പത്തനംതിട്ട: ചെറുപ്പകാലം മുതൽ കുട്ടികൾ കേട്ടുതുടങ്ങുന്ന കഥയാണ് കണ്ണന്റേത്. ഉണ്ണിക്കണ്ണനോട് അറിയാതെയെങ്കിലും ഇഷ്ടം തോന്നാത്തവരായി ആരും ഉണ്ടാകില്ല. ജെസ്‌നയെന്ന യുവതിക്കും ശ്രീകൃഷ്ണനോട് ഇഷ്ടം തോന്നിയത് ചെറുപ്പകാലത്തിലെ കഥകൾ കേട്ടാണ്. കുഞ്ഞായിരിക്കുമ്പോൾ വലിയുമ്മ ഉമ്മച്ചി കണ്ണാ...എന്ന് സ്‌നേഹത്തോടെ നീട്ടിവിളിക്കുമ്പോൾ കണ്ണനെക്കുറിച്ചുള്ള കഥകൾ അന്യമായിരുന്നു. പിന്നീട് അതുകേട്ട് വീട്ടുകാരെല്ലാം കണ്ണാ... എന്ന് വിളിക്കുമ്പോൾ ഈ പേരിന് ഇത്ര മധുരമുണ്ടാകുമെന്നും കണ്ണൻ തന്റെ ജീവിതത്തിലെ ഭാഗ്യവും പുറംലോകം തന്നെ അറിയുവാൻ കാരണമാകുമെന്നും ഉണ്ണിക്കണ്ണന്റെ ചിത്രങ്ങൾ വരച്ച് ക്ഷേത്രങ്ങൾക്ക് സമ്മാനിക്കുന്ന ജെസ്‌ന കരുതിയില്ല.

ചിത്രങ്ങളിൽ മാത്രം കണ്ണന്റെ രൂപം കണ്ടിരുന്ന ജെസ്‌നയ്ക്ക് കൃഷ്ണവിഗ്രഹം നേരിൽ കാണാനുള്ള ഭാഗ്യം ലഭിച്ചത് ഞായറാഴ്ച കുളനട ഉളനാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെത്തിയപ്പോഴാണ്. മറ്റ് ക്ഷേത്രങ്ങളിൽ സാധിക്കാതിരുന്ന ആഗ്രഹം ഉളനാട്ടിൽ സാധ്യമായതിന്റെ സന്തോഷത്തിലാണ് ജെസ്‌ന. ജീവിതത്തിലാദ്യമായി കൃഷ്ണവിഗ്രഹം നേരിൽ കണ്ടതിന്റെ സന്തോഷവും ആശ്ചര്യവും ജെസ്‌നയുടെ കണ്ണുകളിൽ കാണാമായിരുന്നു. കോഴിക്കോട് കൊയിലാണ്ടി പുളിയിരിക്കുന്നത്ത് സലീമിന്റെ ഭാര്യ ജെസ്‌ന ചിത്രകാരിയല്ല. എന്നാൽ കൃഷ്ണന്റെ പല രൂപത്തിലുള്ള ചിത്രം മാത്രം വളരെ ഭംഗിയായി വരയ്ക്കും.

കണ്ണനുമായുള്ള ബന്ധത്തിനും ജെസ്‌നയ്ക്ക് ഒരു കഥയുണ്ട്. ആറുവർഷം മുമ്പ് പേപ്പറിൽ അവിചാരിതമായി കണ്ട കൃഷ്ണന്റെ ചിത്രം വരച്ചുനോക്കി ഭംഗി തോന്നിയപ്പോൾ അത് വീടിനടുത്തുള്ള നമ്പൂതിരി കുടുംബത്തിലെ വിശേഷത്തിന് സമ്മാനമായി നൽകി. ഇത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ ജെസ്‌ന, കൃഷ്ണന്റെ ചിത്രം വരയ്ക്കുന്ന കലാകാരിയായി. ഗുരുവായൂരിലും മറ്റ് ക്ഷേത്രങ്ങളിലുമെല്ലാം പുറത്തുനിന്ന് ചിത്രം സമർപ്പിച്ച് മടങ്ങുകയായിരുന്നു പതിവ്.

ശ്രീകോവിലിന്റെ നേരെ മുന്നിൽനിന്ന് താൻ വരച്ച ഉണ്ണിക്കണ്ണന്റെ ചിത്രം സമർപ്പിക്കാനായത് ഉളനാട്ടിലെ ഓടക്കുഴലൂതി നിൽക്കുന്ന ഉണ്ണിക്കണ്ണന്റെ മുമ്പിലാണ്. ക്ഷേത്ര ഭാരവാഹികളുടെ ക്ഷണം സ്വീകരിച്ച് ക്ഷേത്രത്തിലെത്തിയ ജെസ്‌ന, കണ്ണൻ വെണ്ണതിന്നുന്ന ചിത്രം നടയിൽ സമർപ്പിച്ചശേഷമാണ് ശ്രീകൃഷ്ണ വിഗ്രഹം കണ്ടത്. വെണ്ണ നിറച്ച ഉറി കണ്ണന് സമർപ്പിച്ചശേഷം മേൽശാന്തി വിഷ്ണുനമ്പൂതിരി നൽകിയ പ്രസാദവും തുളസിമാലയും കദളിപ്പഴവും സ്വീകരിച്ച് ദക്ഷിണയും നൽകി. ക്ഷേത്രഭരണ സമിതി പ്രസിഡന്റ് ഉളനാട് ഹരികുമാർ, സെക്രട്ടറി അജിത് കുമാർ, ട്രഷറർ അനിൽ എന്നിവർ ജെസ്‌നയെ സ്വീകരിച്ചു.

ഇസ്ലാം മത വിശ്വാസിയാണെങ്കിലും കൃഷ്ണ ചിത്രങ്ങൾ വരയ്ക്കുന്നതിൽ ഭർത്താവുൾപ്പെടെ ഭൂരിഭാഗം ആളുകളും തനിക്ക് പിന്തുണയാണ് നൽകുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൻ വരച്ച ചിത്രം സമ്മാനമായി നൽകുകയെന്നതാണ് വലിയ ആഗ്രഹമെന്നും ജെസ്‌ന പറഞ്ഞു.