കെഎസ്എഫ്ഇ യിൽ നിന്ന് ലോൺ ശരിയാക്കി നൽകാമെന്ന് പറഞ്ഞാണ് ആധാരം കൈക്കലാക്കിയത്. തുടർന്ന് ശ്രീകണ്ഠപുരം ബ്രാഞ്ചിൽ പണയം വച്ച് ഒരു ലക്ഷം രൂപ വാങ്ങി മുങ്ങുകയായിരുന്നു. തളിപ്പറമ്പ് കോടതിയാണ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്.

തൃശൂർ, എറണാകുളം, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഹോട്ടൽ ജീവനക്കാരനായി ജോലി ചെയ്തിരുന്ന പ്രതി അടുത്ത കാലത്തായി തിരുവനന്തപുരം തമ്പാനൂരിൽ കൺസ്ട്രക്ഷൻ സൈറ്റിൽ പാചകക്കാരനായി ജോലി ചെയ്യുകയായിരുന്നു. ശ്രീകണ്ഠപുരം ഇൻസ്‌പെക്ടർ ഇ.പിസുരേശന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ചൊവ്വാഴ്‌ച്ച പുലർച്ചെ തമ്പാനൂരിൽ വച്ചാണ് അറസ്റ്റ് ചെയ്തത്.