പട്ന: ബീഹാറിൽ ഭരണപക്ഷത്തിന് പ്രതിസന്ധി സൃഷ്ടിച്ച് മന്ത്രിക്കെതിരെ കൊലക്കേസും. ബജ്‌രങ് ദൾ നേതാവ് ജയ് ബഹാദുർ സിങ്ങിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മന്ത്രി രാംസേവക് സിങ്ങിന് എതിരെയാണു കേസെടുത്തത്. സംസ്ഥാനത്ത് അവസാനഘട്ട വോട്ടെടുപ്പ് നടക്കുമ്പോഴാണ് ഭരണകക്ഷിയായ ജെഡിയുവിനു തിരിച്ചടിയായി മന്ത്രിക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തിരിക്കുന്നത്. ബഹാദുർ സിങ്ങിന്റെ പേരക്കുട്ടി ധീരേന്ദ്ര സിങ്ങിന്റെ പരാതിപ്രകാരമാണു മന്ത്രിക്കെതിരെ കേസെടുത്തിരിക്കുന്നത്. ഐപിസി 120 ബി (ഗൂഢാലോചന), 302 (കൊലപാതകം) എന്നീ വകുപ്പുകളാണ് രാംസേവക് സിങ്ങിനെതിരെ ചുമത്തിയത്.

ജയ് ബഹാദുർ സിങ്ങിനെ അറിയാമെന്നും എന്നാൽ കൊലപാതകത്തിൽ പങ്കില്ലെന്നും രാംസേവക് സിങ് പറഞ്ഞു. പ്രതിപക്ഷത്തെ ആർജെഡി മനഃപൂർവം തന്റെ പേര് ഈ സംഭവത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നും മന്ത്രി പ്രതികരിച്ചു. മന്ത്രിയെക്കൂടാതെ മറ്റ് അഞ്ചു പേർക്കെതിരെയും ആരോപണമുണ്ടെന്നും ഭൂമിത്തർക്കം ഉൾപ്പെടെ എല്ലാ വിഷയങ്ങളും പരിശോധിക്കുമെന്നും ഗോപാൽഗഞ്ജ് പൊലീസ് സൂപ്രണ്ട് മനോജ് തിവാരി പറഞ്ഞു.

ഭരണകക്ഷിക്കു വോട്ട് ചെയ്യണമെന്ന പ്രചാരണത്തെ എതിർത്തതിനു ജയ് ബഹാദുർ സിങ്ങിനെ വകരുത്താൻ മന്ത്രി ഗൂഢാലോചന നടത്തിയെന്നാണ് ആരോപണമെന്നു മിർഗഞ്ജ് സ്റ്റേഷൻ ഹൗസ് ഓഫിസർ ശശി രഞ്ജൻ പറഞ്ഞു. മോട്ടർ ബൈക്കിലെത്തിയ രണ്ടുപേർ ബഹാദുർ സിങ്ങിനെ വെടിവയ്ക്കുകയായിരുന്നു. സംഭവമറിഞ്ഞ് ആശുപത്രിയിൽ ഓടിയെത്തിയ ബന്ധുക്കളും അനുയായികളും പൊലീസ് ജീപ്പ് നശിപ്പിച്ചു. ആറു മണിക്കൂറിലേറെ ഗതാഗതം സ്തംഭിപ്പിച്ചു.

ബിഹാറിൽ ഇന്നാണ് മൂന്നാം ഘട്ട വോട്ടെടുപ്പ്. നവംബർ പത്തിനാണ് ഫലപ്രഖ്യാപനം. ബിജെപി, ജെഡിയു, വിഐപി എന്നീ പാർട്ടികൾ ചേർന്നുള്ള എൻഡിഎ സംഖ്യവും കോൺഗ്രസ്, ആർജെഡി, ഇടതുപക്ഷപാർട്ടികൾ അടങ്ങുന്ന മഹാസഖ്യവും തമ്മിലാണ് സംസ്ഥാനത്ത് മാറ്റുരയ്ക്കുന്നത്. എൻഡിഎ സഖ്യം വിട്ടില്ലെങ്കിലും എൽജെപി ഇക്കുറി തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ജെഡിയു മത്സരിക്കുന്ന എല്ലാ മണ്ഡലങ്ങളിലും എൽജെപി സ്ഥാനാർത്ഥികളെ നിർത്തിയിട്ടുണ്ട്. അതേസമയം മറ്റ് മണ്ഡലങ്ങളിൽ ബിജെപിക്കാണ് പാർട്ടിയുടെ പിന്തുണ.

പ്രതിപക്ഷ സഖ്യത്തിൽ മുന്നണിക്ക് നേതൃത്വം നൽകുന്ന ആർ.ജെ.ഡി 144 സീറ്റുകളിലാണ് മത്സരിക്കുന്നത്. കോൺഗ്രസ് 70, സിപിഐ-എംഎൽ 19, സിപിഐ-ആറ്, സിപിഎം-നാല് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. 243 സീറ്റുകളാണ് ബിഹാറിൽ ആകെയുള്ളത്. ജെ.എം.എമ്മിനും പുറത്ത് നിന്ന് വരുന്ന മറ്റു കക്ഷികൾക്കും ആർജെഡിയുടെ 144 സീറ്റുകളിൽ നിന്ന് നൽകാനും ധാരണയായിരുന്നു. ഇടത് പാർട്ടികൾ എല്ലാവരും കൂടി 29 സീറ്റുകളിലാണ് മത്സരിക്കുന്നത്.