നോയിഡ: നിശ്ചിത സമയത്തിനുള്ളിൽ നോയിഡ വിമാനത്താവളത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയില്ലെങ്കിൽ കരാർ ഏറ്റെടുത്ത കമ്പനിയിൽ നിന്ന് പിഴയായി ഈടാക്കുക ഭീമൻ തുക. പദ്ധതി വൈകുന്ന ഓരോ ദിവസവും 10 ലക്ഷം രൂപയാണ് പിഴ ചുമത്തുക. 2024 സെപ്റ്റംബർ 29നാണ് പണി പൂർത്തിയാക്കാനുള്ള തീയതി നിശ്ചയിച്ചിരിക്കുന്നത്.

ഈ സമയത്തിനുള്ളിൽ കരാർ കമ്പനി നിർമ്മാണം പൂർത്തിയാക്കിയില്ലെങ്കിൽ വൈകുന്ന ഓരോ ദിവസവും കെട്ടിവച്ച ബാങ്ക് ഗ്യാരന്റിയുടെ 0.1 ശതമാനം നൽകാൻ കമ്പനി ബാധ്യസ്ഥരാകുമെന്ന് കരാറിൽ പറയുന്നു. കരാറുകാരായ സൂറിച്ച് എജിയും യുപി സർക്കാരും തമ്മിൽ ഇതുസംബന്ധിച്ച കരാറിൽ ഒപ്പിട്ടു.

കരാറുകാരായ സൂറിച്ച് എജിയും യുപി സർക്കാരും ഒപ്പുവെച്ച അന്തിമ കരാറിൽ വ്യവസ്ഥയുണ്ടെന്ന് അധികൃതർ അറിയിച്ചു. ബാങ്ക് ഗ്യാരണ്ടിയായി സൂറിച്ച് എജി 100 കോടി രൂപയാണ് നിക്ഷേപിച്ചിരിക്കുന്നത്. അതായത് ഏതെങ്കിലും കാരണത്താൽ പദ്ധതി 2024 സെപ്തംമ്പർ 29ന് പൂർത്തീകരിക്കാനാകാത്ത സാഹചര്യമുണ്ടായാൽ, 100 കോടി രൂപയുടെ 0.1 ശതമാനമായ 10 ലക്ഷം രൂപ പ്രതിദിനം കമ്പനി പിഴയൊടുക്കേണ്ടി വരും.

സൂറിച്ച് എജിയുടെ അനുബന്ധ സ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡിനാണ് വിമാനത്താവളത്തിന്റെ നിർമ്മാണ ചുമതല. ടെർമിനൽ കെട്ടിടം, മെട്രോയ്ക്കും അതിവേഗ റെയിലിനുമുള്ള സ്റ്റേഷനുകൾ, എയർ ട്രാഫിക് കൺട്രോൾ ടവർ, കാർഗോ ആൻഡ് ലോജിസ്റ്റിക് സെന്റർ, 186 എയർക്രാഫ്റ്റ് സ്റ്റാൻഡുകൾ, ഹോട്ടലുകൾ എന്നിങ്ങനെ പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ നിർമ്മാണങ്ങൾ പൂർത്തിയാക്കുന്നതിന്റെ സമയക്രമം അടങ്ങുന്ന ഒരു പ്ലാൻ ഡിസംബർ 15-നകം യമുന ഇന്റർനാഷനൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡ് സർക്കാരിന് സമർപ്പിക്കുമെന്നാണ് കരുതുന്നത്.