തിരുവനന്തപുരം: സംസ്ഥാനത്തെ ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ പിന്നാക്കാവസ്ഥ പഠിക്കാനായി കമ്മിഷനെ നിയോഗിക്കാൻ മന്ത്രിസഭ തീരുമാനിച്ചതിന് പിന്നിൽ ഇടതു സർക്കാരിന്റെ വോട്ട് ബാങ്ക് മോഹമോ? ന്യൂനപക്ഷങ്ങളെ ഇടതുപക്ഷത്തോടേ ചർത്തു നിർത്താനാണ് തീരുമാനം. സഭയുമായി ഏറെ അടുപ്പമുള്ളവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

വിദ്യാഭ്യാസം, സാമ്പത്തികം, ന്യൂനപക്ഷം എന്നീ മേഖലകളിലെ പിന്നാക്കാവസ്ഥയാണു പഠിക്കുക. പട്‌ന ഹൈക്കോടതി റിട്ട.ചീഫ് ജസ്റ്റിസ് ജെ.ബി.കോശി അധ്യക്ഷനും റിട്ട. ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ. ക്രിസ്റ്റി ഫെർണാണ്ടസ്, മുൻ ഡിജിപി ജേക്കബ് പുന്നൂസ് എന്നിവർ അംഗങ്ങളുമായാണു കമ്മിഷൻ. സഭാ നേതൃത്വവുമായി അടുത്ത ബന്ധമാണ് ജസ്റ്റീസ് ജെബി കോശിക്കുള്ളത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തെ കമ്മീഷനിലേക്ക് നിയോഗിക്കുന്നത്.

13 വർഷം കേരള ഹൈക്കോടതിയിൽ ജഡ്ജിയായിരുന്ന കോശി കുറച്ചുകാലം ആക്ടിങ് ചീഫ് ജസ്റ്റിസായിരുന്നു. പിന്നീട് പട്‌ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി. വിരമിച്ചശേഷം 2009 മേയിൽ കള്ളപ്പണം, വിദേശ കറൻസി കള്ളക്കടത്ത് തുടങ്ങിയ കേസുകൾ പരിഗണിക്കുന്ന ട്രിബ്യൂണലിന്റെ ചെയർമാനായി. ഇതോടൊപ്പം സർക്കാർ കണ്ടുകെട്ടുന്ന സ്വത്തുകൾ സംബന്ധമായ പരാതികൾ കൈകാര്യം ചെയ്യുന്ന പ്രത്യേക ട്രിബ്യൂണലിന്റെ ചെയർമാനായും പ്രവർത്തിച്ചു.

2011സെപ്റ്റംബർ അഞ്ചിനാണ് മനുഷ്യാവകാശ കമീഷൻ ചെയർമാനായി. അമ്പതിനായിരത്തോളം കേസാണ് ഈ കാലയളവിൽ കമീഷൻ മൊത്തത്തിൽ തീർപ്പാക്കിയത്. ഇതിൽ 27,000 കേസ് ചെയർമാനാണ് തീർപ്പാക്കിയത്. പൊലീസിന്റെ മനുഷ്യാവകാശ ലംഘനങ്ങൾ സംബന്ധിച്ച പരാതികളിൽ ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി ശാസിച്ചിട്ടുണ്ട്. കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട ഒമ്പതുകേസിൽ ഇരകൾക്ക് സർക്കാറിൽനിന്ന് നഷ്ടപരിഹാരം നേടിക്കൊടുത്തു.

സാധാരണക്കാർക്ക് ഭീഷണിയായിരുന്ന പല പാറമടകളുടെയും പ്രവർത്തനം നിർത്തലാക്കി. നിർധനരായ നൂറുകണക്കിന് രോഗികൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നടക്കം സഹായധനം വാങ്ങി നൽകി. മക്കളില്ലാത്ത വിധവക്ക് ബന്ധുക്കൾ നിഷേധിച്ച സ്വത്ത് വാങ്ങി നൽകിയത് പ്രവർത്തനകാലയളവിലെ മറക്കാനാകാത്ത കേസായി. ഇതെല്ലാം ഉപരി സഭയുമായുള്ള അടുപ്പമാണ് കോശിയെ കമ്മീഷന്റെ തലപ്പത്തേക്ക് കൊണ്ടു വരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്. ക്രിസ്റ്റി ഫെർണാണ്ടസ് ഇടത് സഹയാത്രികനാണ്. സഭയുമായുള്ള ബന്ധമാണ് ക്രിസ്റ്റിയേയും സിപിഎമ്മുമായി അടുപ്പിച്ച് നിർത്തുന്നത്.

കേരളാ കോൺഗ്രസിനെ ഇടതുപക്ഷത്ത് എത്തിച്ചതും ന്യൂനപക്ഷ വോട്ടുകൾ ലക്ഷ്യമിട്ടാണ്. ഈ വിഭാഗത്തെ കൂടുതലായി അടുപ്പിച്ച് മധ്യ കേരളത്തിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനാണ് സിപിഎം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് ന്യൂനപക്ഷത്തെ പിന്നോക്കാവസ്ഥയിൽ പഠനം നടത്തുന്നതും.